കോപ്പന്‍ഹേഗന്‍: പാര്‍ക്കന്‍ സ്റ്റേഡിയം. യൂറോപ്പിലെ വിഖ്യാതമായ കളിമുറ്റങ്ങളിലൊന്ന്. ഡാനിഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തുന്ന കളിമുറ്റം. ഇന്ന് ഇവിടെ ഡെന്മാര്‍ക്ക് കളിക്കുന്നില്ല. യൂറോയിലെ മൂന്നാം പ്രി ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കാരും സ്പാനിഷ് പോരാളികളുമാണ് നേര്‍ക്കുനേര്‍. രണ്ട് രാജ്യങ്ങളുടെയും ധാരാളം അനുകൂലികള്‍ കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ഇവിടെ എത്തിയിരിക്കുന്നു. പക്ഷേ ഇരിപ്പിടങ്ങള്‍ നിറക്കാന്‍ ഡാനിഷ് കാണികള്‍ തന്നെ വേണം. അവരെല്ലാം ഇന്ന് വരുന്നുണ്ട്. കാരണം അവരുടെ ടീം വെയില്‍സിനെ നാല് ഗോളിന് തോല്‍പ്പിച്ച് അവസാന എട്ടില്‍ എത്തിയിരിക്കുന്നു. അതിനാല്‍ ടെന്‍ഷനില്ലാതെ കളി ആസ്വദിക്കാം.
ക്രോട്ടുകാര്‍ കരുത്തിലേക്ക് വരുന്ന കാഴ്ച്ചയാണ് യൂറോയുടെ അന്തിമ ഘട്ടത്തില്‍ കണ്ടത്. ആദ്യ മല്‍സരങ്ങളില്‍ സമനിലകളിലുടെ സ്വന്തം ആരാധകരുടെ കൈയ്യടി ലഭിക്കാതിരുന്ന സ്‌പെയിനും പതിവ് കരുത്തിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 9-30ന് നടക്കുന്ന പോരാട്ടത്തില്‍ തീപ്പാറും. തോല്‍ക്കാന്‍ പാടില്ല. തോറ്റാല്‍ പിന്നെ തലയും താഴ്ത്തി മടങ്ങണം.
സ്പാനിഷ് സംഘത്തിന് അത് ആലോചിക്കാന്‍ പോലുമാവില്ല. മുന്‍ ലോക ചാമ്പ്യന്മാരാണ് അവര്‍. പ്രാഥമിക റൗണ്ടില്‍ ആദ്യ രണ്ട് മല്‍സരങ്ങളിലും സമനില വഴങ്ങിയപ്പോള്‍ തന്നെ ടീമിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു. സൂപ്പര്‍ താരം അല്‍വാരോ മോറാത്തയെ പോലുള്ളവര്‍ പോലും സാമുഹ്യ മാധ്യങ്ങളിലുടെ വേട്ടയാടപ്പെട്ടിരുന്നു ആദ്യ മല്‍സരത്തില്‍ സ്വീഡനുമായി കളിച്ചപ്പോള്‍ ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്യാന്‍ സ്വിഡിഷ് മുന്‍നിരക്കോ മധ്യനിരക്കോ കഴിഞ്ഞിരുന്നില്ല. രണ്ടാം മല്‍സരത്തില്‍ പോളണ്ടിനെതിരെ കളിച്ചപ്പോഴും മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ ടീമിനായില്ല. ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്ക് പോവുമോ എന്ന നാണക്കേട് മുന്നില്‍ നില്‍ക്കവെ സ്ലോവാക്യക്കാര്‍ക്കെതിരെ അഞ്ച് ഗോള്‍ സ്‌ക്കോര്‍ ചെയ്ത് ജയിക്കാനായി. ഈ വിജയം മാത്രമാണ് സ്‌പെയിന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. അവിടെയും ടീമിന് ആദ്യം ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്താന്‍ മോറാത്തക്ക് കഴിയാത്തതും ചര്‍ച്ചയായിരുന്നു. മുന്‍നിര തന്നെയാണ് സ്പാനിഷ് തലവേദന. ലൂയിസ് എന്‍ട്രികെ എന്ന പരിശീലകന്‍ മധ്യനിര കേന്ദ്രീകരിച്ചുള്ള കേളി ശൈലിക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പന്ത് ഹോള്‍ഡ് ചെയ്തുള്ള പതിവ് സ്പാനിഷ് ഗെയിം ക്രോട്ടുകാര്‍ക്കെതിരെ എത്രത്തോളം ഫലപ്രദമാവുമെന്നതാണ് വലിയ ചോദ്യം. സ്പാനിഷ് പാസിങ് ഗെയിം എല്ലാവര്‍ക്കുമറിയാം. ഈ തന്ത്രത്തിനെതിരെ അതിവേഗ പ്രത്യാക്രമണ തന്ത്രമായിരിക്കും ക്രോട്ടുകാരുടെ ആയുധം. സ്പാനിഷ് പ്രതിരോധത്തിന് പതിവ് കരുത്തില്ല. അതിന് പ്രധാന കാരണം സീനിയര്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ അഭാവം തന്നെ. ഐമറിക് ലപോര്‍ട്ടെ, ഡിയാഗോ ലോറന്റെ, എറിക് ഗാര്‍സിയ തുടങ്ങിയവരാണ് നിലവില്‍ പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നവര്‍. പക്ഷേ ഇവര്‍ സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറുന്നു. നായകന്‍ സെര്‍ജിയോ ബുസ്‌കിറ്റസാണ് മധ്യനിരക്ക് നേതൃത്വം നല്‍കുന്നത്. പക്ഷേ ബാര്‍സിലോണക്കാരന് പതിവ് കരുത്തില്‍ കളിക്കാനാവുന്നില്ല.
മുന്‍നിരയില്‍ ഫെറാന്‍ ടോറസ് ഇന്ന് ആദ്യ ഇലവനിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ബാര്‍സിലോണയുടെ പെദ്രിയും മോറാത്തക്കൊപ്പമുണ്ടാവും. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനാവാത്തപക്ഷം സ്പാനിഷ് ടീം സമ്മര്‍ദ്ദത്തിലേക്ക് പോവും. ലുക്കാ മോദ്രിച്ച് എന്ന നായകന് കീഴീല്‍ നല്ല തുടക്കമായിരുന്നില്ല ക്രോട്ടുകാര്‍ക്ക് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ വെംബ്ലിയിലായിരുന്നു ആദ്യ മല്‍സരം. കാണികളും മാധ്യമങ്ങളും ചെലുത്തിയ സമ്മര്‍ദ്ദത്തിലും ഒരു ഗോളിനായിരുന്നു തോല്‍വി. പക്ഷേ രണ്ടാം മല്‍സരത്തില്‍ മെച്ചപ്പെട്ട് കളിക്കുന്ന ക്രോട്ടുകാരെ കണ്ടു. ചെക്ക് റിപ്പബ്ലിക്കുമായി 1-1 സമനില. മൂന്നാം മല്‍സരത്തില്‍ വലിയ വിജയം അത്യാവശ്യമായ ഘട്ടത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡുകാര്‍ക്കെതിരെ 3-1 ജയം. ഈ മികവ് ആവര്‍ത്തിക്കാനാവുമെന്നാണ് നായകന്‍ പറയുന്നത്. മോദ്രിച്ചിനിത് അവസാന യൂറോയാണ്. അതിനാല്‍ തന്നെ ലോകകപ്പില്‍ നഷ്ടമായ ഒന്നാം സ്ഥാനം യൂറോയല്‍ തിരികെ പിടിക്കാനാവുമോ എന്നത് തന്നെയാണ് റയല്‍ മാഡ്രിഡ് താരത്തിന്റെ വലിയ ലക്ഷ്യം. ഇവാന്‍ പെറിസിച്ച്, ആന്‍ഡി റാബിച്ച്, മതിയോ കോവാസിച്ച്, ബ്രൂണോ പെറ്റ്‌കോവിച്ച് തുടങ്ങിയ അനുഭവ സമ്പന്നരാണ് ടീമിന്റെ ശക്തി. ആരെയും കൂസാത്ത ശൈലിയാണ് ക്രൊയേഷ്യയുടേത്. ഇന്നും അതിന് മാറ്റമുണ്ടാവില്ല എന്നിരിക്കെ വിത്യസ്ത ശൈലിക്കാരുടെ അങ്കത്തിന് പ്രസക്തി ധാരാളമുണ്ട്.