ഭോപാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ബേതൂള്‍ ജില്ലയിലെ നവലസിന്‍ഹ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റി നടക്കുന്നുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം തടികളും മറ്റും ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തിയിരുന്നു. ഈ സമയത്താണ് ഷാഹ്പൂരില്‍ നിന്നും കേസിയയിലേക്കു പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കാളായ ധര്‍മേന്ദ്ര ശുക്ല, ധര്‍മ്മു സിങ് ലാഞ്ജിവാര്‍, ആദിവാസി നേതാവ് ലളിത് ബരസ്‌കര്‍ എന്നിവര്‍ ഇതുവഴി വന്നത്. റോഡ് തടസ്സപ്പെടുത്തി കവര്‍ച്ചക്കാര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതി ഇവര്‍ വാഹനം തിരിച്ചു. ഇത് കണ്ട ഗ്രാമീണര്‍ തങ്ങളെ ഭയന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ തിരിച്ച് പോകുകയാണെന്ന് തെറ്റിദ്ധരിച്ച് ഇവരുടെ പിന്നാലെ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്ന് വാഹനം എറിഞ്ഞ് തകര്‍ക്കുകയും കാറിലുണ്ടായിരുന്ന നേതാക്കളെ പുറത്തേക്കിറക്കി പൊതിരെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിന്നും ഒടുവില്‍ ഒരുവിധം രക്ഷപ്പെട്ട നേതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ അക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. ദിലീപ് ബര്‍കദെ, നാഥു ബര്‍കദെ, മുക്തേശ്വര്‍, മനീഷ്, ദിനേശ് വിശ്വകര്‍മ എന്നിവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന് ആരോപിച്ചുള്ള പത്തിലധികം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ചയില്‍ മധ്യപ്രദേശില്‍ ഉണ്ടായത്.