കെ.പി ജലീല്‍
പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ സര്‍വത്ര അഴിമതിയും ധൂര്‍ത്തും ഇപ്പോഴിതാ സര്‍ക്കാര്‍ ഖജനാവിലെ പണം പാര്‍ട്ടിക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി വെട്ടിപ്പും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാവപ്പെട്ടവരുടെ ഹുണ്ടിക പൊട്ടിച്ചതടക്കം എത്തിയ കോടികളാണ് പാര്‍ട്ടിയുടെയും അനുഭാവികളുടെയും പേരില്‍ സമ്പന്നര്‍ കവര്‍ന്നെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പ്രളയകാലത്ത് ജനങ്ങള്‍ കൈമെയ് മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് എത്തിച്ച പണമുള്‍പ്പെടെയാണ് ആരോരുമറിയാതെ വ്യാജ ബില്ലുകള്‍ ചേര്‍ത്തുകെട്ടി തട്ടിച്ചെടുത്തിരിക്കുന്നത്. സുമാര്‍ 10 കോടിയോളം രൂപയുടെ വെട്ടിപ്പാണ് ഇതിലൂടെ കൈമേല്‍ മറിഞ്ഞിരിക്കുന്നതെന്നാണ ്‌വിവരം. വിജിലന്‍സിന് ലഭിച്ച രഹസ്യസന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇതുവരെ കിട്ടിയ വിവരങ്ങളും രേഖകളും വെച്ച് നോക്കിയാല്‍ മഞ്ഞുമലയുടെ അരികില്‍ മാത്രമേ പൊലീസിന് തൊടാനായിട്ടുള്ളൂ. വിവരങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിതന്നെയാണ ്‌വെട്ടിലായിരിക്കുന്നത്. അദ്ദേഹമറിയാതെ എങ്ങനെയാണ് ഇത്രയും തുക അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേക അക്കൗണ്ടില്‍നിന്ന് മറിഞ്ഞതെന്നാണ് ചോദ്യം.
ഒറ്റദിവസം മാത്രം ഒരു ഡോക്ടര്‍ പത്തോളം സര്ട്ടിഫിക്കറ്റുകളാണ് ഇല്ലാത്ത രോഗം കാട്ടി ഫണ്ട് വെട്ടിക്കാനായി കുറിച്ചുകൊടുത്തിരിക്കുന്നത്. വന്‍ റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനുമാനം. അതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനും ശ്രമം അണിയറയില്‍ നടക്കുന്നതായാണ ്‌വിവരം. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിക്കൂട്ടിലാക്കുമെന്ന ഭയമാണ ്‌സി.പി.എം നേതാക്കള്‍ പങ്കുവെക്കുന്നത്. മാരകരോഗങ്ങള്‍ക്കായാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിക്കുന്നതെങ്കിലും വീട് പുതുക്കിപ്പണിയാന്‍ പോലും പണം അനുവദിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തയിരിക്കയാണ്. യാതൊരു കേടും വരാത്ത വീടിനാണ് ഒരേ നമ്പറില്‍ കാശ് തട്ടിയെടുത്തിരിക്കുന്നത്. പ്രളയഫണ്ടില്‍നിന്നും സമാനമായി ജില്ലാ ഭരണകൂടങ്ങളില്‍നിന്ന് സി.പി.എം നേതാക്കള്‍ പണം തട്ടിയതായി മുമ്പ് കണ്ടെത്തിയിരുന്നതാണ്. ഇതിലും വലുതാണ് പാര്‍ട്ടിക്കാരിടപെട്ട് ഇതിലൂടെ കവര്‍ന്നിരിക്കുന്നത്.
രണ്ടാംതുടര്‍ഭരണം വരുത്തിവെച്ച കെടുതികള്‍ മറയ്ക്കാന്‍ സി.പി.എം കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് വീണ്ടും വീണ്ടും മലവെള്ളം കണക്കെ ആരോപണങ്ങള്‍ സര്‍ക്കാരിനെ തിരിഞ്ഞുകുത്തുന്നത്. പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കാര്‍ക്കും വേണ്ടി പി.എസ്.സി നിയമനം പോലും അട്ടിമറിച്ചവര്‍ പാര്‍ട്ടിയുടെ പട്ടികയനുസരിച്ച് നടത്തിയ സര്ക്കാര്‍-അര്‍ധസര്‍ക്കാര്‍ നിയമനങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോവിഡ് കിറ്റ് വാങ്ങിയ വകയില്‍ മുന്‍മന്ത്രിയും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി നില്‍ക്കുന്ന അഴിമതിക്കു പുറമെയാണ് ദുരിതാശ്വാസനിധിയിലെ കോടികളുടെ വെട്ടിപ്പ്. രണ്ടുദിവസം മുമ്പ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനായി വിതരണം ചെയ്ത സര്‍ക്കുലറില്‍ രണ്ടാം പിണറായി ഭരണം സി.പി.എമ്മിലെ ജീര്‍ണത വര്‍ധിപ്പിച്ചതായി പറയുന്നുണ്ട്. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യം സമ്മതിക്കുകയുണ്ടായി. ഇതിനിടെയാണ് 3000 കോടിരൂപയുടെ അധികനികുതിയും വെള്ളം, വൈദ്യുതി ബില്ലുകളിലെ വര്‍ധനയും വരാന്‍പോകുന്നത്. ശമ്പളം പോലും കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ രണ്ടുലക്ഷം കോടിയുടെ കെ.റെയില്‍ പദ്ധതിക്കുവേണ്ടി വാശിപിടിച്ച സി.പി.എം ഇപ്പോള്‍ കാള്‍മാര്‍ക്‌സിനെ പോലും തള്ളിപ്പറയുന്നതാണ് കാണുന്നത്. വിജിലന്‍സ് ഡയറക്ടറായി ഒന്നാം പിണറായികാലത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥന്‍ പിണറായിക്കെതിരെ തിരിഞ്ഞതും അദ്ദേഹത്തെ പീഡിപ്പിച്ചതും നോക്കുമ്പോള്‍ ആരുടെ കൂടെയാണ് സി.പി.എം എന്ന് സുതാര്യമാം വ്യക്തം. യഥാര്‍ത്ഥ മുതലാളിത്തപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്‍ കേരളത്തിലെ പിണറായികമ്യൂണിസം. മാധ്യമങ്ങളുടെ വായമൂടി അവരെ പൊലീസ് സ്റ്റേഷനില്‍ കയറ്റുന്നതും പ്രതിപക്ഷനേതാക്കളെയും യുവജന നേതാക്കളെയും അടിച്ചൊതുക്കി ജയിലിലിടുന്നതും എന്തിനെന്ന് ഇനിയും വ്യക്തമാക്കേണ്ടതില്ല.