ടി.കെ പ്രഭാകരകുമാര്‍
വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ബൗദ്ധികനിലവാരത്തിലും സാങ്കേതികപരിജ്ഞാനത്തിലും ഉയര്‍ന്ന ജനതയെന്ന് അഭിമാനിക്കുന്ന മലയാളികളുടെ ജീവിതത്തില്‍ സ്ത്രീധനസമ്പ്രദായമെന്നത് ഒഴിവാക്കാനാകാത്ത പരമ്പരാഗത നടപ്പുശീലമായി നിലനില്‍ക്കുകയാണ്. സ്ത്രീധന നിരോധനനിയമത്തെ പോലും അപ്രസക്തവും നിര്‍വീര്യമാകുന്ന വിധത്തില്‍ ഈ ശീലം വൈവാഹിക രംഗങ്ങളില്‍ ആസക്തിയും ആക്രമണോത്സുകതയും നിറഞ്ഞ ദുരാചാരമായി ജീവിതമൂല്യങ്ങളെ ഹിംസിച്ചുകൊണ്ടിരിക്കുന്നു. പെണ്‍വീട്ടുകാരുടെ സ്വത്തും പണവും മാത്രം ആഗ്രഹിച്ച് വിവാഹം കഴിക്കുന്നവര്‍ കിട്ടിയതില്‍ തൃപ്തരാകാതിരിക്കുമ്പോള്‍ ജീവിതപങ്കാളിയെ ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചും മരണത്തിലേക്ക് നയിക്കുന്നു. ആവശ്യപ്പെട്ട സ്ത്രീധനം മുഴുവനായും നല്‍കിയിട്ടും കാറിന്റെ ഭംഗി പോരാതിരുന്നതിന്റെ പേരില്‍ കൊല്ലത്ത് വിസ്മയ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി ഭര്‍ത്താവിന്റെ കടുത്ത മര്‍ദനങ്ങള്‍ക്കിരയായി ജീവന്‍ വെടിഞ്ഞ സംഭവം അനേകം മരണങ്ങളില്‍ ഒന്നുമാത്രം.
പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വിസ്മയയുടെ മരണം വന്‍പ്രാധാന്യത്തൊടെ വാര്‍ത്തകളായതുകൊണ്ട് മാത്രം മറ്റ് സ്ത്രീധനപീഡനമരണങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നുമാത്രം. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് നേരിടേണ്ടിവന്നതിന് തുല്യമോ കൂടുതലോ ആയ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണപ്പെടേണ്ടിവന്ന ഹതഭാഗ്യരായ സ്ത്രീകളുടെ എണ്ണം അനേകമാണ്. വിസ്മയക്കുമുമ്പും ശേഷവും ധന്യ, അര്‍ച്ചന, അഖില, സുചിത്ര തുടങ്ങി പിന്നെയും യുവതികള്‍ക്ക് വരണമാലം മരണമാല്യമായി മാറിക്കഴിഞ്ഞു. ഈ നിരയിലേക്ക് തുടര്‍ന്നും ചേതനയറ്റ സ്ത്രീശരീരങ്ങള്‍ നിറയുന്നുണ്ട്.
2009 മുതല്‍ 2021 ഏപ്രില്‍ മാസം വരെ സ്ത്രീധനപീഡനം കാരണം ജീവന്‍ നഷ്ടമായ സ്ത്രീകളുടെ എണ്ണം 212 ആണെന്നാണ് പൊലീസ് കേസുകളെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്ക്. 15143 പേര്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരകളായതായും കണക്കുകളുണ്ട്. 2010 മുതല്‍ 2021 ജൂണ്‍ 23 വരെ വനിതാകമ്മീഷണന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധന പീഡനകേസുകളുടെ എണ്ണം 1096 ആണ്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനങ്ങള്‍ നടക്കുന്നതെന്ന് വനിതാകമ്മീഷനില്‍ ലഭിച്ച പരാതികളുടെ എണ്ണം പരിശോധിച്ചാല്‍ വ്യക്തമാകും. തെക്കന്‍ കേരളത്തെയും മധ്യകേരളത്തെയും അപേക്ഷിച്ച് സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ വളരെ കുറവാണ്. 447 സ്ത്രീധന പീഡനക്കേസുകളുമായി തിരുവനന്തപുരം ജില്ല മുന്നില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും കുറവ് കാസര്‍കോട് മലപ്പുറം ജില്ലകളിലാണ്. 12 കേസുകള്‍ മാത്രമേ കാസര്‍കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 3476 ഗാര്‍ഹിക പീഡനക്കേസുകളും തിരുവനന്തപുരം ജില്ലയിലാണ്. അറുപതു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിലവില്‍വന്ന സ്ത്രീധന നിരോധനനിയമം ഫലപ്രദമായി നടപ്പിലാകാത്തതിന്റെ ദുരന്തഫലങ്ങളാണ് വിവാഹ ജീവിതാന്തരം പല സ്ത്രീകളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീധനനിരോധനനിയമപ്രകാരം സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. 1984ല്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും 1500 രൂപയും വിധിക്കുന്ന വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും സ്ത്രീധനം വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ തീരാശാപം പോലെ ഇന്നും തുടരുന്നു.
സ്ത്രീധനം നല്‍കി വിവാഹിതരാകേണ്ടിവരുന്ന യുവതികളില്‍ ഭൂരിഭാഗം പേര്‍ക്കും സന്തോഷകരമായ ജീവിതമല്ല ലഭിക്കുന്നത്. വിവാഹത്തെ സാമ്പത്തികനേട്ടം കൊയ്യുന്നതിനുള്ള അവസരങ്ങളായി കാണുന്നവര്‍ക്ക് ജീവിതപങ്കാളിയോട് സ്‌നേഹമുണ്ടാകില്ല. കൂടുതല്‍ സ്വര്‍ണവും പണവും ഭൂസ്വത്തുക്കളും ആവശ്യപ്പെട്ട് ഇത്തരക്കാര്‍ ഭാര്യയെ പല തരത്തിലും ഉപദ്രവിക്കും. പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളെപ്പോലെ കൊലചെയ്യപ്പെടുന്ന സ്ത്രീകളും നിരവധിയാണ്. പണ്ടുകാലങ്ങളില്‍ വിവാഹാലോചനയുമായി വരുന്ന വ്യക്തികളുടെ സ്വഭാവത്തെക്കുറിച്ചും കുടുംബപശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം നടത്തുന്ന ശീലം പെണ്‍വീട്ടുകാര്‍ക്കുണ്ടായിരുന്നു. ജോലിയെക്കാളും ശമ്പളത്തെക്കാളും പ്രാധാന്യം സ്വഭാവഗുണത്തിനാണെന്ന് കരുതുന്ന രക്ഷിതാക്കളല്ല ഇന്നുള്ളത്. പഴയ കാലത്ത് വിദ്യാഭ്യാസം കുറഞ്ഞവരും തൊഴിലില്ലാത്തവരുമായ പെണ്‍മക്കളാണ് മിക്ക കുടുംബങ്ങളിലുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വിവാഹം ചെയ്യാന്‍ ആലോചിക്കുന്ന വ്യക്തിയുടെ ജോലിയെയും തൊഴിലിനെയും പെണ്‍വീട്ടുകാര്‍ അമിതപ്രാധാന്യത്തോടെ കണ്ടിരുന്നില്ല. വിവാഹം തീരുമാനിക്കുന്നതിന്മുമ്പ് ചെറുക്കന്റെ സ്വഭാവത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമായിരുന്നു. ഇതുസംബന്ധിച്ച് പെണ്‍വീട്ടുകാരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നില്ലെന്ന് വിവാഹശേഷം തെളിഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാല്‍പോലും പെണ്‍മക്കളുടെ സുരക്ഷിതത്വത്തിന്‌വേണ്ട ജാഗ്രത വേണ്ടത്ര പുരോഗതി നാട് കൈവരിച്ചിട്ടില്ലാത്ത കാലത്തുപോലും രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മരണങ്ങളും അക്കാലത്തും ഉണ്ടായിരുന്നുവെന്ന വസ്തുതയും ഇവിടെ മറച്ചുവെക്കുന്നില്ല. അതേ സമയം വിവാഹക്കാര്യത്തില്‍ അന്നത്തെ കാലത്ത് പെണ്‍മക്കളുടെ മാതാപിതാക്കള്‍ കാണിച്ച കരുതലിന്റെ ചെറിയ അംശം പോലും ഇന്നത്തെ രക്ഷിതാക്കളില്‍ പലര്‍ക്കുമില്ലെന്നത് വാസ്തവം തന്നെയാണ്. വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ജോലിയുള്ള ആള്‍ക്കുമാത്രമേ വിവാഹം ചെയ്തു കൊടുക്കൂവെന്ന നിശ്ചയദാര്‍ഡ്യത്തോടെ കാത്തിരിക്കുന്ന രക്ഷിതാക്കളുടെ കാലമാണിത്. ഉയര്‍ന്ന വിദ്യാഭ്യാസവും സ്വന്തമായി തൊഴിലുമുള്ള സ്വയം പര്യാപ്തത നേടിയ പെണ്‍കുട്ടികളാണ് പുതിയ കാലത്തെ മിക്ക കുടുംബങ്ങളിലുമുള്ളത്. അവിടേക്ക് കൂലിവേലക്കാരും സര്‍ക്കാര്‍ ജോലിയില്ലാതെ സാധാരണ ജോലികള്‍ ചെയ്യുന്നവരും വിവാഹാലോചനയുമായി വരരുതെന്ന അപ്രഖ്യാപിത നിര്‍ദേശം നല്‍കുന്ന മനോഭാവം ശക്തമായി തന്നെ നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ കുടുംബത്തിന്റെ അഭിമാനത്തിന് ചേരുന്ന ഉയര്‍ന്ന വരുമാനമുള്ള മറ്റ് തൊഴിലോ ഉള്ളവര്‍ ആലോചനയുമായി വന്നാല്‍ പെണ്ണുകാണുന്ന ആളുടെ സ്വഭാവത്തെക്കുറിച്ചോ കുടുംബപരമായ അവസ്ഥയെക്കുറിച്ചോ അന്വേഷണമൊന്നുമില്ലാതെ അതങ്ങ് ഉറപ്പിക്കുകയാണ്. അവര്‍ സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി അതും സാധിച്ചുകൊടുക്കും.
ഇത്തരം വിവാഹബന്ധങ്ങളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്നീടായിരിക്കും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും തനിനിറം മനസിലാക്കാന്‍ കഴിയുക. പെണ്‍മക്കള്‍ ഭര്‍തൃവീടുകളിലെ അകത്തളങ്ങളില്‍ ശാരീരികമാനസിക പീഡനങ്ങള്‍ അനുഭവിച്ച് കണ്ണീരൊഴുക്കുമ്പോള്‍ രക്ഷിതാക്കള്‍ മരുമകന്റെ ഉയര്‍ന്ന ജോലിയെക്കുറിച്ചും പണത്തെക്കുറിച്ചും നാട്ടുകാരോട് വീമ്പുപറഞ്ഞ് നടക്കുന്ന തിരക്കിലായിരിക്കും. ഭര്‍തൃവീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാനായി സ്വന്തം വീട്ടിലേക്ക് വരാനുള്ള പെണ്‍മക്കളുടെ ആഗ്രഹങ്ങള്‍ക്ക് രക്ഷിതാക്കള്‍ തന്നെ കൂച്ചുവിലങ്ങിടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതോടെ ജീവനൊടുക്കുക എന്ന കടുംകൈക്ക് പല സ്ത്രീകളെയും പ്രേരിപ്പിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ സ്വന്തം ഭാര്യമാരെ മരണത്തിലേക്ക് തള്ളിവിടുന്നവര്‍ സമ്പത്തും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരുമാണെങ്കില്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്ന സ്ഥിതിയുമുണ്ട്. സ്ത്രീധന പീഡനമരണവുമായി ബന്ധപ്പെട്ട കേസുകള്‍ അങ്ങനെ അട്ടിമറിക്കപ്പെടുന്നു. പ്രതികളെ രക്ഷിക്കാന്‍ നിയമത്തെ പോലും വിലക്കെടുക്കാന്‍ കഴിവുള്ളവര്‍ ഏറെയുണ്ട്. സ്ത്രീധനം നല്‍കി ഒരു പെണ്ണിനെയും വിവാഹം ചെയ്തുകൊടുക്കാതിരിക്കാനുള്ള ആര്‍ജവവും വരനാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയെന്നതാണ് അയാളുടെ ജോലിയേക്കാള്‍ പ്രധാനമെന്ന തിരിച്ചറിവും പെണ്‍മക്കളുടെ രക്ഷിതാക്കള്‍ക്കുണ്ടായാല്‍ ഈ വിപത്തില്‍ നിന്നും ഒരു പരിധിവരെയെങ്കിലും കരകയറാനാകും.