യു.എസ് ചെങ്കടലില്‍ നടത്തിയ ആക്രമണത്തിന് പകരമായി യു.എസിന്റെ കപ്പലുകളെ ആക്രമിച്ചതായി യെമനി സേന. യു.എസ് കപ്പലുകള്‍ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ഹൂതി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരി പറഞ്ഞു. സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്‍ ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.എസ് കപ്പലുകള്‍ ഇസ്രാഈലിന് സഹായം നല്‍കുകയാണെന്നും, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് എന്ത് ശക്തമായ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും യഹിയ സരി പറഞ്ഞു.
ചെങ്കടല്‍ വഴി സഞ്ചരിക്കുന്ന മറ്റു കപ്പലുകളെ തങ്ങള്‍ ആക്രമിക്കല്ലെന്നും ഇസ്രാഈലിലേക്ക് പോകുന്ന കപ്പലുകളെ മാത്രമാണ് തങ്ങള്‍ തടയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ കഴിഞ്ഞദിവസം യമനി സേന അയച്ച 18 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി അമേരിക്കന്‍ സേന അറിയിച്ചു. ഡിസംബര്‍ 31ന് അമേരിക്കന്‍ നാവികസേന നടത്തിയ ആക്രമണത്തില്‍ 3 ഹൂതി ബോട്ടുകള്‍ തകരുകയും ഹൂതികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ചെങ്കടലില്‍ ഉണ്ടായിരുന്ന സുരക്ഷ ബോട്ടുകളാണ് യു.എസ് ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും യെമനി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.കൂടാതെ യുദ്ധത്തില്‍ ഗസക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും യെമന്‍ അറിയിച്ചിരുന്നു. ചെങ്കടലില്‍ നടക്കുന്ന ആക്രമണത്തെ ഭയന്ന് ഇസ്രാഈല്‍ കപ്പലുകള്‍ പുതിയ വഴിയാണ് ഇസ്രഈലിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കൂടാതെ ഇസ്രാഈലി അധീന പ്രദേശങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണവും യെമന്‍ നടത്തുന്നുണ്ട്.
കൂടാതെ യെമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ വ്യാപകമായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം സങ്കീര്‍ണവും വലുതുമാണെന്നും പെന്റഗണ്‍ പറഞ്ഞു. ഹൂതികളെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് നിരവധി രാജ്യങ്ങള്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു.