X

തുടര്‍ഭരണത്തിലെ കണ്ടകശനി

ഷാജഹാന്‍ കാരുവള്ളി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം എന്തുകൊണ്ടും ശ്രദ്ധേയമാണ്. ‘കണ്ടകശനി കൊണ്ടേ പോകൂ’വെന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളില്‍നിന്ന് കാ ണാനാകുന്നത്. ഒന്നാം സര്‍ക്കാരിന്റെ പ്രവര്‍ത്തനം ‘സ്വപ്‌ന’ സുന്ദരമായിരുന്നുവെങ്കില്‍ രണ്ടാമത്തേത് ‘സ്വര്‍ണ’മയമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും. ‘ന്യൂനപക്ഷ ക്ഷേമ വകുപ്പ്’ ആദ്യം പ്രഖ്യാപിച്ച മന്ത്രിയില്‍ നിന്ന് ഒരു സമുദായത്തെ മുഴുവന്‍ മോശക്കാരാക്കുന്ന രീതിയില്‍ തിരിച്ചെടുത്ത് പിണറായി സ്വന്തമാക്കിയതുമുതലാണ് കണ്ടകശനി തുടങ്ങിയത്.

സത്യപ്രതിജ്ഞചെയ്ത ഉടനെ സര്‍ക്കാരിന്റെ മുഖം നന്നാക്കാന്‍ കോവിഡ് മരണനിരക്ക് കുറച്ചുകാട്ടാനുള്ള ശ്രമമാണ് നടന്നത്. ഇതിനെതിരേയും കോവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ അപാകതയേയും വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പൊളിച്ചടക്കിയതോടെ നയം തിരുത്താന്‍ പിണറായിയും ആരോഗ്യമന്ത്രിയും തയ്യാറാകേണ്ടി വന്നു. രജീന്ദര്‍ സച്ചാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡം കാറ്റില്‍പറത്തിമുസ്‌ലിം വിഭാഗത്തിന് ലഭ്യമാക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ച പിണറായി തെരഞ്ഞെടുപ്പ് കഴിയുംവരെ മാലോകരില്‍നിന്ന് ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനത്തിലെ സത്യം മൂടിവെച്ചു. മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന രീതിയിലുള്ള കള്ളപ്രചാരണം തെരഞ്ഞെടുപ്പിന്മുമ്പ് ചില സംഘടനകള്‍ വ്യാപകമായി നടത്തിയപ്പോള്‍ ക: മ എന്ന് മിണ്ടാന്‍ സി.പി.എം നേതാക്കളും തയ്യാറായില്ല. എന്നാല്‍ തുടര്‍ഭരണത്തില്‍ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് സത്യം പുറത്ത് പറയേണ്ടി വന്നു. ഇതിനിടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ അഴിമതി പി.ടി തോമസ് എം.എല്‍.എ പുറത്ത്‌കൊണ്ടുവന്നത്. സര്‍ക്കാരും മന്ത്രിയും പിണിയാണുകളും ഒക്കെ ചേര്‍ന്ന് നടത്തിയ ‘മുട്ടില്‍ മരം കൊള്ള’ സര്‍ക്കാരിനെയാകെ പിടിച്ചുലച്ചു. സി.പി. എമ്മിനൊപ്പം സി.പി.ഐക്കുമുള്ള പങ്ക് വെളിച്ചത്തായതോടെ ഇതിനെ പ്രതിരോധിക്കാനായി സര്‍ക്കാരിന്റെ ശ്രമം.

ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് ബ്രണ്ണല്‍ കോളജിലെ തന്റെ അനുഭവങ്ങള്‍ പങ്ക് വെച്ചിരുന്നു. കോവിഡ് വിവരിക്കുന്നതിനുള്ള പ്രധാന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതിന് മറുപടി വിളമ്പാന്‍ ശ്രമിച്ച് പൊതജനത്തിന്റെ എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടിവന്നു. ഇതിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ കുഴല്‍പ്പണക്കേസ് സംസ്ഥാനത്ത് വലിയ അലയൊലിയാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ സുരേന്ദ്രനെതിരേ കേസ് ചാര്‍ജ് ചെയ്യുന്നതിനോ അന്വേഷണം നേരാംവിധം നടത്താനോ ബി.ജെ.പി പേടിയില്‍ മുഖ്യമന്ത്രി തയ്യാറായില്ല. കുഴല്‍പ്പണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് അഴിമതിക്കായി ലക്ഷങ്ങള്‍ ഒഴുക്കിയ സി.കെ ജാനുവുള്‍പെടെയുള്ള എന്‍.ഡി.എ നേതാക്കളുടെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്ത്‌വന്നെങ്കിലും അവയിലൊന്നും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല അവരെ സഹായിക്കുന്ന നിലപാടാണ് ഭരണത്തിന്റെ പല കോണുകളില്‍നിന്നും ഉയര്‍ന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ രക്ഷിക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടെ ‘ബ്രണ്ണന്‍’ കഥകളിലെ മറുപടി ലക്ഷ്യമിട്ടതെന്നാണ് പൊതുവേ വിലയിരുത്തുന്നത്. എന്നാല്‍ എം.എസ്.എഫ് നേതാവ് നടത്തിയ ഇടപെടലില്‍ സുരേന്ദ്രനും സി.കെ ജാനുവിനുമെതിരെ സര്‍ക്കാരിന് കേസെടുക്കേണ്ടി വന്നു. ഇതിനിടെയാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന പെണ്‍കുട്ടികള്‍ക്ക് നീതി നടപ്പാക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന വിമര്‍ശനമുയരുകയും നിരവധി ആത്മഹത്യകളും അരങ്ങേറിയത്. വനിതകളുടെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതെ അവരോട് തട്ടിക്കയറിയ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ രക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐ ഉള്‍പെടെയുള്ള ചില നേതാക്കള്‍ നടത്തിയ ശ്രമം പ്രതിപക്ഷ യുവജന സംഘടനകളുടേത് ഉള്‍പെടെ കൂടുതല്‍ ജനരോഷം ഉയര്‍ന്നതോടെ തിരിച്ചടിയായി. പാര്‍ട്ടി യോഗത്തില്‍ ജോസഫൈന്റെ രാജി എഴുതി വാങ്ങി തടിയൂരേണ്ടിവന്നു സര്‍ക്കാരിന്.

ഇപ്പോള്‍ സി.പി.എമ്മിനെയും സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുന്നത് സൈബര്‍ സഖാക്കളുടെ സ്വര്‍ണ്ണക്കടത്ത് ബന്ധവും പാര്‍ട്ടിക്കാരായ ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനവുമാണ്. കേരളത്തിലേക്ക്കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം സൈബര്‍ സഖാക്കള്‍ സി.പി.എമ്മലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുയാണ് പതിവ്. ഈ ക്വട്ടേഷന്‍ സംഘത്തില്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകി കൊടി സുനിയും സൈബര്‍ സഖാക്കളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമുള്‍പെടെയുള്ള വലിയ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. പിടിക്കപ്പെട്ടതില്‍ കൂടുതലാണ് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത്‌വന്നുകൊണ്ടിരിക്കുന്നത.് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന സ്വര്‍ണ-കുഴല്‍പ്പണ കൂട്ടുകൃഷിയുടെ ഒരു അറ്റം മാത്രമാണിതെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തുവരാനുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

 

Test User: