മലപ്പുറം: നിലവിലെ ചാമ്പ്യന്മാര്‍ എന്ന പോരിശയുമായി സന്തോഷ് ട്രോഫി മത്സരത്തിനിറങ്ങുന്ന കേരളത്തിന് കരുത്താകാന്‍ മലപ്പുറത്തിന്റെ നാലു ചുണക്കുട്ടികള്‍. അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍), അബ്ദുറഹീം കെ.കെ (മധ്യനിര), മുഹമ്മദ് സാലിം.യു (പ്രതിരോധം), അമീന്‍.കെ (പ്രതിരോധം) എന്നിവരാണ് മലപ്പുറത്തുനിന്നും 22 അംഗ സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ മഞ്ചേരിയിലും കോട്ടപ്പടിയിലുമായി നടന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന ജില്ലക്കാരാരും ഇത്തവണ ടീമില്‍ ഇല്ല. നാലു പേരും പുതുമുഖങ്ങളാണ്.
അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍)
ഗോകുലം കേരളയോടൊപ്പം ഐ ലീഗ് ചാമ്പ്യനാണ് ചേലേമ്പ്ര സ്വദേശി അജ്മല്‍. 2016-17 വര്‍ഷത്തെ അഖിലേന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും അംഗമായി. കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ കാവല്‍കാരനാണ്. എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലേമ്പ്രയിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. സുബ്രതോ കപ്പ് റണ്ണേഴ്സ്അപ്പായ മലപ്പുറം എംഎസ്പി സ്‌കൂള്‍ ടീമിലും അംഗമായിരുന്നു. ഫാറൂഖ് കോളെജില്‍ നിന്നാണ് യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടുന്നത്. അണ്ടര്‍-23 ഇന്ത്യന്‍ ദേശീയ ടീം ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ണാന്‍തൊടി അബ്ദുറഹിമാന്‍ ആണ് ഉപ്പ. ഉമ്മ: ജാസ്മിന്‍. ആദില്‍, അദിനാന്‍, ഹസ്ന എന്നിവര്‍ സഹോദരങ്ങളാണ്.
അബ്ദുറഹിം .കെ.കെ (മധ്യനിര താരം)
കാടാമ്പുഴ എസി നിരപ്പ് സ്വദേശിയായ അബ്ദുറഹിം മികച്ച പ്രതിരോധ താരമാണ്. എഫ്.സി കല്‍പകഞ്ചേരിയിലൂടെ കളിച്ചുവളര്‍ന്ന അബ്ദുറഹീം നിലവില്‍ കേരള പ്രീമിയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ താരമാണ്. ശ്രീകൃഷ്ണ കോളെജില്‍ പഠന സമയത്ത് ബാഡ്മിന്റണില്‍ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. ജില്ലാ സീനിയര്‍ മത്സരങ്ങളില്‍ കോഴിക്കോടിനും മലപ്പുറത്തിനുമായി ബൂട്ടുകെട്ടിയിട്ടുണ്ട്. പി.ജി പൂക്കാട്ടിരി സഫ കോളെജിലായിരുന്നു. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് കാമ്പുകളിലുണ്ടായിരുന്നു. കല്ലന്‍ ഉമ്മറിന്റെയും ആസ്യയുടെയും മകനാണ്. ഷമീര്‍, സുഹൈല്‍, സുമയ്യ എന്നിവര്‍ സഹോദരങ്ങളാണ്.
മുഹമ്മദ് സാലിം.യു (പ്രതിരോധ താരം)
കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കായി ഗസ്റ്റ് കളിക്കുന്ന പ്രതിരോധ താരമായ സാലിം കഴിഞ്ഞ തവണ ഗോകുലം കേരളക്കും ബൂട്ടുകെട്ടിയിട്ടുണ്ട്. വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശിയാണ്. അണ്ടര്‍ 19 മുന്‍ കേരള താരമായ സാലിം അഖിലേവന്ത്യാ യൂണിവേഴ്സിറ്റി മൂന്നാംസ്ഥാനം നേടിയ എം.ജി യൂണിവേഴ്സിറ്റി താരമായിരുന്നു. എം.ഇ.എസ് ഇരിമ്പിളത്തിനായി കളിച്ചു തുടങ്ങിയ സാലിം ബസേലിയസ് കോട്ടയത്തിനായി കളിച്ചാണ് എം.ജി യൂണിവേഴ്സിറ്റി ടീമില്‍ അംഗമാകുന്നത്. ഫറൂഖ് കോളെജിലായിരുന്നു പി.ജി പഠനം. ഖേലോ ഇന്ത്യ ചാമ്പ്യനാണ്. ഉണ്ണിയേങ്ങല്‍ മുഹമ്മദ് നാസറാണ് ഉപ്പ. ഉമ്മ മൈമൂനത്ത്. സഹോദരങ്ങള്‍: മുഹമ്മദ് നിയാസ്, മുഹ്സിന, മുഹമ്മദ് നവാസ്, മുര്‍ഷിദ.
അമീന്‍.കെ (പ്രതിരോധ താരം)
കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ താരമായ അമീന്‍ പ്രതിരോധത്തിലെ വന്‍മതിലാണ്. സംസ്ഥാന ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമില്‍ അംഗമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രതിരോധ താരത്തിനുള്ള പട്ടം കരസ്ഥമാക്കിയ അമീന്‍ മമ്പാട് എം.ഇ.എസ് കോളെജിനൊപ്പം ഇന്റര്‍സോണ്‍ ചാമ്പ്യനായിട്ടുണ്ട്. നെല്ലിക്കുത്ത് ജി.എച്ച്.എസ്.എസിലൂടെ വളര്‍ന്ന അജ്മല്‍ മഞ്ചേരി നെല്ലക്കുത്ത് കോട്ടക്കുന്ന് അബ്ദുല്‍ സലാമിന്റെ മകനാണ്. ഫൗസിയയാണ് ഉമ്മ. ഫര്‍സാന, അജ്മല്‍ സഹോദരങ്ങളാണ്.