X

പുനര്‍ നിര്‍വചിക്കേണ്ട രാജ്യദ്രോഹനിയമം

 സുഫ്‌യാന്‍ അബ്ദുസ്സലാം 

1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന്‌ശേഷം ഭരണഘടനാനിര്‍മ്മാണസഭയില്‍ 124എ എന്ന വകുപ്പിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ കോടതികള്‍ ഈ നിയമത്തിനു നല്‍കിയ വ്യാഖ്യാനത്തിന്റെ പരിമിതികളെക്കുറിച്ച് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പ്രമുഖ നിയമജ്ഞനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മുന്‍ഷി 1948 ഡിസംബര്‍ ഒന്നിനു അസംബ്ലിയില്‍ ഈ വകുപ്പിനെ കുറിച്ച് ‘നൊട്ടോറിയസ് സെക്ഷന്‍’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞു: ‘നൂറ്റമ്പത് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ ഒരു മീറ്റിങ് നടത്തുന്നതും ഘോഷയാത്ര നടത്തുന്നതും രാജ്യദ്രോഹമായാണ് കണക്കാക്കിയിരുന്നത്. ഈ കാഴ്ചപ്പാടിലൂടെയാണ് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹത്തെ കണ്ടിരുന്നത്. അവരുണ്ടാക്കിയ ഈ നിയമം ജനാധിപത്യ ഇന്ത്യയുടെ പുരോഗമന കാഴ്ചപ്പാടുമായി യോജിക്കുന്നതല്ല. ഭരണകൂടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ കാതലായാണ് കാണേണ്ടത്.’ ‘രാജ്യദ്രോഹം’ എന്ന ബ്രിട്ടീഷ് കാലത്തെ പ്രയോഗത്തിന്റെ അപകടം ഭരണഘടന നിര്‍മ്മാണ സഭക്ക് ബോധ്യപ്പെട്ടു.

ഭരണഘടന നിര്‍മ്മാണ സഭയില്‍ ഉരുത്തിരിഞ്ഞ ഈ ബോധ്യമാണ് ഭരണഘടനയുടെ കരടില്‍ അനുച്ഛേദം 13 (2) ല്‍ എഴുതപ്പെട്ടിരുന്ന ‘രാജ്യദ്രോഹം’ എന്ന വാക്കിനെ എടുത്തുകളയാന്‍ പ്രേരിപ്പിച്ചത്. അതിനു പകരമായാണ് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അനുച്ഛേദം 19 ഉണ്ടാകുന്നതും അതില്‍ കുറ്റകരമാവുന്ന കാര്യമായി ‘രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുകയോ രാജ്യം അട്ടിമറിക്കപ്പെടുകയോ ചെയ്യുക’ എന്ന വിശദീകരണം നല്‍കിയത്. രാജ്യദ്രോഹം എന്ന വാക്ക് ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനുവേണ്ടി മാത്രമാണ് അതിനെ ഒഴിവാക്കിയതെന്നും രാഷ്ട്രത്തിനെതിരെ വരുന്ന നീക്കങ്ങള്‍ക്ക് ഫ്രീ പാസ് നല്‍കുന്നതിന് വേണ്ടിയല്ല എന്നും കെ.എം മുന്‍ഷി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് പില്‍ക്കാലത്ത് 124എ ചുമത്തപ്പെടുന്ന കേസുകളില്‍ അത് ഭരണഘടനയുടെ അനുച്ഛേദം 19 ഉറപ്പുവരുത്തുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന വിമര്‍ശനം കോടതികള്‍ അടക്കമുള്ള വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നത്. പണ്ഡിറ്റ്ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെ ന്റില്‍ ഒന്നാം ഭരണഘടനാ ഭേദഗതിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ 124 എയെ കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. ‘ഐ.പി.സി 124എ അങ്ങേയറ്റം ആക്ഷേപാര്‍ഹവും വെറുപ്പുളവാക്കുന്നതുമാണ്. പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍ അതിനു യാതൊരു സ്ഥാനവുമില്ല. നിയമങ്ങള്‍ ആവിഷ്‌കരിച്ച് അതില്‍ നിന്നും വളരെപ്പെട്ടെന്നു രക്ഷപ്പെടുന്നതാണ് നമുക്ക് നല്ലത്.’ രാഷ്ട്രശില്‍പികളും നിയമവിദഗ്ധരും 124എ എന്ന രാജ്യദ്രോഹ നിയമം നമ്മുടെ ജനാധിപത്യ രാജ്യത്തുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും ഭീതിജനകമായ സാഹചര്യങ്ങളെ കുറിച്ചും ദുരുപയോഗങ്ങളെക്കുറിച്ചുമെല്ലാം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആയിഷ സുല്‍ത്താനക്കെതിരെ 124എ ചുമത്തി കേസെടുത്തപ്പോള്‍തന്നെ പ്രസ്തുത വകുപ്പിന്റെ സാധുതയെ കുറിച്ചുള്ള ചര്‍ച്ചയാണ് സുപ്രീംകോടതിയില്‍ നടന്നിരുന്നത്. 2021 ഫെബ്രുവരി 21 ന് സുപ്രീംകോടതിയില്‍ കിഷോര്‍ചന്ദ്ര വാന്‍കെംച, കനയ്യ ലാല്‍ ശുക്ല എന്നീ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ 124എ യുടെ ഭരണഘടനാസാധുത പരിശോധിക്കാന്‍ സുപ്രീംകോടതി നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 30 ന് കേന്ദ്ര സര്‍ക്കാറിന് ഇതുസംബന്ധിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചുകഴിഞ്ഞു. 2018 ല്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കളിപ്പാവ എന്ന് വിമര്‍ശിച്ചതിന് ദേശീയ സുരക്ഷാനിയമം അനുസരിച്ച് കിഷോര്‍ ചന്ദ്രയെ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിച്ചിരുന്നു. പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധപ്പെടുത്തിയതിനായിരുന്നു ഛത്തീസ്ഗഡിലെ മാധ്യമ പ്രവര്‍ത്തകന്‍ കനയ്യയെ ശിക്ഷിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഇരുവരും സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചതിന്‌ശേഷവും സുപ്രീംകോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. 2021 മെയ് 13 ന് ആന്ധ്രാപ്രദേശിലെ ടി.വി5, എ.ബി.എന്‍ ചാനലുകളില്‍ സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ 124എ അനുസരിച്ച് കേസെടുത്തതിനെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. മെയ് 31 ന് കോടതി വാദം കേട്ട ശേഷം, 124എ, 153എ, 505 വകുപ്പുകളുടെ പരിധിയുടെയും ഘടകങ്ങളുടെയും ശരിയായ വ്യാഖ്യാനം ആവശ്യമാണെന്ന് വീണ്ടും നിരീക്ഷിച്ചിരിക്കുകയാണ്. ആദ്യമായല്ല ഇതിന്റെ ഭരണഘടനാസാധുത കോടതിയില്‍ ന്യായാധിപന്മാര്‍ ചോദ്യംചെയ്യുന്നത്. ഇന്ത്യ റിപ്പബ്ലിക്കായ ഉടനെ 1950 നവംബറില്‍ പഞ്ചാബ് ഹൈക്കോടതി ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. താരാ സിങ് ഗോപി ചാന്ദ് പഞ്ചാബ് സ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കേസിന്റെ വിധിയില്‍ 124എ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനും നിയന്ത്രണം കൊണ്ടുവരുന്ന വകുപ്പാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 19 ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം കടകവിരുദ്ധമാണെന്നുമാണ് പഞ്ചാബ് ഹൈക്കോടതി നിരീക്ഷിച്ചത്.

ഭരണഘടന നിലവില്‍വന്നതിനുശേഷം 124എ വകുപ്പ് ആദ്യമായി പരിഗണിച്ചത് 1950 മെയ് 26 ലെ റൊമേഷ് താപ്പര്‍ മദ്രാസ് സ്റ്റേറ്റ് കേസിലാണ്. രാജ്യസുരക്ഷക്ക് ഭീഷണി, ഭരണം അട്ടിമറിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ വകുപ്പ് പരിഗണിക്കാവൂ എന്ന് വിശദീകരിക്കുന്നതായിരുന്നു വിധി. ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ക്രോസ് റോഡ്‌സ്’ എന്ന ഇംഗ്ലീഷ് മാഗസിന്റെ എഡിറ്ററായിരുന്നു റൊമേഷ് താപ്പര്‍. മദ്രാസിലെ ക്രമസമാധാന പരിപാലന ആക്ട് അനുസരിച്ച് മാഗസിന്റെ വിതരണം മദ്രാസ് സ്റ്റേറ്റില്‍ തടയുകയും അദ്ദേഹം അത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുകയും ചെയ്തു. സുപ്രീംകോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) പ്രകാരം രാജ്യത്തിന്റെ സുരക്ഷക്ക് ആവശ്യമായ നിയന്ത്രണങ്ങള്‍ ന്യായമാണ്. എന്നാല്‍, പീനല്‍കോഡിലെ വിവാദവകുപ്പില്‍ പറയുന്ന പൊതുസുരക്ഷ, ക്രമസമാധാനം എന്നീ രണ്ടു നിബന്ധനകളും ഒരുമിച്ച് വായിക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. 124എ ആക്ടിന് കീഴില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് ക്രമസമാധാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ക്രമസമാധാനം എന്നു പറയുമ്പോള്‍ അത് വളരെ വിശാലമാണ്. പരുക്കന്‍ ഡ്രൈവിങ് പോലും ക്രമസമാധാന ഭംഗം വരുത്തുന്ന കാര്യങ്ങളില്‍പെട്ടതാണ്. അതുകൊണ്ട് ക്രമസമാധാന ലംഘനത്തെ മുഴുവന്‍ ഈ വകുപ്പിന് കീഴില്‍ കൊണ്ടുവരുന്നത് ശരിയല്ല. എന്നാല്‍ രാജ്യസുരക്ഷ എന്നു പറയുമ്പോള്‍ അത് തീവ്രവാദമുയര്‍ത്തി, കലാപങ്ങളുണ്ടാക്കി രാജ്യത്തെ അട്ടിമറിക്കുന്നതിനെതിരെയുള്ള നടപടിയാണ്. അതുകൊണ്ടുതന്നെ, ഭരണഘടനാപരമായി അനുവദിച്ചതിനേക്കാള്‍ വിശാലമാണ് 124എ ആക്ടിന് കീഴിലുള്ള നിയന്ത്രണങ്ങള്‍ എന്നത് സ്പഷ്ടമാണ്. ഇക്കാരണങ്ങള്‍കൊണ്ട്, ഈ വകുപ്പ് ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട് നിര്‍വഹിക്കാവുന്നത്‌പോലെ ഭരണഘടനക്ക് പുറത്തും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇത് ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതാണ്. ആ സ്ഥിതിക്ക്, ഈ വകുപ്പ് നിലനില്‍ക്കുന്നത് സംഗതമല്ല.
(തുടരും)സുഫ്‌യാന്‍ അബ്ദുസ്സലാം

Test User: