X
    Categories: Article

ഫാസിസം കടന്നുകയറുന്ന ലക്ഷദ്വീപ്

മുസ്തഫ വാക്കാലൂര്‍ 

സമാധാനമാണ് ലക്ഷദ്വീപിന്റെ മുഖമുദ്ര. പൊലീസ് സ്റ്റേഷനുണ്ടെങ്കിലും കേസുകള്‍ റിപ്പോര്‍ട് ചെയ്യാറില്ല. ചുറ്റും വെള്ളമായതിനാലാവാം ജീവിതത്തോട് ഒരു സൂഫി നിലപാടാണ് പൊതുവെ. മാപ്പിളപ്പാട്ടിനോട് സാദൃശ്യമുള്ള ഡോളിപ്പാട്ടാണ് താളലയം. ദരിദ്രമെങ്കിലും ക്ഷേമരാഷ്ട്ര ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന സമഷ്ടിയാണ് ലക്ഷദ്വീപ്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന്‍കീഴിലാണ് ദ്വീപ്. കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ കോഡ പട്ടേല്‍ വരുന്നത്‌വരെ ഐ.എ.എസ് ഓഫീര്‍മാരാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലും ഉണ്ടായിരുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച ദൗത്യം ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുക എന്നതാണ്. അതില്‍ പ്രധാനമാണ് കോര്‍പറേറ്റുകള്‍ക്ക് രാജ്യം തളികയില്‍വെച്ച്‌കൊടുക്കുക എന്നത്.

ഫാസിസമെന്നാല്‍ രാഷ്ട്രവും കോര്‍പറേറ്റും തമ്മിലുള്ള സമ്പൂര്‍ണ്ണമായ ലയനമെന്നാണ് ഫാസിസത്തിന്റെ എക്കാലത്തെയും ഐകണായ ഇറ്റലിയുടെ മുസോളിനി നിര്‍വചിച്ചത്. വംശമഹിമയും അതിനെയാധാരമാക്കിയുള്ള ദേശീയതയും ഉദ്ദീപിപ്പിച്ച് ജനങ്ങളെ ഉന്‍മാദാവസ്ഥയിലേക്ക് കൊണ്ടുപോകുകയും ശത്രുസംഹാരംവഴി ഒരു ഏകമുഖ ഭരണസംവിധാനം കെട്ടിപ്പടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ വ്യവസ്ഥിതിയാണ് ഫാഷിസം. ഗുജറാത്ത്, കശ്മീര്‍, അസം, ലക്ഷദ്വീപ് എന്നിവ ഉദാഹണങ്ങളാണ്. പുതിയ വ്യവസ്ഥ ഗ്രസിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കിയാല്‍ ആ രാജ്യത്തിന് ഫാസിസത്തെ പ്രതിരോധിക്കാം. അല്ലെങ്കില്‍ അതീവ നാശകാരിയായ ഫാസിസം രാജ്യത്തെയും ജനങ്ങളെയും അതിന്റെ കെടുതിയനുഭവിച്ചശേഷം മാത്രമേ പിന്‍വാങ്ങുകയുള്ളൂ.

മോദിയാവട്ടെ, അമിത്ഷയാവട്ടെ, പട്ടേലാവട്ടെ ഇവരുടെയെല്ലാം മുന്‍കാല ചെയ്തികള്‍ കാണിച്ചുതരുന്നത് ഇന്ത്യയെന്ന നാനാത്വത്തില്‍ ഏകത്വമെന്ന സനാതന മൂല്യത്തോട് കൂറ്പുലര്‍ത്തുന്ന മാതൃകായോഗ്യരായ വ്യക്തിത്വങ്ങളായിട്ടല്ല. മറിച്ച്, സാങ്കല്‍പ്പിക ദേശീയവാദത്തിലൂന്നി, രാജ്യ സ്വാതന്ത്ര്യത്തിന് മുന്‍പേ എഴുതിപ്പിടിപ്പിച്ച ചില വാറോലകളില്‍നിന്ന് ഊര്‍ജ്ജം ആവാഹിച്ച്, ജനപഥത്തെ ഇരുള്‍മൂടിയ വഴികളിലൂടെ വിദ്വേഷാവേശിതരായി കൊണ്ടുപോയി അധികാരമുറപ്പിക്കുന്ന മനുഷ്യരൂപം പൂണ്ട ആര്‍ത്തിഭൂതങ്ങളാണ്. അവര്‍ കോര്‍പറേറ്റുകളുടെ ദല്ലാളുകള്‍ കൂടിയാണ്.

ഒരാള്‍ തനിക്കേറ്റവും കഴിവുള്ള മേഖലയില്‍ സര്‍വാധികാരങ്ങളും ലഭിച്ചാല്‍ ശോഭിക്കുമെന്നത് വസ്തുതയാണ്. ഇന്ന് അധികാരത്തിലുള്ള ഗുജറാത്ത് ലോബിക്ക് അറിയാവുന്ന ഏക പണി ദല്ലാള്‍ പണിയാണ്. അതിനാല്‍, വില്‍ക്കാന്‍ കഴിയുന്നതൊക്കെ കോര്‍പറേറ്റുകള്‍ക്ക് അവര്‍ വിറ്റിരിക്കും. ദാദ്രനഗര്‍ ഹവേലിയിലെ ആദിവാസി മല്‍സ്യ ബന്ധനക്കാരെ കുടിയിറക്കിക്കൊണ്ട്, അവരുടെ ജീവിതോപാധികള്‍ നശിപ്പിച്ച് നേപ്പാളിലെ ശതകോടീശ്വരനായ ബിനോദ് കുമാര്‍ ചൗധരിക്ക് വിറ്റുകഴിഞ്ഞു. ദാദ്രനഗര്‍ ഹവേലി എം.പിയും ആദിവാസി അവകാശ പ്രവര്‍ത്തകനുമായിരുന്ന മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ഈ അസംബന്ധ കൂട്ടുകെട്ടാണ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചതിന്റെ പിറകിലും ഇതേ കാരണവും ഇതേ പട്ടേലും തന്നെയായിരുന്നു.

ഫാസിസമാണല്ലോ ഇവരുടെ ഇന്ധനം. ഫാസിസത്തിന്റെ ദാസ്യതയെന്നത് അതിന് സംശയിച്ചു നില്‍ക്കാനാവില്ലയെന്നതാണ്. ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ച സമയത്തിന്മുമ്പേ നേടുകയെന്നതാണ് അതിന്റെ സവിശേഷത. മുന്നിലുള്ള എതിര്‍പ്പുകള്‍ കായികമായി നേരിടുന്നതിനാണ് മുന്‍ഗണന. ഗുജറാത്ത് കലാപം അന്വേഷിച്ച വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ദി കണ്‍സേന്‍ഡ് സിറ്റിസന്‍സ് ട്രിബ്യൂണലിന് മുന്നില്‍ കലാപകാലത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഢ്യ ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നു. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ വിധി തനിക്കെതിരാകുമെന്ന് ബോധ്യമായപ്പോള്‍ ആ നീതിമാനായ ന്യായാധിപനെ ഇല്ലായ്മ ചെയ്തു.

ലക്ഷദ്വീപിലെ സാധുജനങ്ങളുടെ ജീവിതോപാധിയായ മല്‍സ്യബന്ധന സാമഗ്രികള്‍, കേന്ദ്രങ്ങള്‍ എല്ലാം നശിപ്പിച്ചുകഴിഞ്ഞു. മതപരമായി മദ്യം വര്‍ജ്യമായ ഒരു ജനതക്ക് മുന്നില്‍ മദ്യ ഷാപ്പുകള്‍ തുറക്കപ്പെടുന്നു. ഒരു പെറ്റികേസുപോലും രജിസ്റ്റര്‍ ചെയ്യാത്ത സമൂഹത്തില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നു. ബീഫ് നിരോധിക്കുന്നു. ഡയറി ഫാമുകള്‍ പൂട്ടിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ എടുത്തുകളയുന്നു. രണ്ടില്‍ അധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ജനസഭകളിലേക്ക് മത്സരിക്കാന്‍ പാടില്ല. (സ്വന്തമായി നാല് കുട്ടികളുടെ പിതാവാണ്, രാഷ്ട്രീയക്കാരനായ ഈ പട്ടേലെന്ന് ഓര്‍ക്കുക).

ഫാസിസത്തിന്റെ യുക്തി ഇങ്ങനെയാണ്. അത് ചിലപ്പോള്‍ പൗരത്വ നിയമായി വരും, ചിലപ്പോള്‍ കശ്മീര്‍ കടന്നാക്രമിച്ചു കൊണ്ടാകും. മനുഷ്യത്വം മരവിച്ചുപോകുന്ന ചെയ്തികളാണ് ഈ സമഗ്രാധിപത്യത്തിന്റെ മുഖമുദ്ര. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് നൂറു വര്‍ഷത്തോളമായി മുസ്‌ലിംകള്‍ ആരാധിച്ച പള്ളി സര്‍ക്കാര്‍ സംവിധാനം തന്നെ പൊളിച്ച് തള്ളിയത് കണ്ടു. ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായതിനുമാത്രം വഴങ്ങുക എന്നതാണ് ആള്‍ക്കൂട്ടത്തിന്റെ എന്നത്തേയും മനഃശാസ്ത്രം എന്ന് പ്രവചിച്ചത് ഹിറ്റ്‌ലറാണ്. ഇന്ത്യ ഹിറ്റ്‌ലറുടെ പിടിയിലാണ്. ജനാധിപത്യ മതേതര സമൂഹത്തിന്റെ ജാഗ്രതയും പ്രതിഷേധവും ശക്തിപ്പെടുത്തുക. ഒപ്പം, ഒരുമിച്ച് നിന്നു ഈ ശക്തിക്കെതിരെ പോരാടുക. ഇന്ത്യയെ ഹിറ്റ്‌ലര്‍ വിഴുങ്ങാന്‍ അല്‍പമാത്ര സമയമേ ശേഷിക്കുന്നുള്ളൂ.

 

Test User: