X

യുപിയിൽ 2-ാം ക്ലാസുകാരനെ ബലി കൊടുത്തെന്ന് ആരോപണം; മൂന്ന് അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ‘ബലി കൊടുത്തെന്ന്’ സംശയം. കുട്ടിയെ നേരത്തെ സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹാഥ്‍റസില്‍ സെപ്തംബർ 22ന് ഹോസ്റ്റൽ മുറിയിൽ വച്ച് മൂന്ന് പേർ ചേർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ബാഗേലിന്‍റെ പിതാവ് യശോധൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിംഗ്, വീർപാൽ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി ഹാഥ്റസ് എസ്പി നിപുൺ അഗർവാൾ പറഞ്ഞു.

രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയം കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് ലഭ്യമായ വിവരം. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ കൊല്ലാനായിരുന്നത്രെ പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടിയെ പുറത്തിറക്കിയപ്പൾ തന്നെ കുട്ടി കരയുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് വിവരം. സ്കൂളിൽ നിന്ന് ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു.

സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരബലി നടത്തിയത്. ബാഗേലിൻ്റെ പിതാവ് മന്ത്രവാദത്തിലും താന്ത്രിക ആചാരങ്ങളിലും വിശ്വസിച്ചിരുന്നുവെന്നും കുട്ടിയെ ബലിയർപ്പിക്കുന്നത് വിജയവും പ്രശസ്തിയും നൽകുമെന്നും കരുതിയിരുന്നു. 600 ഓളം വിദ്യാര്‍ഥികള്‍ ഡിഎല്‍ പബ്ലിക് സ്കൂളില്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഹോസ്റ്റലിലുള്ളത്. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കൃഷൻ കുശ്വാഹയുടെ മകനാണ് കൊല്ലപ്പെട്ട വിദ്യാർഥി.

webdesk14: