X

മുസ്‌ലിം ലീഗ്; ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനം,കൂടെയുള്ളവരെ ഇരുളിന്റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലാ ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബംഗാളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സി.പി.എം ഇന്നവിടെ നാമാവശേഷമായിരിക്കുന്നു. സി.പി.എം ഇന്ന് ശോഷിച്ചപ്പോള്‍ ഞങ്ങള്‍ വളര്‍ന്നിട്ടേയുള്ളൂവെന്ന് ദേശീയ ജനറല്‍ സെക്രട്ടറികുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാതലമുറയും ഞങ്ങളോടൊപ്പമുണ്ട്. അന്നും ഇന്നും ഒരു വിധ ആദര്‍ശവ്യതിയാനവും പറ്റാത്ത പ്രസ്ഥാനമാണ് ലീഗെന്ന് അദ്ദേഹം പറഞ്ഞു.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം വാനോളമുയര്‍ത്തി മുസ്്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന മഹാസമ്മേളനം മലപ്പുറത്തിന്റെ ആസ്ഥാന നഗരിയുടെ ചരിത്രത്തില്‍  പുതു അധ്യായങ്ങള്‍ തീര്‍ത്താണ് ജനസാഗരത്തെ സാക്ഷി നിര്‍ത്തി പരിസമാപ്തി കുറിച്ചത്.
സമാപന സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂടെയുള്ളവരെ ഇരുളിന്റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം മുസ്്ലിംലീഗിനില്ലെന്നും പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് സത്യസന്ധമായി എവിടെയും  ആരുടെ മുഖത്ത് നോക്കിപ്പറയുവാനുള്ള ചങ്കൂറ്റമാണ് മുസ്്ലിംലീഗ് അതിന്റെ പ്രവര്‍ത്തനപാതയില്‍ കാണിച്ചിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
സ്ഥാപിതമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുന്നണി ഉണ്ടാക്കുകയോ വിടുകയോ ലീഗ് ചെയ്തിട്ടില്ല. ലീഗ് മുന്നണിയുണ്ടാക്കിയതും മുന്നണി വിട്ടതും രാജ്യത്തിന്റെയും സമുദായത്തിന്റെ മതേതരത്വത്തിന്റെയും പേരില്‍ മാത്രമാണ്. അതിലാരും കൈകടത്താന്‍ മെനക്കടേണ്ടതില്ല. ന്യൂനപക്ഷ സംഘബോധത്തിന്റെ മാതൃകയായിട്ടാണ് മുസ്്ലിംലീഗ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
സംഘബോധത്തോടെ ജീവിക്കണം, പ്രവര്‍ത്തിക്കണം. സംഘ ബോധമുള്ള സമൂഹത്തിനാണ് ദൈവത്തിന്റെ സഹായമുണ്ടാവുക. വലിയ അനുഭവ സമ്പത്ത് പാര്‍ട്ടിക്കുണ്ട്. അത്രമേല്‍ ദുരിത പര്‍വ്വങ്ങള്‍ താണ്ടിയാണ് മുസ്്ലിംലീഗ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം നേടിയത്. മഹാന്‍മാരായ നേതാക്കള്‍ അവരുടെ ജീവിതം തന്നെ സമര്‍പ്പിച്ചാണ് ഇക്കാണുന്ന സൗഭാഗ്യങ്ങളെല്ലാം നേടിയത്. അവരെ ഓര്‍ത്ത് അവരുടെ സ്മരണകളിലൂടെയാണ് പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോയിട്ടുള്ളത്. ഏഴരപതിറ്റാണ്ടിന്റെ ചരിത്രത്തില്‍ നമ്മള്‍ കടന്നു പോയ വഴികള്‍ അത്രയും വലുതാണ്. ത്യാഗത്തിന്റെയും കരുതലിന്റെയും കഷ്ടപ്പാടിന്റെയും പ്രാര്‍ത്ഥനയുടെയും ഓര്‍മകള്‍ നമ്മുടെ ഇടനെഞ്ചിലുണ്ട്.
നമുക്ക് വേണ്ടത് രാഷ്ട്രീയ അഭിനയമല്ല. രാഷ്ട്രീയ സത്യസന്ധതയാണ്. സാമുദായിക ഐക്യത്തിന് പോറലേല്‍പിക്കാത്ത  പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം.  അധികാരമുണ്ടങ്കിലേ മുസ്്ലിംലീഗിന് വളര്‍ച്ചയുള്ള എന്ന് ആരും ധരിക്കേണ്ട. അധികാരമില്ലാത്ത കാലത്താണ് ലീഗ് കുതിച്ചുയര്‍ന്നത്. ഹദിയയും, ദോത്തി ചലഞ്ചും മെമ്പര്‍ഷിപ്പ് കാമ്പയിനും നമ്മള്‍ ചരിത്ര സംഭവമാക്കി. ജനങ്ങളുടെ ശക്തിയാണ് മുസ്്ലിംലീഗിനെ ശക്തിപ്പെടുത്തുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സ്വാഗതമാശംസിച്ചു.  ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എംഎ സലാം, മുഹമ്മദ് നവാസ് ഗനി എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി, പി.കെ ഫിറോസ് പ്രസംഗിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി, ഡോ. സി.പി ബാവ ഹാജി, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹീം, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്, അഡ്വ. കെ.എന്‍.എ ഖാദര്‍,ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നന്ദി പറഞ്ഞു.

webdesk13: