X

കേരളത്തില്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായത് 29 ഭീമന്‍ മൊബൈല്‍ ടവറുകള്‍

അനീഷ് ചാലിയാര്‍
പാലക്കാട്

സംസ്ഥാനത്ത് കൂടുതല്‍ മൊബൈല്‍ ടവറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം. ഇന്നലെയോടെ പുറത്ത് വന്ന വിവരങ്ങളനുസരിച്ച് 10 ജില്ലകളിലായി 29 മെബൈല്‍ ടവറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 40 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള ടവറുകളാണ് ഇതൊക്കെയും.

കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷന്‍ ഒന്ന്, കോഴിക്കോട് ജില്ലയില്‍ നല്ലളം (ഒന്ന്), നടക്കാവ് (3), വയനാട് പുല്‍പള്ളി(ഒന്ന്), മലപ്പുറം പരപ്പനങ്ങാടി (ഒന്ന്), തൃശൂര്‍ ജില്ലയിലെ കൊരട്ടി, പീച്ചി, വലപ്പാട് (ഒരോന്ന് വീതം), എറണാകുളം ജില്ലയില്‍ ടൗണ്‍ നോര്‍ത്ത്, കളമശ്ശേരി, തേവര (ഒരോന്ന് വീതം), ആലപ്പുഴ ജില്ലയില്‍ സൗത്ത്, അമ്പലപ്പുഴ (ഓരോന്ന് വീതം), കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്, കോട്ടയം വെസ്റ്റ് (ഓരോന്ന് വീതം), കൊല്ലം പാരിപ്പള്ളി (ഒന്ന്), തെന്മല (ഒന്ന്), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (2), മ്യൂസിയം, പേരൂര്‍ക്കട (ഓരോന്ന് വീതം), പാലക്കാട് ജില്ലയില്‍ കസബ,വടക്കഞ്ചേരി, മങ്കര, അഗളി, പാലക്കാട് സൗത്ത്,കല്ലടിക്കോട് സ്‌റ്റേഷനുകളില്‍ ഓരോന്ന് വീതം ടവറുകള്‍ മോഷണം പോയിട്ടുണ്ടെന്നാണ് ജി.ടി.എല്‍ ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ കമ്പനി ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഹാന്‍സന്‍ പി മാത്യു മുഖാന്തിരം പരാതി നല്‍കിയിരിക്കുന്നത്.

അമ്പത് ലക്ഷം രൂപ വരെ വില വരുന്നതാണ് ഓരോ ടവറുകളും. ടവര്‍ അപ്രത്യക്ഷമായ സ്ഥലങ്ങളില്‍ അതാത് സ്‌റ്റേഷനുകളില്‍ പ്രത്യേകമായി പരാതി നല്‍കിയതാണ് വന്‍ കവര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാന്‍ വൈകിയതിന് കാരണം. പാലക്കാട് കസബ പൊലീസ് പുതുശ്ശേരിയിലെ ടവര്‍ മോഷണക്കേസില്‍ തമിഴ്‌നാട് സേലം മേട്ടൂര്‍ നരിയനൂര്‍ ഉപ്പുപള്ളം പളളിപ്പെട്ടി കൃഷ്ണകുമാര്‍( 46) നെ പിടികൂടിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. 2022 ഏപ്രില്‍ നാലിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ റിമാന്റിലാണ്.

2008 മുതല്‍ എയര്‍സെലിന് വേണ്ടിയാണ് ജി.ടി.എല്‍ കമ്പനി സംസ്ഥാനത്ത് 500 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചത്. ഇതിനായി സ്ഥലം ഉടമകള്‍ക്ക് മാസ വാടക നിശ്ചയിച്ച് 20 വര്‍ഷത്തേക്ക് കരാറും ഉണ്ടാക്കിയിരുന്നു. 2013 ല്‍ എയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും മറ്റു സേവന ദാതാക്കള്‍ക്കായി ടവറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2015 മതുല്‍ 2020 വരെ കാലയളവില്‍ 250 ഓളം ടവറുകളില്‍ സേവനം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് സംഘം മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. പുതിയ മൈബല്‍ സേവന ദാതാക്കള്‍ ജി.ടി.എല്‍ കമ്പനിയെ സമീപിച്ചതോടെ നടത്തിയ പരിശോധനയിലാണ് ടവറുകള്‍ അപ്രത്യക്ഷമായതായി കണ്ടത്. ഇതോടെ കോഴിക്കോട് നടക്കാവില്‍ 2021 ഡിസംബറില്‍ ആദ്യം പരാതി നല്‍കി. അവസാനമായി എറണാകുളം കളമശ്ശേരിയില്‍ ഒരു മാസം മുമ്പും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

പ്രവര്‍ത്തനം ഇല്ലാത്ത ടവറുകള്‍ മനസ്സിലാക്കി സ്ഥലം ഉടമകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ നല്‍കിയാണ് പ്രതി കൃത്യം കടത്തിയത്. പുതുശ്ശേരിയിലെ സംഭവം 2021 ഡിസംബര്‍ 3,4,5 ദിവസങ്ങളിലാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം രാവും പകലുമായി പത്തോളം തൊഴിലാളികള്‍ ടവര്‍ ജോലി ചെയ്താണ് പാലക്കാട് നിന്നും ലോറികളില്‍ ടവര്‍ കഷ്ണങ്ങളാക്കി തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്. തമിഴ് നാട്ടിലും സമാനം സംഭവം നടന്നിട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.

പ്രതിയെ വലയിലാക്കിയത് ആസൂത്രിത നീക്കത്തിലൂടെ

പാലക്കാട്: സംസ്ഥാനത്ത് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത വന്‍ കവര്‍ച്ചാ കേസിന് തുമ്പുണ്ടാക്കിയത് പാലക്കാട് കസബ പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെ. 2022 ഏപ്രില്‍ 4 നാണ് കോടതിയുടെ നിര്‍ദേശത്തോടെ ദേശീയപാതയോരത്ത് പുതുശ്ശേരിയില്‍ ജി.ടി.എല്‍ കമ്പനിയുടെ ടവര്‍ മോഷണം പോയതിന് കസബ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ടവര്‍ വാങ്ങുന്നതിന് പണം നല്‍കാന്‍ സ്ഥലം ഉടമയുടെ ബന്ധുവിനെ വിളിച്ച മൈബല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ടവര്‍ കൊണ്ടുപോകുന്നത് കണ്ട പ്രദേശ വാസികളില്‍ നിന്നും ചുമട്ടു തൊഴിലാളികളില്‍ നിന്നും കൂടുതല്‍ വിവരം ലഭിച്ചു. പ്രതി സേലത്തുണ്ടെന്ന് മനസ്സിലാക്കി വീട്ടിലെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. പിന്നീട് തന്ത്രപൂര്‍വം പാലക്കാട്ടേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പാലക്കാട് എസ്.പി ആര്‍ വിശ്വനാഥ്, എ.എസ്.പി ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍.എസ്, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദ്, വനിതാ സി.പി.ഒ രമ്യ എന്നിവരാണ് കേസ് അന്വേഷിച്ചത്.

രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റു കേസുകളില്‍ സംഭവ സ്ഥലങ്ങളില്‍ പ്രതി കൃഷ്ണകുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന കാര്യമാണ് ഇപ്പോള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നത്. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സംബന്ധിച്ചും പൊലീസ് പരിശോധിച്ച് വരികയാണ്. പാലക്കാടിനു പുറമെ തൃശൂര്‍, കൊല്ലം ജില്ലകളിലെ കവര്‍ച്ചയില്‍ പിടിയിലായ പ്രതിക്ക് നേരിട്ട് പങ്കുണ്ടെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് കസബ പൊലീസ്.

പിന്നില്‍ വന്‍ റാക്കെറ്റെന്ന് സൂചന; കോയമ്പത്തൂരിലും സമാന പരാതികള്‍

പാലക്കാട് ടവര്‍ മോഷണക്കേസില്‍ ഒരു പ്രതി പിടിയിലായതോടെ അയല്‍ സംസ്ഥാനത്തും കൂടുതല്‍ കേസുകളുണ്ടെന്ന് വിവരം. കോയമ്പത്തൂരില്‍ മാത്രം 22 ഓളം ടവര്‍ മോഷണ പരാതികള്‍ ഉണ്ടെന്നും വിവരമുണ്ട്. പാലക്കാട് കസബ പൊലീസ് പ്രതിയെ പിടികൂടിയതോടെ തമിഴ് നാട്ടില്‍ നിന്നും ജി.ടി.എല്‍ കമ്പനിയുടെ പ്രതിനിധി വിവരങ്ങളന്വേഷിച്ച് കഴിഞ്ഞ ദിവസം പാലക്കാട് നേരിട്ടെത്തി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകള്‍ക്ക് പിന്നിലും ഒരേ സംഘമാണോ എന്ന് അറിയാനാണ് ഇവര്‍ കേരളത്തിലെത്തിയത്.

 

webdesk11: