X
    Categories: NewsSports

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Chandrika Web: