ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍. ഡല്‍ഹിയിലെ സി.ബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്‌നിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനി റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മുന്‍ മാനേജിങ് ഡയരക്ടര്‍ ഗൗതം ദോഷി തുടങ്ങിയവരെയാണ് വെറുതെ വിട്ടത്. എ രാജയും കനിമൊഴിയും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റവരി വിധിപ്രസ്താവമായിരുന്നു കോടതിയുടേത്. കേസില്‍ സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ കോടതി റദ്ദാക്കി. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ അറിയിച്ചു. സി.ബി.ഐ അന്വേഷിച്ച രണ്ടു കേസുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു ഇത്. എ.രാജയും കനിമൊഴിയും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ടുജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010ല്‍ സി.എ.ജി വിനോദ് റായി കണ്ടെത്തിയിരുന്നു. 2011ല്‍ കേസില്‍ എ.രാജയെ അറസ്റ്റു ചെയ്തു. അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ടു ജി ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 2011 നവംബര്‍ പതിനൊന്നിന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ പത്തൊന്‍പതിനാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്നലെ വിധി പറയാന്‍ തീരുമാനിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌പെക്ട്രം വിതരണം ചെയ്തതെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ടായിരുന്നു. എന്നാല്‍ വിനോദ് റായിയുടെ കണ്ടെത്തല്‍ പെരുപ്പിച്ച് കാണിച്ച കണക്കുകളാണെന്ന് അന്നേ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം സി.എ.ജി റിപ്പോര്‍ട്ടിന് വിരുദ്ധമായി ടുജി സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തിലൂടെ 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. സി.ബി.ഐ ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ െ്രെപവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതികളാണ്. രണ്ടാം സി.ബി.ഐ കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളായിരുന്നു. വിധിയില്‍ എ രാജയും കനിമൊഴിയും സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ വെറുതെ വിട്ട സാഹചര്യത്തില്‍ ക്രമക്കേട് കണ്ടെത്തിയ മുന്‍ സി.എ.ജി വിനോദ് റായ് രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചരിത്രപരമായ വിധിയെന്നായിരുന്നു ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ പ്രതികരണം. എന്നാല്‍ വിധി അംഗീകാരമായി കോണ്‍ഗ്രസ് കാണേണ്ടതില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.