തൊടുപുഴ: 2023 ലെ രണ്ടാമത്തെ മറയൂര്‍ ചന്ദന ലേലത്തില്‍ ആദ്യ ദിവസം 29 കോടി രൂപയുടെ ചന്ദനം വില്‍പ്പന നടന്നു. ഓണ്‍ ലൈനായി നടന്ന ലേലത്തില്‍ പങ്കെടുത്ത കമ്പനികളുടെ എണ്ണത്തില്‍ കുറവ് വന്നു. കര്‍ണ്ണാടക സോപ്സ്, കേരളാ ഫാര്‍മസ്യൂട്ടിക്കല്‍(ഔഷധി) , ജയ്പൂര്‍ സി എം ടി ആര്‍ട്സ് ഇന്ത്യ ലിമിറ്റഡ്, ജയ്പൂര്‍ ക്ളോഡ് 9, തൃശൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍, കെ.എഫ്.ഡി.ഡി, കൊച്ചിന്‍ ദേവസ്വം, തിരുനാവായ ക്ഷേത്രം, കളരിക്കല്‍ ഭഗവതി ദേവസ്വം, നെടുംപറമ്പില്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം ദേവസ്വം, എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍.
പതിനഞ്ച് ക്ലാസുകളിലായി 169 ലോട്ടില്‍ 68.632 ടണ് ചന്ദനമാണ് ലേലത്തിന് ഒരുക്കിയിരുന്നത്. ചന്ദനം ലേലത്തില്‍ ആദ്യ രണ്ട് സെഷനുകളിലായി 23731.8 കിലോഗ്രാം ചന്ദനം വില്‍ക്കാന്‍ സാധിച്ചു. ക്ലാസ് നാല് വിഭാഗത്തില്‍പ്പെട്ട ഗോട്ടിയ ഇനത്തില്‍പ്പെട്ട ചന്ദനത്തിന് ശരാശരി 15711 രൂപ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചു. സാപ്പ് വുഡ് ബില്ലറ്റിന് ( ചന്ദനം ചെത്തുമ്പോള്‍ ലഭിക്കുന്ന വെളുത്ത ഭാഗം) 225 ഏറ്റവും കുറഞ്ഞ വില. ഉച്ചകഴിഞ്ഞ് രണ്ടാമത്തെ സെഷനില്‍ കര്‍ണ്ണാടക സോപ്സ് മാത്രമാണ് പങ്കെടുത്തത്. ലേലത്തില്‍ പതിവായി പങ്കെടുത്ത് ഏറ്റവും അധികം ചന്ദനം വാങ്ങാറുള്ള കര്‍ണ്ണാടക സോപ്സാണ് ഇത്തവണയും ഏറ്റവും അധികം ചന്ദനം വാങ്ങിയിരിക്കുന്നത് 19255.2 കിലോഗ്രാം ചന്ദനം 20.33 കോടി രൂപക്കാണ് വാങ്ങിയത്. ഓണ്‍ ലൈനിലായി ലേലം നടത്തുന്നത് കൊല്ക്കത്ത ആസ്ഥാനമായ മെറ്റല് ആന്റ് സ്‌കാര്പ്പ് ട്രേഡിങ്ങ് കമ്പനിയാണ്. രണ്ടാം ദിവസമായ നാളെയും രണ്ട് സെക്ഷനുകളായി ലേലം തുടരുമെന്ന് ഡിവിഷണല്‍ ഫോറസ്ററ് ഓഫിസര്‍ എം.ജി.വിനോദ് കുമാര്‍ അറിയിച്ചു.