X

ഗുജറാത്ത് കലാപം: 28 പ്രതികളെ വെറുതെവിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ ജില്ലയിലെ പലിയാട് വില്ലേജില്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 28 പ്രതികളെ കോടതി വെറുതെവിട്ടു. കലോള്‍ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്. 2002 ഫെബ്രുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം.

ഗോധ്ര ട്രെയിന്‍ ദുരന്തത്തെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ കലാപത്തിനിടെയാണ് കലോള്‍ താലൂക്കിലെ പലിയാട് വില്ലേജില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. 250ഓളം പേരടങ്ങുന്ന കലാപകാരികള്‍ ഗ്രാമം ആക്രമിക്കുകയും വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളിവെക്കുകയും ചെയ്തു.
പ്രദേശത്തെ ഒരു ദര്‍ഗയും കലാപകാരികള്‍ ഭാഗികമായി തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 28 പേരെയാണ് പ്രതിചേര്‍ത്തിരുന്നത്.

കലോള്‍ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ബി.ഡി പട്ടേല്‍ ആണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കേസിലെ സാക്ഷികളെല്ലാം നേരത്തെ കൂറുമാറിയിരുന്നു. ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ഭാഗമായി പ്രതികള്‍ ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കിയിരുന്നതായി എതിര്‍ഭാഗം അഭിഭാഷകന്‍ ഭവേഷ് റാവലും കോടതിയില്‍ പറഞ്ഞു.

chandrika: