X
    Categories: keralaNews

എക്‌സ്‌ക്ലൂസീവ്- പൊലീസിലും വന്‍തോതില്‍ പാര്‍ട്ടിനിയമനം; നിയമിച്ചത് 600 ഓളം പേരെ

കെ.പി ജലീല്‍

രണ്ടാം തുടര്‍ഭരണകാലത്ത് എല്ലാ വകുപ്പുകളിലും സര്‍വകലാശാലകളിലുമെന്നതുപോലെ പൊലീസ് സേനയിലും അനധികൃതനിയമനം. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയത് 600 ഓളം ഒഴിവുകളില്‍. പൊലീസിലെ ക്യാമ്പ് ഫോളോവേഴ്‌സിനെയാണ് ഇത്തരത്തില്‍ വഴിവിട്ട് നിയമിച്ചത്. എല്ലാവരും സി.പി.എം സഹയാത്രികരോ പാര്‍ട്ടിപ്രവര്‍ത്തകരോ ആണെന്നതിന് പുറമെ പൊലീസുദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും സമാനമായി നിയമനം നല്‍കി.
പൊലീസ് സേനയിലെ സായുധക്യാമ്പുകളോടനുബന്ധിച്ച് ജോലിചെയ്യുന്ന ക്യാമ്പ് ഫോളോവേഴ് എന്നറിയപ്പെടുന്നവരെയാണ് പിണറായിസര്‍ക്കാര്‍ പാര്‍ട്ടിക്കാരുടെ ശുപാര്‍ശയില്‍ കൂട്ടത്തോടെ നിയമിച്ചത്. ഇവരെ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കളയിലും മറ്റും ജോലിചെയ്യിക്കുന്നതായും പരാതിയുണ്ട്.
പി.എസ്.സി വഴി നിയമനം നടത്താന്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അത് അട്ടത്തുവെച്ചാണ് ഈ കൂട്ടനിയമനം. വിവിധ പൊലീസ് ക്യാമ്പുകളിലായി ജോലിചെയ്യുന്നവരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുള്‍പ്പെടെയുണ്ട്. തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ ‘ചന്ദ്രിക ഓണ്‍ലൈനി’്‌നോട് പറഞ്ഞു.

അക്കാദമിയില്‍ ജോലി ചെയ്തിരുന്ന എസ്.ഐയുടെ ഭാര്യയെ സി.എഫ ്തസ്തികയില്‍ നിയമിച്ചെങ്കിലുെ ഇവര്‍ ജോലിക്ക് വരാറേയില്ല. കോവിഡ് കാലത്ത് ഇവര്‍ ജോലിചെയ്തതായി രേഖയുണ്ടാക്കി പണം തട്ടിയതായും ആരോപണമുണ്ട്. അക്കാദമിയിലെ പൊലീസ് ഉന്നതഉദ്യോഗസ്ഥരുടെ മക്കള്‍ക്കായുള്ള ക്രഷില്‍ സഹായിയായാണ് എസ്.ഐയുടെ ഭാര്യയെ നിയമിച്ചത്. ഇവരും ഇപ്പോള്‍ ശമ്പളം വാങ്ങുന്നുണ്ട്.

കാലങ്ങളായി ക്യാമ്പ് ഫോളോവേഴ്‌സിനെ നിയമിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരുന്നെങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി തോന്നിയപോലെ ഇഷ്ടക്കാരെ നിയമിക്കുകയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിച്ചവര്‍ കോടതിയില്‍പോയി സ്ഥിരം നിയമനം നേടിയതിനാലാണ ്ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 675 രൂപയാണ് ഇവര്‍ക്കുള്ള പ്രതിദിനവേതനം. ഇവരാകട്ടെ പിരിഞ്ഞുപോകുന്ന പതിവില്ല. ഓരോ മാസം കഴിയുമ്പോഴും പുതിയരേഖയുണ്ടാക്കി ജോലിയില്‍ തുടരുകയാണ്. സംവരണം പോയിട്ട് കക്ഷിരാഷ്ട്രീയഭേദമെന്യേ നിയമിക്കാന്‍ പോലും സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. പൊലീസുദ്യോഗസ്ഥര്‍ക്ക് സി.പി.എം ജില്ലാകമ്മിറ്റിയില്‍നിന്ന് പട്ടികനല്‍കിയാണ് നിയമനം. അത്യാവശ്യഘട്ടങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ നിയമിക്കുന്നത്.

Chandrika Web: