X
    Categories: keralaNews

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം; കാലം കാത്തുവെച്ച അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ജില്ല

പി.എ അബ്ദുല്‍ഹയ്യ്

മലപ്പുറം: അഭിമാനകരമായ അസ്തിത്വത്തിന്റെ കൊടിയടയാളം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ 75 ഹരിതപതാകകള്‍ വാനിലുയര്‍ന്നതോടെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിനു തുടക്കമായി. ‘ഏഴരപതിറ്റാണ്ടിന്റെ അഭിമാനം’ എന്ന ശീര്‍ഷകത്തില്‍ കാലം തേടുന്ന പ്രമേയം മുന്‍നിര്‍ത്തി അരങ്ങേറുന്ന സമ്മേളനം മലപ്പുറത്തിന്റെ മുസ്ലിംലീഗ് ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നു തീര്‍ച്ചയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശയും പകര്‍ന്ന മഹാ പ്രസ്ഥാനം 75 ആണ്ടിന്റെ നിറവില്‍ ഹരിതശോഭയോടെ പ്രശോഭിച്ചു നില്‍ക്കുമ്പോള്‍ ചരിത്ര വഴിയില്‍ മലപ്പുറത്തിന്റെ സംഭാവനകളെ ഓര്‍ത്തെടുത്താണ് സമ്മേളനത്തിന് സമാരംഭം കുറിച്ചത്.
പാണക്കാട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മകളുറങ്ങുന്ന പി.എം.എസ്.എ. സൗധത്തിന് സമീപത്ത് മകന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് വയസ് പൂര്‍ത്തിയായ കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും തങ്ങള്‍ക്കൊപ്പം പതാക ഉയര്‍ത്തിയപ്പോള്‍ കാലം കാത്തുവെച്ച അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് ജില്ല സാക്ഷിയായി. തക്ബീര്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഹരിത ശീലുകളുടെ അകമ്പടിയോടെ പതാക വാനിലേക്കുയര്‍ത്തിയത്. തുടര്‍ന്ന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ (വാരിയന്‍കുന്നന്‍ ടൗണ്‍ഹാള്‍) നടന്ന ഉദ്ഘാടന സമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ സ്വാഗതമാശംസിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി, സി.എ.എം.എ കരീം, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പ്രസംഗിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മുന്‍ഗാമികളുടെ പാതയില്‍ പുതിയ കാലത്തിന്റെ സ്പന്ദനത്തിനൊപ്പം ഭാവിനേതൃ നിരയെ രൂപപ്പെടുത്തുന്ന തയ്യാറെടുപ്പുകളോടെയാണ് സമ്മേളനത്തിന്റെ ക്രമീകരണം. പ്രസ്ഥാനത്തിന്റെ ചരിത്രവും വാര്‍ത്തമാനവും പാരമ്പര്യവും പോരാട്ടവും നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ പുതുതലമുറ ആവശ്യപ്പെടുന്ന വിഷ
യങ്ങളില്‍ നടത്തിയ പ്രബന്ധങ്ങളും മികച്ചു നിന്നു. പ്രതിനിധി സമ്മേളനവും യുവജന സമ്മേളനവും പുതിയകാലത്തെ രാഷ്ട്രീയം പ്രശ്നങ്ങളും സമീപനങ്ങളും ചര്‍ച്ചചെയ്തു. നാളെ വനിതാ സംഗമവും സാംസ്‌കാരിക സമ്മേളനവും, ഗസല്‍ വിരുന്നും അരങ്ങേറും. സമ്മേളനം മറ്റന്നാള്‍ സമാപിക്കും.

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വര്‍ത്തമാന കാലത്ത് മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തന ശൈലി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി  പറഞ്ഞുജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷനായി. മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിയും ആധുനിക രാഷ്ട്രീയം; പ്രശ്‌നങ്ങള്‍, സമീപനങ്ങള്‍ എന്ന വിഷയത്തില്‍ കെ.എം ഷാജിയും സംസാരിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. സി.പി ബാവ ഹാജി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിച്ചു. ഉമ്മര്‍ അറക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലീം കുരുവമ്പലം സ്വാഗതവും എം. അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. പി.കെ അബ്ദുറബ്ബ്, കെ.പി മുഹമ്മദ് കുട്ടി, അഡ്വ. എം റഹ്്മത്തുല്ല, ഹനീഫ മൂന്നിയൂര്‍, എ.പി ഉണ്ണികൃഷ്ണന്‍ സന്നിഹിതരായി.

 

Chandrika Web: