തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസീന്റെ മൂന്നരക്കോടി രൂപയുടെ കടം തീര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കള്ളക്കടത്തുകാരുടെ ഒരു രൂപ പോലും സ്വീകരിച്ചില്ലെന്നും സുധാകരന്‍ ഫെയസ്ബുക്കില്‍ കുറിച്ചു. ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ തുടങ്ങിയ സ്ഥാപനമാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പഠനവും പ്രവര്‍ത്തന പരിശീലനവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപനം നിര്‍മിച്ചത്. സുധാകരന്‍ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത നാളില്‍ ഏതാണ്ട് 3.5 കോടിയുടെ ബാധ്യത സ്ഥാപനത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചും തുടര്‍ന്ന് ഈ വര്‍ഷത്തെ 138 രൂപ ചലഞ്ചിലൂടെ പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുകയും ഇന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിനെ ഒരു രൂപപോലും സാമ്പത്തിക ബാധ്യതയില്ലാത്ത സ്ഥാപനമാക്കാന്‍ സഹായിച്ചതായും സുധാകരന്‍ പറഞ്ഞു.
കോര്‍പ്പറേറ്റ് ഭീമന്‍മാരുടെയോ കള്ളക്കടത്തുകാരുടെയോ ഒരു രൂപപോലും സഹായമില്ലാതെ ഇത് സാധ്യമായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒത്തൊരുമയും ആത്മസമര്‍പ്പണവും സഹായവും കൊണ്ടാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.