X

ഭക്ഷണത്തില്‍ മാരക വിഷമുള്ള കൂണ്‍ നല്‍കി, ഭര്‍തൃ മാതാപിതാക്കള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു; 49കാരി അറസ്റ്റില്‍

ഭക്ഷണത്തില്‍ മാരക വിഷമുള്ള കൂണ്‍ ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് 3 പേര്‍ക്ക് ജീവന്‍ നഷ്ടമായ കേസില്‍ ഓസ്‌ട്രേലിയന്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 49 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ ആണ് അറസ്റ്റിലായത്.

മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയോഗാതയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടെക്‌നോളജി ഡിറ്റക്ഷന്‍ ഡോഗ്‌സിന്റെ സഹായത്തോടെ എറിന്റെ വീട്ടില്‍ പരിശോധന ആരംഭിച്ചുവെന്നും തെളിവായി യുഎസ്ബികളും മറ്റും കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ബീഫ് വെല്ലിങ്ടണ്‍ ഡിഷ് എന്ന നിലയില്‍ താന്‍ ഭക്ഷണം പാകം ചെയ്ത് വിളമ്പുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. ജൂലൈ മാസം നടന്ന ഈ സംഭവത്തില്‍ എറിന്‍ തന്റെ ഭര്‍തൃ മാതാപിതാക്കളായ ഡോണ്‍ പാറ്റെഴ്‌സനും ഗെയില്‍ പാറ്റെഴ്‌സനും പാസ്റ്ററായ ഇയാന്‍ വില്കിന്‍സണും അദ്ദേഹത്തിന്റെ ഭാര്യ ഹെതറിനുമാണ് ഭക്ഷണം നല്‍കിയത്.

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ 4 പേരെയും അന്നു രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചക്കുള്ളില്‍ വൈദികന്‍ ഒഴികെ മറ്റ് മൂന്ന് പേരും മരിച്ചു.

കൊടും വിഷമുള്ള കൂണുകള്‍ ഭക്ഷണത്തില്‍ ഉപയോഗിച്ചതാണ് മരണ കാരണം എന്നാണ് കണ്ടെത്തല്‍. പരിശോധന പൂര്‍ത്തിയായാല്‍ ഉടന്‍ കൊലപാതക കേസുകള്‍ അന്വേഷിക്കുന്ന സംഘം എറിനെ ചോദ്യം ചെയ്യാന്‍ തുടങ്ങുമെന്ന് പോലീസ് മേധാവി ഡീന്‍ തോമസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് സങ്കീര്‍ണമായ ഒരു കേസിന് പിന്നാലെയുള്ള ദീര്‍ഘ നാളത്തെ അന്വേഷണത്തിന്റെ ഫലമാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാന്‍ ഉണ്ടെന്നും ഡീന്‍ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ഒരു കേസായി ഇത് മാറി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഈ 3 പേരുടെയും മരണം ഏവരുടെയും ഹൃദയത്തെ എല്ലാ കാലവും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷമുള്ള കൂണുകളുടെ വിവിധ സ്പീഷീസുകള്‍ രാജ്യത്ത് ഉണ്ടെങ്കിലും, കൂണ്‍ കഴിച്ചതുമൂലമുള്ള മരണം ഇവിടെ അപൂര്‍വ്വമാണ്.

ഡെത്ത് ക്യാപ് വിഭാഗത്തില്‍പ്പെടുന്ന കൂണുകളാണ് ഇത്തരം മരണങ്ങള്‍ക്ക് കാരണമാവുക. ഓസ്‌ട്രേലിയയിലെ പല സ്ഥലങ്ങളിലും ഇത്തരം കൂണുകള്‍ കാണപ്പെടാറുണ്ട്. മറ്റ് കൂണുകളെ അപേക്ഷിച്ച് മധുരം കൂടുതലാണ് എങ്കിലും ഉഗ്ര വിഷം അടങ്ങിയവയാണിവ.

കഴിക്കുന്നയാളുടെ കരളിനെയും വൃക്കയെയും നേരിട്ട് ബാധിക്കുകയും അതുവഴി മരണത്തിലേക്ക് നയിക്കാന്‍ ഇത്തരം കൂണുകള്‍ക്ക് കഴിയും. ഭക്ഷണം കഴിച്ച 4 പേരില്‍ 69 കാരനായ വെല്ലിന്‍സണ്‍ മാത്രമാണ് 2 മാസത്തോളം ആശുപത്രി കിടക്കയില്‍ മരണത്തോട് പോരാടി രക്ഷപെട്ടത്. സെപ്റ്റംബര്‍ 23 ന് അദ്ദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. ഒക്ടോബറില്‍ തന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

കമ്മ്യൂണിറ്റി ന്യൂസ് ലെറ്റര്‍ എഡിറ്ററായ പാറ്റെഴ്‌സന്‍ ആദ്യം മുതല്‍ക്കേ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഈ കൂണുകള്‍ ഒരു കടയില്‍ നിന്നും വിഷമുള്ളതാണ് എന്നറിയാതെ വാങ്ങിയതാണെന്നുമാണ് പാറ്റെഴ്‌സന്‍ പറയുന്നത്.’ എന്റെ പ്രീയപ്പെട്ടവരുടെ മരണത്തില്‍ എനിക്ക് അതീവ ദുഃഖമുണ്ട്, അവരെ കൊല്ലണമെന്നോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കണമെന്നോ എനിക്ക് യാതൊരു വിധ ഉദ്ദേശവും ഉണ്ടായിരുന്നില്ല ‘ പൊലീസിന് നല്‍കിയ മൊഴിയില്‍ പാറ്റെഴ്‌സന്‍ പറഞ്ഞു.

webdesk13: