X

മലപ്പുറത്തെ യുവാവിന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

മലപ്പുറം അരിക്കോട്ടെ യുവാവിന്റെ ദുരൂഹ മരണത്തില്‍ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറം ഏറനാട് തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ് കല്ലറ തുറന്നത്.

അരിക്കോട് ഊര്‍ങ്ങാട്ടിരിയിലെ തോമസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തത്. പനമ്പിലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അരീക്കോട് സിഐ അബ്ബാസ് അലി, പൊലീസ് സര്‍ജന്‍, ഡോക്ടര്‍ അജേഷ് പിപി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

ഈ മാസം നാലിനാണ് തോമസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം സംസ്‌ക്കരിച്ചു. പീന്നീട് കുടുംബത്തിനും നാട്ടുകാര്‍ക്കും തോന്നിയ സംശയത്തെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു. തോമസ് മരിക്കുന്നതിന് നാല് ദിവസം മുമ്പ് സുഹൃത്തുക്കളുമായി നടന്ന സംഘര്‍ഷത്തില്‍ കാര്യമായി പരിക്കേറ്റിരുന്നു. ഇത് മരണത്തിലേക്ക് നയിക്കാന്‍ കാരണമായി എന്നാണ് കുടുംബം സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം, തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

webdesk14: