X

നടപടികള്‍ ഉദാരമാക്കി യുവാക്കളുടെ നാനോ സംരംഭങ്ങള്‍ക്ക് നാലു ലക്ഷം വരെ ഗ്രാന്റ്

ചെറിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് വര്‍ധിപ്പിച്ചു. 40 വയസിനു താഴെയുള്ള സംരംഭകര്‍ക്ക് നാനോ വ്യവസായം തുടങ്ങാന്‍ മാര്‍ജിന്‍ മണിയുടെ 40 ശതമാനം വരെ ഗ്രാന്റായി ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ പ്രത്യേക വിഭാഗം എന്ന നിലക്കാണ് ഗ്രാന്റ് ഉയര്‍ത്തിയത്. വനിതകള്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍ എന്നിവരും പ്രത്യേക വിഭാഗത്തില്‍ പെടും. പത്തുലക്ഷം പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന സംരംഭങ്ങള്‍ക്ക് നാലു ലക്ഷം രൂപ വരെയാണ് ഗ്രാന്റായി നല്‍കുക. ഇത്തരം പദ്ധതികള്‍ക്ക് സംരംഭകന്റെ വിഹിതം രണ്ടുലക്ഷമായി കുറച്ചിട്ടുണ്ട്. 40 ശതമാനം വായ്പയായി ലഭിക്കും. പൊതുവിഭാഗത്തിന് നിലവില്‍ 30 ശതമാനമാണ് ഗ്രാന്റ്. 30-40 ശതമാനം നിരക്കിലാണ് വിഹിതവും വായ്പയും നല്‍കുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെടുന്ന സംരംഭങ്ങളുടെ പട്ടികയും അപേക്ഷയും ഉദാരമാക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്‌കരണം, ജോബ് വര്‍ക്കുകള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവക്കു പുറമെ സേവന സ്ഥാപനങ്ങളെയും അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെടുന്ന തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളായിരിക്കണം. പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്റിന് അര്‍ഹതയുണ്ടാവുക. പദ്ധതിച്ചെലവ് സ്ഥിരനിക്ഷേപവും ആവര്‍ത്തന നിക്ഷേപവും ചേര്‍ന്നാല്‍ 10 ലക്ഷം രൂപയില്‍ അധികമാകരുത് എന്നതാണ് നാനോ സംരംഭത്തിന്റെ പുതിയ നിര്‍വചനം. ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, കെ.എഫ്.സി. എന്നിവിടങ്ങളില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ഗ്രാന്റിന് അര്‍ഹതയുണ്ട്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാത്തവര്‍ക്കും പദ്ധതിപ്രകാരം ഗ്രാന്റിന് അര്‍ഹതയുണ്ട്. ആനുകൂല്യം കൈപ്പറ്റിയാല്‍ ആറ് മാസത്തിനുള്ളില്‍ സംരംഭം തുടങ്ങണം. മതിയായ കാരണം ഉണ്ടെങ്കില്‍ ആറ് മാസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും.

താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പരിശോധിച്ച് ഗ്രാന്റിന് ശിപാര്‍ശ ചെയ്യുന്നത് താലൂക്ക് വ്യവസായ ഓഫീസറാണ്. ധനകാര്യസ്ഥാപനങ്ങളിലേക്ക് വായ്പ ശിപാര്‍ശ ചെയ്ത് വായ്പ അനുവദിച്ചാല്‍ ഗ്രാന്റ് ലഭ്യമാക്കും. സംരംഭകര്‍ തിരിച്ചറിയല്‍ രേഖകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട്, ക്വട്ടേഷന്‍ എന്നിവ ഹാജറാക്കണം. വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശ സഹായങ്ങള്‍ ലഭിക്കും.

കേരളത്തില്‍ വലിയ വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറവാണ് എന്നതിനാല്‍ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിയമത്തിന്റെ ഭാഗമായാണ് പദ്ധതി ഉദാരമാക്കിയത്. 2.50 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.വായ്പയുമായി ബന്ധപ്പെടുത്തി മാര്‍ജിന്‍ മണി ഗ്രാന്റ് ലഭ്യമാക്കുക വഴി കൂടുതല്‍ സംരംഭങ്ങളെ നാനോ വിഭാഗത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ നടത്തിപ്പു ചുമതല സംസ്ഥാന വ്യവസായ വകുപ്പിനാണ്.

Test User: