ജമ്മു: പ്രത്യേക പദവി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തുന്നു. ജമ്മു, റീസി, സാംബ, കഠ്‌വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലാണ് 2ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീര്‍ താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും.
പ്രത്യേക പദവി എടുത്തുമാറ്റുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ക്ക് ഘട്ടം ഘട്ടമായി ഇളവ് നല്‍കാന്‍ ആരംഭിച്ചത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.