കെ.പി ജലീല്‍
കോവിഡ് തരംഗം മൂന്നാമതും എത്തിയെന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ വ്യാപാരമേഖലയും വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നവരും ആശങ്കയില്‍. ടൂറിസത്തിന്റെ മൂര്‍ത്തകാലമായ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് കോവിഡ് ഭീതി പരത്തി വീണ്ടുമെത്തിയിരിക്കുന്നത്. ചൈനയിലെ ബിഎഫ് -7 ഇനത്തില്‍പെട്ട വൈറസ് രാജ്യത്തെത്തിയതായി സ്ഥിരീകരിച്ചതോടെ വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയുടെ ജിഡിപി 21 ശതമാനം വരെ താഴ്ന്നിരുന്നു. കുതിപ്പ് പ്രതീക്ഷിച്ച സ്ഥാനത്താണിപ്പോഴത്തെ ആശങ്കകള്‍.
വ്യാപാര മേഖല പൊതുവെ മാന്ദ്യത്തിലാണ്. ചരക്കുസേവനനികുതി 28 ശതമാനം ആയതോടെ വന്‍വിലക്കുതിപ്പാണ് നിലവില്‍ നേരിടുന്നത്. ഇതിന് പുറമെയാണ് കോവിഡ് കൂടി വരുന്നത്. നിര്‍മാണമേഖലയും മറ്റും നിലച്ചാല്‍ അത് ഈ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കും. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സമയം വേണമെന്നാണ് അവരുടെ പക്ഷം. വിവാഹം, സമ്മേളനങ്ങള്‍ എന്നിവ മാറ്റിവെക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം മാന്ദ്യം ഇനിയും താങ്ങാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മാന്ദ്യം നേരത്തെതന്നെയുണ്ടെന്നും അതിന് ഇത് ആക്കംകൂട്ടുകയേ ഉള്ളൂവെന്നും പെരിന്തല്‍മണ്ണയിലെ ഒലിവ് ഡിസ്‌പ്ലെയ്‌സ് എം.ഡി. ആസിഫ് കാസിം അറിയിച്ചു. ആളുകള്‍ കൂട്ടത്തോടെ വിദേശത്തുനിന്നും മറ്റും മടങ്ങിവരുന്നത് ഇനിയും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.
വിദേശടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇതിനകം പലരില്‍നിന്നും തുക ഈടാക്കിയാത്രക്കുള്ള ഒരുക്കത്തിലാണ്. എന്നാല്‍ പലരും ബുക്ക് ചെയ്തത് കാന്‍സല്‍ചെയ്യാനാവശ്യപ്പെടുകയാണെന്ന് ടൂര്‍ഓപ്പറേറ്റര്‍മാര്‍ പറയുന്നു. വിദേശയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ഇന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതലാളുകളും യാത്ര റദ്ദാക്കിയാലത് ടൂറിസത്തെ ബാധിക്കും. കോവിഡ് രണ്ടാംതരംഗം കഴിഞ്ഞ് പതുക്കെ വിപണി തിരിച്ചുവരുന്ന സമയത്താണിത്. പുതുവര്‍ഷത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവരെയും കോവിഡ് ഭീതി അലട്ടുകയാണ്. പുതുവര്‍ഷം പ്രമാണിച്ച് കോടികള്‍ കൊയ്യാന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുത്തുനില്‍ക്കേയാണിത്. കോവിഡ് മാനദണ്ഡം പാലിക്കാനായി അടച്ചിടല്‍ പഴയതുപോലെ വേണ്ടിവരില്ലെന്നാണ ്പലരും കരുതുന്നതെങ്കിലും വലിയതോതില്‍ വ്യാപിച്ചാല്‍ അതിലേക്ക് നീങ്ങേണ്ടിവരും. കണ്ടെയ്‌മെന്റ് സോണുകള്‍ ക്രമീകരിക്കാനും പ്രത്യേക കോവിഡ് ആശുപത്രികള്‍ സംവിധാനിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അതേസമയം നിലവിലെ സര്‍ക്കാരുകളെ സംബന്ധിച്ച് മറ്റുപല വിഷയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനും പദ്ധതികള്‍ ഇഷ്ടം പോലെ നടപ്പാക്കാനും കോവിഡ് ഭീതി ഉപകരിക്കുമെന്ന സവിശേഷതയുമുണ്ട്.