നൗഷാദ് മണ്ണിശ്ശേരി
മുന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20അനുപാതം, മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം യാഥാര്‍ഥ്യമെന്ത്?. യുഡിഫ് കാലത്താണ് ഇവ നടപ്പാക്കിയത് എന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം ചരിത്രവുമായി പുലബന്ധം പോലുമില്ലാത്തതാണെന്നു സാമാന്യ ബോധം ഉള്ളവര്‍ക്ക് അറിയാം. വിഷയത്തിന്റെ മേറിറ്റ് മൂടിവെക്കുകയാണ് ഇവരുടെ ലക്ഷ്യം. അഞ്ചു വര്‍ഷം ന്യുനപക്ഷ വകുപ്പ് ഭരിച്ച കേ. ടി ജലീലിന്റെ ലേഖനം തന്റെ കഴിവില്ലായ്മയും പക്വതക്കുറവും ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 80:20അനുപാതവുമായി ബന്ധപ്പെട്ടോ മദ്‌റസാധ്യാപകരുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതിയും ആരും ഉയര്‍ത്തിയതായി കേട്ടിട്ടില്ല എന്ന ജലീലിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ മാത്രം മതി ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായ അനിഷ്ടത്തിന്റെ മുഴുവന്‍ കാരണവും ജലീല്‍ എന്ന മന്ത്രിയുടെ ഭരണാധികാരി എന്ന നിലക്കുള്ള വീഴ്ചകള്‍ മനസ്സിലാക്കാന്‍. ജലീല്‍ അവകാശപ്പെട്ടതുപോലെ യു.ഡി.എഫിന്റെ സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്തിട്ട് പോലും തന്റെ നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് എന്തുകൊണ്ട് തക്കസമയത്ത് നേരെചൊവ്വേ ഉത്തരം നല്‍കാന്‍ ജലീലിന് കഴിയാതെ പോയി
എന്നാണ് കേരളീയര്‍ക്ക് അറിയേണ്ടത്.
ജലീലിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും കുറ്റകരമായ അനാസ്ഥയും മൗനവും കൊണ്ട് കേരളത്തിനു സംഭവിച്ച പരിക്ക് ചില്ലറയല്ല. മുസ്ലിം സമുദായത്തിന് അന്യായമായ എന്തൊക്കെയോ വാരിക്കോരി കൊടുത്തു എന്ന തോന്നല്‍ ഉണ്ടാക്കിയത് ജലീലിന്റെ ചില പ്രസ്താവനകള്‍ ആയിരുന്നു. ഇതുവഴി ചില മുസ്ലിം സംഘടനകളുടെയങ്കിലും വോട്ട് ഉറപ്പിക്കാനും യു.ഡി.എഫ് അധികാരത്തില്‍ എത്തുന്നതോടെ മുസ്ലിംലീഗിന്റെ അപ്രമാദിത്യമായിരിക്കും വരാന്‍ പോകുന്നത് എന്ന് ഇതര സമുദായങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിന് സാധിച്ചു ഇതായിരുന്നു ആ മൗനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുബുദ്ധി. എല്ലാം ചെയ്ത് വെച്ചും പ്രബലരായ രണ്ട് സമുദായങ്ങളെ തമ്മിലകറ്റിയും തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ട് യാതൊരു പ്രയോജനവും ഇല്ലാത്ത വിശദീകരണവുമായി വന്നിരിക്കുകയാണ് ജലീല്‍ ഇപ്പോള്‍. ഇവിടെയും പഴി മുഴുവന്‍ മുസ്ലിംലീഗിന് തന്നെ. സര്‍ക്കാറിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ ബന്ധുവിന് അന്യായമായി ജോലി വാങ്ങിക്കൊടുത്തതിനെ മുസ്ലിംലീഗ് നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട്. അതിനപ്പുറത്ത് ജലീല്‍ സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് മുസ്ലിംലീഗ് എവിടെയും ആരോപിച്ചിട്ടില്ല അത് ആരോപിച്ചത് ക്രൈസ്തവ സമുദായങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങളുമായിരുന്നു. പക്ഷേ ജലീലും സി.പി.എമ്മും അപകടകരമായ മൗനത്തിന്റെ വല്മീകത്തില്‍ ഒളിക്കുകയായിരുന്നു. കൃസ്ത്യന്‍ സഭകള്‍ ആരോപണമുന്നയിച്ചത് ജലീലിന് നേരെയാണ് .
അന്ന് പിണറായിയാണ് മുഖ്യമന്ത്രി
പക്ഷെ രണ്ട് പേരും ഒന്ന് രണ്ട് വര്‍ഷമായി ആരോപണങ്ങളെ നിഷേധിച്ചില്ല.
അത് വഴി മുസ്ലിംകള്‍ എന്തൊക്കെയോ അന്യായമായി കൊണ്ടുപോകുന്നു എന്ന തോന്നല്‍ കൃസ്ത്യാനികള്‍ക്കുണ്ടാവാനും അത് സാമൂഹ്യ ബന്ധം വഷളാവാനും കാരണമായി. ഇപ്പോള്‍ പുതിയ മന്ത്രിസഭയില്‍ ആ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നു.
ഒരു വിഭാഗം തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ മറു വിഭാഗത്തിന് പരാതിയുണ്ടായതിനാലാണ് നടപടി എന്നാണ് സി.പി.എം വിശദീകരിച്ചത്.
ആ പരാതിയിലെ സത്യാവസ്ഥ വെളിപ്പെടുത്തി സമൂഹത്തിലുണ്ടായ അകല്‍ച്ച മാറ്റേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ തുടരുന്ന മൗനവും വകുപ്പ് ഏറ്റെടുക്കലും പരാതി മുഖ്യമന്ത്രി വിശ്വസിച്ചിരിക്കുന്നു എന്ന ധാരണയാണുണ്ടാക്കുന്നത്.
അതെ സമയം, തന്റെ വശം ന്യായീകരിച്ച് ജലീല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. എന്താണിതിനര്‍ഥം.?
പക്ഷെ, ജലീലും മുഖ്യമന്ത്രിയും ഇതിലൊന്നും കക്ഷിയല്ലാത്ത മുസ്ലിംലീഗിന്റെ നേരെ തിരിയുന്നത് എന്തിനാണ്? ആരോപണം ഉന്നയിച്ച സഭാ നേതൃത്വത്തെ അഭിമുഖീകരിക്കാന്‍ ജലീലെന്തിനാണ് മടിക്കുന്നത്? ലീഗ് വകുപ്പ് കൈകാര്യം ചെയ്തപ്പോഴൊന്നും ഉണ്ടാകാത്ത പരാതികള്‍ എങ്ങനെ ജലീലിനെതിരെ ഉണ്ടാവുന്നത് ?
മറുപടി പറയേണ്ടത് ജലീലും മുഖ്യമന്ത്രിയുമാണ്.