കരിപ്പൂരിൽ നടന്നുവരുന്ന റീ കാർപ്പറ്റിങ്ങ് പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളെയോ വിശേഷിച്ചും വരാനിരിക്കുന്ന ഹജ്ജ് ഫ്ലൈറ്റ് സർവ്വീസിനെയോ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ഉറപ്പു നൽകിയതായി വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി അറിയിച്ചു.ഇപ്പോൾ നടന്നുവരുന്ന വിമാന സർവ്വീസുകൾ തുടരുന്നതിനോ ഹജ്ജ് സർവീസ് തുടങ്ങുന്നതിനോ വിമാനത്താവളത്തിൽ ഒരു തടസ്സമോ അസൗകര്യമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റീ കാർപ്പറ്റിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത സംബന്ധിയായുള്ള അനുമതി ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളെത്തുടർന്നുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവ്വിഷയകമായി സമദാനി എയർപോർട്ട് ഡയറക്ടറുമായി ചർച്ച ചെയ്തു. ക്വാറി സമരം കാരണം സ്തംഭിച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ സമരം ഒത്തുതീർന്നതിന് തൊട്ടുപിറകെ പുനരാരംഭിച്ചതായും ഡയറക്ടർ പറഞ്ഞു. പരിസ്ഥിതികാഘാത സംബന്ധിയായ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഔദ്യോഗികതലത്തിൽ ഊർജ്ജിതമായി തന്നെ നടന്നുവരുന്നുണ്ട്. ആ പ്രശ്നത്തിനും ഉടൻ പരിഹാരമുണ്ടാകുമെന്ന് ഡയറക്ടർ വിശദമാക്കി. പ്രസ്തുത അനുമതി ലഭ്യമാക്കാൻ വേണ്ടതായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.