X

രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് 2019നെ അപേക്ഷിച്ച് 2020ല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയുള്ള കേസുകളാണ് ഇത്രയും വലിയ രൂപത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
ഇതോടൊപ്പം മഹാമാരി കാലത്ത് മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും വ്യാജ വാര്‍ത്തളാണ് പൊലീസിനെ ശരിക്കും വലച്ചതെന്ന് കണക്കുകള്‍ പറയുന്നു. 2019നെ അപേക്ഷിച്ച് വ്യാജ വാര്‍ത്തകള്‍ക്കു പിന്നാലെയുണ്ടായ അതിക്രമങ്ങള്‍ വര്‍ധിച്ചു.

വ്യാജ വാര്‍ത്തകളും കിംവദന്തികളും 2019നെ അപേക്ഷിച്ച് 2020ല്‍ ഇരട്ടിച്ചു. 2018ല്‍ ഇത്തരം 280 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2019ല്‍ 486 ആയും 2020ല്‍ 1527 ആയും ഉയര്‍ന്നു. 2019ല്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 45985 കേസുകളാണ് 2020ല്‍ ഇത് 51606 ആയി വര്‍ധിച്ചു. വ്യാജ വാര്‍ത്തകള്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായും എന്‍. സി.ആര്‍.ബി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ മതം കലാപത്തിന് കാരണമായത് 857 കേസുകളിലാണ്. കാര്‍ഷിക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 2188 കേസുകളും സ്ഥലം സംബന്ധിയായ 10652 കേസുകളും 2020 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മായം ചേര്‍ക്കല്‍ സംബന്ധിയായ കേസുകളിലും വര്‍ധനവുണ്ടായി. 2019നെ അപേക്ഷിച്ച് 28 ശതമാനത്തോളം കുറ്റകൃത്യങ്ങളില്‍ 2020 വര്‍ഷത്തിലുണ്ടായി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഡല്‍ഹിയില്‍ മാത്രം 11.8 ശതമാനം വര്‍ധനവാണുണ്ടായത്. അതേ സമയം 2020ല്‍ രാജ്യത്ത് പ്രതിദിനം 80 കൊലപാതകങ്ങളും 77 ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.

2020ല്‍ ശരാശരി പ്രതിദിനം 80 കൊലപാതകം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 29,193 കൊലപാതകങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. യു.പിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്.
2019നേക്കാള്‍ കൊലാപാതക കേസുകളില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവാണ് 2020ല്‍ ഉണ്ടായത്. 2019ല്‍ പ്രതിദിനം 79 കൊലപാതകങ്ങള്‍ എന്ന തോതില്‍ 28,915 കൊലപാതകങ്ങളായിരുന്നു ഉണ്ടായത്. യു.പിയില്‍ 2020ല്‍ 3779 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബിഹാര്‍ (3150), മഹാരാഷ്ട്ര (2163), മധ്യപ്രദേശ് (2101), പശ്ചിമ ബംഗാള്‍ (1948) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 472 കൊലപാതകങ്ങളാണ് 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം 28046 ബലാത്സംഗ കേസുകളാണ് രാജ്യത്തുണ്ടായത്. അതായത് പ്രതിദിനം 77 കേസുകള്‍ എന്ന തോതില്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളുടെ പേരില്‍ 3,71,503 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2019നെ അപേക്ഷിച്ച് ഇത് 8.3 ശതമാനത്തിന്റെ കുറവാണ്.
ബലാത്സംഗ കേസുകള്‍ രാജസ്ഥാനിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് (5310). യു.പി 2769, മധ്യപ്രദേശ് 2339, മഹാരാഷ്ട്ര 2061 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ എടുത്ത കേസുകളില്‍ 1,11,549 കേസുകളും ഭര്‍ത്താവിന്റേയോ ബന്ധുക്കളുടെയോ പേരിലാണ്. 62,300 കേസുകള്‍ തട്ടിക്കൊണ്ടു പോയതിനാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ 85,392 കേസുകളും ബലാത്സംഗ ശ്രമത്തിന് 3741 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2020ല്‍ 105 ആസിഡ് ആക്രമണങ്ങളും 6966 സ്ത്രീധന പീഡന കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് യു.പിയിലാണ്. 12913 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാള്‍ 9309, മഹാരാഷ്ട്ര 8103, ബിഹാര്‍ 7889, മധ്യപ്രദേശ് 7320 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍.
88,590 തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ 84,805 ഇരകളാക്കപ്പെട്ടത്. ഇതില്‍ 56,591 ഉം കുട്ടികളാണ്. 2019നെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ കേസുകളില്‍ 13.2 ശതമാനത്തിന്റെ കുറവാണ് 2020ല്‍ ഉണ്ടായത്. 1,28,531 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതേ കാലയളവില്‍ 1714 മനുഷ്യക്കടത്ത് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

 

 

Test User: