X

പാണക്കാട്ടെ മുത്ത് വീണ്ടും അമരത്തെത്തുമ്പോള്‍

കെ.പി ജലീല്‍

പാണക്കാട് കുടുംബത്തില്‍നിന്ന് ഇതാ വീണ്ടും മുസ്്‌ലിം ലീഗിന്റെ അമരത്തേക്കൊരു മുത്ത് ഇറങ്ങിവന്നിരിക്കുന്നു. കേരളീയസാംസ്‌കാരികമതരംഗത്തെ നിറസാന്നിധ്യവും മുസ്്‌ലിം ലീഗിന്റെ അമരക്കാരനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇത് ആദ്യമായാണ് പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള സമിതിയുടെ സാരഥ്യമേറ്റെടുക്കുന്നത്.സഹോദരന്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വേര്‍പാടിനെതുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനാണ് സാദിഖലി തങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നുമുതല്‍ പാര്‍ട്ടിയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വിവിധ സമൂഹങ്ങളുമായി അടുത്തിടപഴകുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. വെറും പത്തുമാസത്തിനകം പാര്‍ട്ടിയുടെ വേരുകള്‍കൂടുതല്‍ ജനങ്ങളിലേക്ക് പടര്‍ത്തുന്നതില്‍ തങ്ങളുടെ നേതൃപാടവം അനന്യമായിരുന്നു. തങ്ങളുടെ സൗഹാര്‍ദയാത്രതന്നെയാണ് അദ്ദേഹത്തിലെ മഹാമനീഷിയെ പുറത്തെടുത്തത്. പല സമുദായനേതാക്കളുമായും രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം തന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

പാണക്കാട് കുടുംബത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ശരീരചേഷ്ടകളും തീരുമാനങ്ങളും തന്നെയാണ് തങ്ങളില്‍നിന്നുണ്ടായത്. കേരളത്തിലും പുറത്തും അദ്ദേഹത്തിന്റെ സൗഹാര്‍ദസംഗമങ്ങള്‍ പാര്‍ട്ടിക്ക് കരുത്തായി.

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ആറുമക്കളില്‍ അഞ്ചാമനായാണ് പിറന്നത്. പിതാവിന്റെയും ജ്യേഷ്ഠന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും പാണക്കാട് ഉമറലി തങ്ങളുടെയും തൊട്ടടുത്ത സഹോദരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും പന്ഥാവ് തന്നെയാണ് സാദിഖലിയും പിന്തുടരുന്നത്. മന്ദഹാസമായിരുന്നു അതിന്റെ മുഖമുദ്ര. വിവിധ സമുദായങ്ങളുടെ മുറ്റത്ത് കസേരയിട്ടിരിക്കാനും അവരുടെ വിരുന്നുകളില്‍ പങ്കുകൊള്ളാനും സാദിഖലിതങ്ങള്‍ക്കും കഴിയുന്നത് അതുകൊണ്ടാണ്. പ്രസിഡന്റ് പദവി പോലെതന്നെയാണ് ദേശീയതലത്തിലെ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ പദവിയും തങ്ങള്‍ ചുമലിലേറ്റിയിരിക്കുന്നത്. സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.

മുസ്്‌ലിംലീഗിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം ചെന്നൈയില്‍ വന്‍വിജയമാക്കിയതിലും വരും നാളുകളില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കുന്നതിലും സാദിഖലിതങ്ങളുടെ തീരുമാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമസ്തയുടെ വാഫിവിഭാഗം തലവനും എസ്.വൈ.എസ് അധ്യക്ഷനും കൂടിയായ സാദിഖലി തങ്ങള്‍ സമുദായത്തിലെ പ്രശ്‌നങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും വിജയം വരിച്ചശേഷമാണ് വീണ്ടും പാര്‍ട്ടിയുടെ അമരത്തെത്തിയിരിക്കുന്നത്. ”എല്ലാവരുടെയും എല്ലാം എപ്പോഴും വേണ”മെന്ന തങ്ങളുടെ കുറിപ്പ് തന്നെയാണ് വരുംകാലത്തെ സാദിഖലിതങ്ങളെ രേഖപ്പെടുത്തുക . വലിയൊരു പാരമ്പര്യവും ജനലക്ഷങ്ങളുടെ പിന്തുണയും തേട്ടവും തന്നെയാണ് ഈ അമരത്ത് പാണക്കാട്ടെ പുതിയമുത്തിനും ബലമാകുക എന്നതില്‍സംശയമില്ല. വലിയ പ്രതീക്ഷകള്‍ രാഷ്ട്രീയസാംസ്‌കാരികകൈരളി കാത്തുവെക്കുന്നതും തങ്ങളിലെ ഈ എളിമയും മെയ് വഴക്കവും കൊണ്ടുതന്നെയാണ്. പ്രായം അമ്പത്തെട്ടുമാത്രമാണെന്നതും ഭാവി ഈ കരങ്ങളില്‍ ഭദ്രമാണെന്ന് വിളിച്ചോതുന്നു. ആയിരത്തോളം മഹല്ലുകളുടെ കാരണവസ്ഥാനവും തങ്ങളിലെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്.

Chandrika Web: