X
    Categories: indiaNews

ദേശീയതലത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് പ്രൊഫ. ഖാദര്‍ മൊയ്തീന്‍

ചെന്നൈ: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ മതേതരസഖ്യത്തിനാണ് പ്രസക്തിയെന്നും മറ്റ് കക്ഷികളുടെ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി മുസ്‌ലിം ലീഗും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികളുടെ ഐക്യത്തിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതില്‍ അംഗമാണ്.കൂടുതല്‍ കക്ഷികള്‍ വൈകാതെ അണിചേരും. തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്ത് പാര്‍ട്ടി ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിലവില്‍ 33 ശതമാനം വോട്ടിന്റെ ബലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ 67 ശതമാനം ജനങ്ങളുടെ പിന്തുണ മറുപക്ഷത്തിനുണ്ട്. മതേതരചിന്തയാണ് രാജ്യത്തിന്റെ സത്ത എന്നാണ ്ഇത് ചൂണ്ടിക്കാട്ടുന്നത്. ഈ വോട്ടുകള്‍ വിഭജിക്കപ്പെടാതെ നോക്കലാണ് മതേതരപാര്‍ട്ടികളായ കോണ്‍ഗ്രസും മറ്റും ചെയ്യുന്നത്. തമിഴ്‌നാട് മോഡലില്‍ ദേശീയസഖ്യത്തിനാണ ്മുസ്‌ലിംലീഗ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടി മതേതരമുന്നണിയില്‍ അണിചേരുന്നതിന് മുന്നോടിയായാണ് പ്രൊഫ. ഖാദര്‍ മൊയ്തീന്റെ പ്രസ്താവന.

മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിം ലീഗ് എഴുപത്തഞ്ചാം വാര്‍ഷികസമ്മേളനത്തില്‍ ഡി.എം.കെ നേതാവ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി വലിയ ഒരുക്കങ്ങളാണ ്‌നടത്തിവരുന്നത്. ജി20 നേതൃസ്ഥാനത്ത് രാജ്യം എത്തിയതില്‍ എല്ലാവരും അഭിമാനിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കാലത്ത് ആരാധനാലയങ്ങളുടെ നിലനില്‍പ് അപകടത്തിലാവും വിധം 1947 ഓഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാജ്യത്തെ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി കൈക്കൊള്ളുന്ന ദ്രോഹകരമായ നടപടികളെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ആടുതുറൈ ഷാജഹാന്‍, ജമാല്‍ മുഹമ്മദ് ഇബ്രാഹിം, സുല്‍ത്താന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Chandrika Web: