സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ നിന്നും ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഒരു കാര്യം വ്യക്തമായി പഠിച്ചിരിക്കുന്നു- പരമ്പരാഗത ശൈലി കൈവിടണം. പുതിയ കാലത്തിന്റെ മുദ്രാവാക്യവുമായി ആക്രമിക്കണം. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 50 റണ്‍സിന് ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടിനെ തറപറ്റിച്ചത് ആദ്യാവസാന ആക്രമണത്തിലായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ആദ്യാവസാന ആക്രമണത്തില്‍ 198 റണ്‍സ്. ബൗള്‍ ചെയ്തപ്പോള്‍ അതേ ആക്രമണം. 19.3 ഓവറില്‍ ഇംഗ്ലണ്ടിനെ 148 റണ്‍സിന് പുറത്താക്കി.
ഇംഗ്ലീഷ് സാഹചര്യത്തില്‍ ആദ്യ ബാറ്റിംഗാണ് ഭദ്രം. സാമാന്യം സ്‌ക്കോര്‍ ചെയ്താല്‍ ബൗളിംഗ് മികവില്‍ പ്രതിയോഗികളെ വീഴ്ത്താനാവും. സാധാരണ ഇന്ത്യന്‍ സമീപനം പവര്‍ പ്ലേ ഘട്ടത്തില്‍ ആക്രമിക്കുക, മധ്യ ഓവറുകളില്‍ പ്രതിരോധിക്കുക, അവസാനത്തില്‍ കടന്നാക്രമണം നടത്തുക എന്നതായിരുന്നു.
എന്നാല്‍ ഇന്നലെ രോഹിത് ശര്‍മയില്‍ നിന്നായിരുന്നു ആക്രമണം ആരംഭിച്ചത്. മൂന്നാം ഓവറില്‍ അദ്ദേഹം പുറത്തായപ്പോഴെത്തിയ ദീപക് ഹുദ പതിവ് ശൈലിയില്‍ അതിവേഗം 17 പന്തില്‍ 33 ലെത്തി. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷന്‍ (8) മടങ്ങിയപ്പോള്‍ വന്ന സൂര്യകുമാര്‍ യാദവും ( 19 പന്തില്‍ 39 റണ്‍സ്) ഗംഭീരമായ വേഗതയില്‍ കളിച്ചു. 89 ല്‍ ഹുദയും 126 ല്‍ സുര്യകുമാറും പുറത്തായിട്ടും ഹാര്‍ദിക് പാണ്ഡ്യ പ്രതിരോധ വഴിയ തേടിയില്ല. 33 പന്തില്‍ 51 റണ്‍സ് അദ്ദേഹം സ്‌ക്കോര്‍ ചെയ്യുന്നു. 198 ലെത്തിയതിന് ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ (0) ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍ പുറത്താക്കുന്നു. പിന്നെ നിലയുറപ്പിക്കാന്‍ ആര്‍ക്കും അവസരം നല്‍കിയില്ല. അര്‍ഷദിപ് സിംഗ് കന്നി മല്‍സരത്തിന്റെ സമ്മര്‍ദ്ദം പ്രകടിപ്പിച്ചില്ല. ആദ്യ ഓവര്‍ തന്നെ മെയ്ഡന്‍. രാജകീയമായ ടി-20 അരങ്ങേറ്റം. ഹാര്‍ദിക് പാണ്ഡ്യക്ക് നേരത്തെ പന്തെറിയാന്‍ അവസരം നല്‍കുന്നു. ആദ്യ സ്‌പെല്ലില്‍ തന്നെ മൂന്ന് വിക്കറ്റ്. ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇതേ സമീപനമാവണം പിന്തുടരേണ്ടത്. ഇന്നാണ് രണ്ടാം മല്‍സരം. രാത്രി ഏഴ് മുതല്‍.