X

ഒരു പോലെയല്ല ഒന്നാണ് അവനും അവളും- വെള്ളിവെളിച്ചം

വെള്ളിവെളിച്ചം – ടി.എച് . ദാരിമി

അല്ലാഹു പറയുന്നു: ആണ് പെണ്ണിനെ പോലെയല്ല (3: 36). ഇത് പറയാന്‍ പെണ്ണ് ആണിനെ പോലെയല്ല എന്ന് പറഞ്ഞാലും മതി. എന്നിട്ടും ഇങ്ങനെ പറഞ്ഞത് പെണ്ണിനെ കണ്ടില്ലെന്ന് നടിക്കാനല്ല. പെണ്ണിന്റേത് ഒരു വിഷയമല്ലാത്തതു കൊണ്ടുമല്ല. അവളെ മറികടക്കാനും ആണ്‍കോയ്മയെ ഉറപ്പിച്ചുനിറുത്താനുമൊന്നുമല്ല. മറിച്ച് പുരുഷന്‍ രക്ഷപ്പെടാതിരിക്കാനാണ്. ഞാനും അവളും ഒരേ പോലെയല്ലേ എന്ന് ചോദിച്ച് അവന്‍ നിരുത്തരവാദിയായി ഒഴിഞ്ഞുനില്‍ക്കാതിരിക്കാനാണ്. കാരണം അവനു ധാരാളം പ്രത്യേകതകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അത് അവളെ സംരക്ഷിക്കാനും അവള്‍ക്കു വേണ്ടതടക്കം ചെയ്തുകൊടുക്കാനും വേണ്ടിയാണ്. അവന്റെ ഔദാര്യമായല്ല, ഉത്തരവാദിത്തമായി അവന് മേലെ നില്‍ക്കാനല്ല. ചിലപ്പോള്‍ മേലെ നിറുത്തേണ്ടിവരുന്ന അവളെ പോലും താങ്ങുവാന്‍. അതുകൊണ്ട് അവനും അവളും ഒരു പോലെയാണ് എന്ന് പറഞ്ഞുകൂടാ. 2020ല്‍ ഇറക്കിയ, 2021 ല്‍ പുതുക്കിയ അതേ ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും ഇറക്കേണ്ടിവന്നിരിക്കുന്നതു കണ്ടില്ലേ. വനിതാകണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ പുരുഷ യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ലെന്ന ഉത്തരവ്. ബസ്സിന് പുറത്ത് ക്ലാസ്മുറിയില്‍നിന്ന് മുന്‍പിന്‍ ബഞ്ചുകാര്‍ എന്ന വ്യത്യാസം എടുത്തുകളയാനും കോമ്പൗണ്ടിനെയാകെ ജെന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഉത്തരവ് വീണ്ടും പതിക്കേണ്ടി വന്നിരിക്കുന്നത് എന്നത് നമ്മുടെ ആശയത്തിന് നല്ലൊരു ആമുഖത്തിന് അവസരം സൃഷ്ടിച്ചിരിക്കുന്നു. ഒരുവാദം ഉന്നയിക്കുമ്പോള്‍ അതിന്റെ പ്രായോഗികതകൂടി പരിഗണിക്കേണ്ടതുണ്ട് എന്ന ആമുഖത്തിന്.
സ്ത്രീപുരുഷ സമത്വമെന്ന മുറവിളിക്ക് ഊക്കും ഊര്‍ജ്ജവും പകരുന്നത് അതിലെ സമത്വം എന്ന വാക്കാണ്. ആ വാക്ക് ഈ വാദത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു എന്നത് ശരിയാണ്. ആണും പെണ്ണും സമൂഹത്തിന്റെ രണ്ട് അംശങ്ങളാണെന്നിരിക്കെ അവര്‍ രണ്ടും തമ്മില്‍ സമത്വം വേണമെന്ന് വാദിച്ചാല്‍ ആരും പിന്നെ അതു നടക്കുമോ എന്നൊന്നും ചിന്തിക്കാന്‍ മിനക്കെട്ടില്ല. പക്ഷേ, സത്യത്തില്‍ പ്രായോഗിക തലത്തില്‍ അതു സാധിപ്പിക്കുക പ്രയാസമാണ്. ഇതിനുവേണ്ടി നടന്ന പരീക്ഷണങ്ങളും ശ്രമങ്ങളും വിജയിച്ചിട്ടില്ല.

ആണിനെയും പെണ്ണിനെയും സമമായി കാണാന്‍ കഴിയില്ല എന്നു പറയുന്നവരെയെല്ലാം സ്ത്രീ വിരുദ്ധരും സ്ത്രീകളുടെ വര്‍ഗ ശത്രുക്കളുമായി കാണുക എന്നത് ഒരുതരം ആശയ ബലപ്രയോഗമാണ്. ഇതിനെ പെണ്ണിനെ അവമതിക്കുക എന്ന് വ്യാഖ്യാനിക്കുന്നത് തനി വിഢിത്തവുമാണ്. ശരിക്കും പറഞ്ഞാല്‍ ആണും പെണ്ണും ഇണകളാണ്. ഒന്നിന്റെ പൂര്‍ണത മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ ഏതെങ്കിലും ഒന്ന് വലുതാണെന്നോ ചെറുതാണെന്നോ ആധിപത്യ സ്വഭാവമുള്ളതാണ് എന്നോ വിധേയത്വ സ്വഭാവമുള്ളതാണ് എന്നോ ഉള്ള വിലയിരുത്തലുകളെല്ലാം തികച്ചും അബദ്ധമാണ്. കാരണം അവ രണ്ടും പരസ്പര പൂരകങ്ങളാണ്. പരസ്പര പൂരകങ്ങളുടെ കാര്യത്തില്‍ അളവ് പരിഗണിക്കപ്പെടുകയില്ല. പങ്കാളിത്തം മാത്രമേ പരിഗണിക്കപ്പെടൂ. എന്നിരുന്നാലും രണ്ടില്‍ ആര്‍ക്കാണ് പ്രാധാന്യം കൂട്ടത്തില്‍ ആരാണ് അധീശാധികാരി തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയാണ് എന്നിട്ടും ലോകം. അത് അങ്ങനെ തീര്‍ത്തു പറയാന്‍ കഴിയില്ല എന്നാണ് അതിനുള്ള പ്രാഥമിക മറുപടി. രണ്ടു പേരുടെയും ശരീരം, മനസ്സ്, വികാരം, വിചാരം, ശാരീരിക പ്രത്യേകത തുടങ്ങിയവയെല്ലാം വിഭിന്നമാണ്. അതിനാല്‍ ഓരോരുത്തരുടെയും പ്രാധാന്യവും പങ്കാളിത്തത്തിന്റെ അളവുമെല്ലാം ഒറ്റയടിക്ക് നിശ്ചയിക്കുക അസാധ്യമാണ്. ചില വിഷയങ്ങളില്‍ സ്ത്രീക്കാണ് പ്രാധാന്യം. അവിടെ അതവളെ ഏല്‍പ്പിക്കുകയും അതിന്റെ പേരില്‍ അവളെ ശ്ലാഘിക്കുകയും വേണ്ടിവരും. മറ്റു പല മേഖലകളിലും പുരുഷന്റെ സവിശേഷതക്കാണ് പ്രാധാന്യം. അവിടെ അവന്‍ അതിന്റെ കാര്യത്തില്‍ ആധിപത്യ ഭാവം പുലര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ വായിച്ചാല്‍ തീരുന്നതേയുള്ളൂ നിലവിലുള്ള പ്രശ്‌നം.

മനുഷ്യന്‍ മോണോമോര്‍ഫിക് ആണോ ഡൈമോര്‍ഫിക് ആണോ എന്നതാണ് ചര്‍ച്ച. ആണും പെണ്ണും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കില്‍ അതിന്ന് ഏകലിംഗരൂപത്വം (ലെഃൗമഹ ാീിീാീൃുവശാെ) എന്നും വ്യത്യാസങ്ങളുണ്ടെങ്കില്‍ അതിന് ദ്വിലിംഗരൂപത്വം (ലെഃൗമഹ റശാീൃുവശാെ) എന്നുമാണ് പറയുക. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി മനുഷ്യവര്‍ഗം മോണോമോര്‍ഫിക് ആണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആശയം പടച്ചുണ്ടാക്കുന്നവരാണ് ഇതിനു പിന്നില്‍. സത്യത്തില്‍ മനുഷ്യ ഉണ്‍മയുടെ എല്ലാ ഘടകങ്ങളിലും വ്യക്തമായ വ്യത്യാസം ആണും പെണ്ണും തമ്മിലുണ്ട് എന്നത് അനുഭവവും ശാസ്ത്രവുമാണ്. സത്യത്തില്‍ ശരീരം നിര്‍മിച്ചിരിക്കുന്ന കോശങ്ങളില്‍ നിന്നാരംഭിക്കുന്നു ലിംഗപരമായ വ്യത്യാസങ്ങള്‍. പെണ്‍ കോശങ്ങളും ആണ്‍ കോശങ്ങളും തമ്മില്‍ പോലും വ്യത്യാസങ്ങളുണ്ട്. ആണ്‍ കോശത്തിന്റെ ന്യൂക്ലിയസിലുള്ള നാല്‍പത്തിയാറ് ക്രോമസോമുകളില്‍ രണ്ടെണ്ണമാണ് ലിംഗം നിര്‍ണയിക്കുന്നതെന്നാണ്. പുരുഷ കോശത്തിലും സ്ത്രീ കോശത്തിലും എക്‌സ് ക്രോമോസോമുകളുണ്ട്. സ്ത്രീകോശത്തില്‍ അത് രണ്ടെണ്ണമുണ്ടെന്ന് മാത്രമേയുള്ളൂ. പുരുഷകോശത്തിന് മാത്രമുള്ള സവിശേഷതയാണ് വൈ ക്രോമസോമുകളുടെ സാന്നിധ്യം. ഒപ്പം അതില്‍ ഒരു എക്‌സ് ക്രോമോസോമുമുണ്ട്. ഇവയുടെ ധര്‍മങ്ങളേക്കാള്‍ പ്രധാനം ആണും പെണ്ണും തമ്മിലുള്ള അന്തരം സ്ഥാപിക്കുന്നതിനാണ്.
കോശത്തില്‍ നിന്നു തുടങ്ങുന്ന അന്തരം മസ്തിഷ്‌കം വരെ എത്തുന്നു. പുരുഷ മസ്തിഷ്‌കം 10-15 ശതമാനം വലുതും ഭാരമുള്ളതുമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വ്യത്യാസം മറ്റു അവയവങ്ങളുടെ കാര്യത്തിലുമുണ്ട്. പുരുഷ ഹൃദയത്തിന്റെ ഭാരം 350 ഗ്രാം, സ്ത്രീയുടേത് 250 ഗ്രാം. കരളിന്റെ തൂക്കവ്യത്യാസം 1600-1500. രക്തത്തിന്റെ അളവ് പുരുഷന് സ്ത്രീയേക്കാള്‍ 20 ശതമാനം കൂടുതലാണ്. പുരുഷന്റെ നാഡി മിനിറ്റില്‍ 72 തവണ മിടിക്കുമ്പോള്‍ സ്ത്രീയുടേത് 82 തവണ മിടിക്കും. ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല. ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരിക സ്രവങ്ങളിലെ ഹോര്‍മോണുകളില്‍ വരെ വ്യത്യാസമുണ്ട്. ഭാരിച്ചതോ ദീര്‍ഘിച്ചതോ ആയ ജോലികള്‍ താങ്ങാന്‍ അവര്‍ക്ക് പുരുഷനെ അപേക്ഷിച്ച് പ്രയാസമാണ്. വളരെ പ്രാഥമികമായ ഇത്തരം അന്തരങ്ങള്‍ ശാരീരികമായും മാനസികമായും സ്ത്രീപുരുഷന്മാരെ വ്യത്യസ്തരാക്കുന്നുണ്ട്. ഇത് സ്വാഭാവികമാണ്. സ്ത്രീയുടെ ധര്‍മവും ചുമതലയും ദൗത്യവും പഠനവിധേയമാക്കാതെ ഏകപക്ഷീയമായ ധാരണകളാണ് ഇത്തരം പരിഷ്‌കരണങ്ങളിലേക്ക് നയിക്കുന്നവരെ സ്വാധീനിക്കുന്നതെന്ന് ഈ രംഗത്ത് നടന്ന പഠനങ്ങള്‍ തീര്‍ത്തു പറയുന്നുണ്ട്. ലിംഗ വൈവിധ്യവും വൈരുധ്യവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് പലരുടെയും പ്രശ്‌നം.
ശാസ്ത്രീയമായ വസ്തുതകള്‍ പോലെ പച്ചയായ അനുഭവങ്ങളും ഈ സത്യം തെളിയിക്കുന്നുണ്ട്. സാമൂഹിക ഇടപെടലുകളിലാവശ്യമായ ദീര്‍ഘ ദൃഷ്ടി, കാര്യങ്ങള്‍ തന്ത്രപരമായി കൈകാര്യം ചെയ്യാനുള്ള മിടുക്ക്, മനക്കരുത്ത്, ധൈര്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ പുരുഷന്‍ താരതമ്യേന മുമ്പിലാണ്. ഇതെല്ലാം മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളാണ്. അതിനെല്ലാം വേണ്ടി രംഗത്തിറങ്ങാനും ശ്രമിക്കാനും ത്യാഗം ചെയ്യാനുമെല്ലാം സ്ത്രീയേക്കാള്‍ കഴിയുക പുരുഷനാണ്. അതിന് വേണ്ട ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ ജനിതകമായി കിട്ടിയത് അവനാണ്. അതിനാല്‍ ശരിയായ പൊതുപ്രവര്‍ത്തനം പുരുഷനിലാണ് സാധ്യമാവുന്നത്. അതിനര്‍ഥം സ്ത്രീ ഒന്നിനും കൊള്ളാത്തവളാണ് എന്നല്ല. കുടുംബ, ഗാര്‍ഹിക ഭരണത്തില്‍ സ്ത്രീയോളം പുരുഷനുമെത്താനാവില്ല. ഇത് പുരുഷന്‍ ചെയ്യുന്ന എത് ദൗത്യത്തേയും കവച്ചുവെക്കുന്നതാണ്. കുലത്തിന്റെ നിലനില്‍പ്പും വികാസവുമാണ് അവള്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ സന്താനോത്പാദനവും പരിചരണവും ഗാര്‍ഹിക വൃത്തിയും സ്‌ത്രൈണതയുടെ പ്രത്യേകതയാണ്. ഇതിനാവശ്യമായ ക്ഷമയും അലിവും ദയയും വശീകരണ ശക്തിയും കൃപയും പുരുഷനേക്കാളേറെ അവള്‍ക്കാണുള്ളത്. ഇങ്ങനെ വിവരിക്കുമ്പോഴാണ് ഫെമിനിസത്തിന് കലിയിളകുക. ആണുങ്ങളെ പുറത്തേക്ക് വിട്ട് പെണ്ണുങ്ങളെ അടുക്കളയില്‍ തളച്ചിട്ടു എന്ന് വിലപിക്കും. പക്ഷേ, അവള്‍ വീട്ടിനുള്ളിലാണെങ്കിലും അവിടെ സര്‍വാദരണീയയും ബഹുമാന്യയുമാണ് എന്നതും അവളുടെ വഴിയില്‍ സ്‌നേഹത്തിന്റെ പട്ടുകമ്പളം വിരിക്കപ്പെട്ടിരിക്കന്നു എന്നതുമെല്ലാം അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. പുരുഷന്‍ അവളെയടക്കം സന്തോഷിപ്പിക്കാന്‍ കയറിയിറങ്ങുന്ന വഴികളുടെ പാരുഷ്യത്തെ കുറിച്ച് അവള്‍ ഗൗനിക്കുന്നില്ല.
ഇന്ത്യന്‍ ആര്‍മിയില്‍ പുരുഷന്മാര്‍ 12 ലക്ഷത്തിലധികം ഉണ്ടെങ്കില്‍ സ്ത്രീകള്‍ വെറും 7000 ത്തില്‍ താഴെ മാത്രം. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഒരു ലക്ഷത്തി 47000 അധികം പുരുഷന്മാര്‍ രാജ്യത്തെ സേവിക്കുമ്പോള്‍ വനിതകള്‍ കേവലം 1650 ല്‍ താഴെ മാത്രം. ഇന്ത്യന്‍ നേവിയില്‍ 11000 താഴെ പുരുഷന്മാര്‍ രാജ്യത്തിന് സേവനം ചെയ്യുമ്പോള്‍ 750 താഴെ മാത്രമാണ് വനിതകള്‍. ഇതും പാട്രിയാര്‍ക്കിയാണ് എന്നായിരിക്കും പറയുക. ഒരു കാര്യത്തില്‍ അന്ധമായ വാശി പുലര്‍ത്തുമ്പോള്‍ അതിനനുസരിച്ച് ബുദ്ധി മന്ദീഭവിക്കുന്നതു കൊണ്ടാണ് വാശിക്കാര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തത്. ഈ കണക്കുകളോട് ചേര്‍ത്തുവെക്കേണ്ട വസ്തുതയുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ക്കാണ് പരിഗണന എന്നതാണത്. കാരണം ഈ മേഖലകളോട് ഹൃദയപൂര്‍വം പ്രതികരിക്കാനുള്ള ശേഷി അവര്‍ക്കാണ് കൂടുതല്‍ . ഈ സമത്വചിന്തക്ക് ചിറക് മുളച്ചിട്ട് കാലമേറെയായിട്ടില്ല. ലണ്ടനിലെ മേരി വേര്‍സ്‌റ്റോണ്‍ ക്രാഫ്റ്റാണ് സമത്വവാദവുമായി ആദ്യം രംഗത്തെത്തിയത്. 1972ല്‍ അദ്ദേഹം എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്‌സ് ഓഫ് വ്യൂമണ്‍ (അ ്ശിറശരമശേീി ീള വേല ൃശഴവെേ ീള ംീാമി) എന്ന ഗ്രന്ഥം രചിച്ച രാഷ്ട്രഭരണം, പൊതുപ്രവര്‍ത്തനം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയെല്ലാം പുരുഷനും സ്ത്രീക്കും തുല്യാവകാശം വേണമെന്നതാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പുതിയ കാലത്തെ ഇത്തരം ചിന്തകളാല്‍ മുഖരിതമാക്കിയത് മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ട വ്യര്‍ഥമായ ലിബറല്‍ ചിന്താഗതികളാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന മൂന്ന് പേരും അവരുടെ വാദങ്ങളുമാണ് ഇതിന്റെ സാക്ഷാല്‍ ഉത്തരവാദികള്‍. അവര്‍ മനുഷ്യന്‍ നൂറ്റാണ്ടുകളായി നെയ്‌തെടുത്ത ജീവിത ശൈലികള്‍ തകര്‍ത്തുകളഞ്ഞു. എന്നാല്‍ അവര്‍ പകരം സമര്‍പ്പിച്ചതിനാവട്ടെ പ്രായോഗികത ഇല്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാനായില്ല താനും. ചാള്‍സ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയും ആണ് നല്‍കിയത്. സൂക്ഷ്മമായി ചിന്തിച്ചാല്‍ മൂന്നെണ്ണവും ചേര്‍ന്നാണ് മനുഷ്യ കുലത്തിന്റെ താളത്തെ വികലമാക്കിയത് എന്നു കാണാം. ഒരുപോലെ എന്നു പറയുമ്പോള്‍ അവര്‍ രണ്ടു പേര്‍ക്കും രണ്ട് അസ്തിത്വം ഉണ്ടാകുന്നു. വലുതെന്നോ ചെറുതെന്നോ ആദ്യത്തേതെന്നോ അവസാനത്തേതെന്നോ നോക്കാതെ അവര്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ഒന്നാകുകയാണ് വേണ്ടത്.

Chandrika Web: