മുജീബ് കെ താനൂര്‍
പഞ്ചാബില്‍ ചരിത്രപ്രസിദ്ധമായ മലേര്‍കോട്‌ല ആസ്ഥാനമായി പുതിയ ജില്ല രൂപംകൊണ്ടു. പഞ്ചാബിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയാണിത്. സംഗ്രൂര്‍ ജില്ലയിലെ പുരാതന നഗരമാണ് മലേര്‍കോട്‌ല. സമീപമുള്ള അഹമ്മദ് ഗര്‍ഹ്, അമര്‍ഹര്‍ഹ് മന്തി എന്നീ താലൂക്കുകള്‍ ചേര്‍ത്താണ് പുതിയ ജില്ല വന്നത്. അമ്പത് കിലോമീറ്ററകലെയുള്ള സംഗ്രൂര്‍ ജില്ലാ ആസ്ഥാനത്ത് എത്തിപ്പെടുക ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു ഏറെ പ്രയാസകരമായിരുന്നെന്നു പുതിയ ജില്ലക്കുവേണ്ടി പതിറ്റാണ്ടുകളായി കര്‍മരംഗത്തുള്ള ഡോക്ടര്‍ മുഹമ്മദ് റഫി അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെക്കാലം മലേര്‍കോട്‌ല ഗവണ്മെന്റ് കോളജില്‍ ഉറുദു ലക്ചററായിരുന്നു ഇദ്ദേഹം. നിരവധി ഉറുദു ഗ്രന്ഥങ്ങളിലൂടെ റാഫിയെ തേടിയെത്തിയത് അവാര്‍ഡുകളുടെ പെരുമഴയാണ്. ദുഡിക ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പലായി വിരമിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ജില്ലക്കായുള്ള ആദ്യ മുറവിളിയില്‍ പങ്കാളിയായിരുന്നു. ഈ അവികസിത പ്രദേശത്തെ ഉന്നതിയിലെത്തിക്കാന്‍ വേണ്ടിയാണ് പുതിയ ജില്ലക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. 1987 ല്‍ മുഖ്യമന്ത്രി ശിരോമണി അകാലിദളിലെ സുര്‍ജിത്‌സിങ് ബര്‍ണാലക്ക് ഇതേ ആവശ്യം ഉന്നയിച്ചു പ്രദേശത്തുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്നത്തെ ലോക്‌സഭാ സ്പീക്കറും പഞ്ചാബ് സ്വദേശിയുമായ ബല്‍റാം ഝാക്കറെ ന്യൂഡല്‍ഹിയില്‍ ചെന്ന് വിവരം ധരിപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പല എം.പിമാര്‍ക്കും നിവേദനം നല്‍കി. എന്നാല്‍ അതിനു മറുപടിതന്നത് സ്പീക്കറെ കൂടാതെ രണ്ടു എം.പിമാര്‍ മാത്രം. കേരളത്തിലെ ലോക്‌സഭാംഗമായ ജി.എം ബനാത്‌വാല, രാജ്യസഭാംഗമായ ബി.വി അബ്ദുല്ലക്കോയ എന്നിവരായിരുന്നു അവരെന്നും ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രി സുര്‍ജിത് സിങ് ബര്‍ണാലക്കു ഇത് സംബന്ധമായി കത്തെഴുതുകയും ചെയ്തിരുന്നതായി ഡോക്ടര്‍ റഫി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പുതുതായി രൂപംകൊണ്ട പലജില്ലകളും ഡോക്ടര്‍ റഫിയും സംഘവും സന്ദര്‍ശിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പശ്ചിമബംഗാളിലെ മുര്‍ശിദാബാദ്, അസമിലെ ദുബ്രി, ബാര്‍പെടാ, ഹയിലാകന്തി, ബീഹാറിലെ സീതാമര്‍ഹി, കേരളത്തിലെ മലപ്പുറം, ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ തുടങ്ങിയ ജില്ലകളും സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഇവയിലെ ഒരെണ്ണമൊഴികെ സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആരോഗ്യ മേഖലകളില്‍ യാതൊരു മുന്നേറ്റവും നടത്താനായിട്ടില്ല എന്ന കണ്ടെത്തലാണ് സംഘത്തെ അതിശയിപ്പിച്ചത്. എന്നാല്‍ 1969ല്‍ രൂപീകരിച്ച മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ കേരളത്തിലെ മലപ്പുറം അവിസ്മരണീയ പുരോഗതി കൈവരിച്ചതായി ഡോക്ടര്‍ മുഹമ്മദ് റഫിയുടെ നിരീക്ഷകസംഘം മനസ്സിലാക്കി. മത സൗഹാര്‍ദവും യൂണിവേഴ്‌സിറ്റിയും വനിത കോളജുകളും മെഡിക്കല്‍ എഞ്ചിനീയറിങ് കോളജുകളും സാംസ്‌കാരിക സമുച്ചയങ്ങളുടെ അടയാളപ്പെടുത്തലും വലിയ നിലവാരം പുലര്‍ത്തുന്നതാണ് 2015ല്‍ മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തവേ കണ്ടത്. ഇതേപോലെ ഒരു ‘മലപ്പുറം ടച്ച്’ മലെര്‍കോട്‌ല ജില്ലക്കും നേടാന്‍ പ്രരിശ്രമിക്കും- റഫി പറയുന്നു.
പുതിയ ജില്ല രൂപീകരണത്തിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷ മേഖലയെ ജില്ലയാക്കി പ്രഖ്യാപിക്കുകവഴി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മത വിഭാഗീയതയുണ്ടാക്കുന്നതായും മുസ്‌ലിം പ്രീണനം നടത്തുന്നതായും ആദിത്യനാഥ് കുറ്റപ്പെടുത്തി. ഇതിനെതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തന്നെ മറുപടി നല്‍കി. യു.പിയിലെ മുഗള്‍ സറായി റെയില്‍വേ സ്റ്റേഷന് ദീന ദയാലിന്റെ പേരു നല്‍കിയതും അലഹബാദിനെ പ്രയാഗ് എന്നാക്കിമാറ്റിയതും ഫൈസാബാദിനെ അയോധ്യയാക്കിയതും ചരിത്രത്തെ തകിടം മറിക്കലാണ്. ഇന്ത്യയിലെ സമാധാനകാംക്ഷികള്‍ ഇത് പൊറുക്കില്ല. ഹിന്ദു യുവാവാഹിനിയുണ്ടാക്കി ഭീകരത ശ്രിഷ്ടിച്ചയാളാണ് ആദിത്യനാഥ്-അമരീന്ദര്‍ സിങ് പറഞ്ഞു.
യോഗി പഞ്ചാബിന്റെ ചരിത്രം പഠിക്കണമെന്ന് ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം മേധാവി പ്രൊഫസര്‍ ഹര്‍ജേശ്വര്‍ പല്‍സിങ് അഭിപ്രായപ്പെട്ടതു ശ്രദ്ധേയമാണ്. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ അന്‍വര്‍ മെഹബൂബും യോഗിയുടെ വാദത്തെ എതിര്‍ത്ത് രംഗത്ത്‌വന്നു. മതസൗ ഹാര്‍ദ്ദം പഞ്ചാബിന് യു.പി മുഖ്യന്‍ പഠിപ്പിച്ചുതരേണ്ടയെന്നു അദ്ദേഹം പറഞ്ഞു. മലേര്‍കോട്‌ല പഞ്ചാബിന്റെ പച്ചക്കറി ഉത്പാദന കേന്ദ്രമാണ്. ഇര്‍ഷാദ് കാമില്‍ പോലെയുള്ള കവികളുടെ നാടാണ്- അന്‍വര്‍ മെഹബൂബ് പ്രതികരിച്ചു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയാണ് കത്തിയത്, പഞ്ചാബ് ശാന്തമായിരുന്നുവെന്നു യോഗിയുടെ പ്രസ്താവനക്കെതിരെ ചണ്ഡീഗഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഡവലപ്‌മെന്റ് ആന്റ് കമ്യൂണിക്കേഷന്‍ മേധാവിയും രാഷ്ട്രീയ നിരീക്ഷകനുമായ പ്രമോദ്കുമാര്‍ പറയുകയുണ്ടായി. പഞ്ചാബില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ ആകെ രണ്ടു ശതമാനത്തോളം മാത്രമേയുള്ളു. അവരെ എന്തിനു പ്രീണിപ്പിക്കണം- അദ്ദേഹം ചോദിച്ചു. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം യോഗിയുടെ നിലപാടിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സോം പ്രകാശ് ജില്ല രൂപീകരണത്തിന് പഞ്ചാബ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. ബി.ജെ.പി നേതാവും പഗ്വാര എം.പിയും യോഗിക്കെതിരെ പ്രതികരിക്കുകയും അമരീന്ദര്‍സിങിനെ പിന്തുണക്കുകയും ചെയ്തു.
മലേര്‍കോട്‌ല ടൗണില്‍ 2011 ലെ സെന്‍സസ് പ്രകാരം 135000 മുസ്‌ലിം ജനസംഖ്യയുണ്ട്. 35 ശതമാനത്തോളം സിഖ് ഹിന്ദു സമുദായങ്ങളാണുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ സൂഫി ചിന്തകനായ ശൈഖ് സദറുദ്ധീന്‍ ജഹാന്‍ ആഗ ഹൈദര്‍ ശൈഖുമായി ബന്ധപ്പെട്ടാണ് മലേര്‍കോട്‌ല നഗരം സ്ഥാപിതമാകുന്നത്. ഇദ്ദേഹത്തിന്റെ മഖ്ബറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മതേതര സങ്കല്‍പ്പത്തിന്റെ പഞ്ചാബിലെ ശ്രദ്ധേയമായ സ്ഥലമാണിത്. നൂറ്റാണ്ടുകളായി ഹൈന്ദവ സിഖ് വിഭാഗങ്ങള്‍ ഇവിടെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്താറുണ്ട്. ആഗ ഹൈദര്‍ ശൈഖിനോടുള്ള ബഹുമാനാര്‍ത്ഥം വ്യാഴാഴ്ച രാത്രി മണ്‌ചെരാതുകളില്‍ വിളക്ക് കത്തിച്ചു വെക്കാന്‍ അമുസ്‌ലിം വിഭാഗങ്ങളാണ് നേതൃത്വം നല്‍കിവരുന്നത്.
ആഗ ഹൈദറിന്റെ പിന്‍ഗാമികളാണ് പിന്നീട് മലേര്‍കോട്‌ലയിലെ ഭരണാധികാരികളായി മാറിയത്. നവാബായിരുന്ന ഷെര്‍മുഹമ്മദ് ഖാനും ആഗ ഹൈദറിന്റെ പിന്മുറക്കാരനാണ്. സിഖ് മഹാവിഭാഗവുമായി ഏറെ സൗഹാര്‍ദ്ദം പുലര്‍ത്തിയിരുന്ന ഇദ്ദേഹത്തെ നൂറ്റാണ്ടുകള്‍ക്കു ശേഷവും സിഖ് വിഭാഗം ഏറെ ആദരവോടെയാണ് നോക്കികാണുന്നത്. ഇദ്ദേഹത്തിന്റെ ഭരണ കാലത്തു സുബേദാര്‍ ആയിരുന്ന വസീര്‍ ഖാന്റെ സിഖുകാരോടുള്ള നിലപാടിനെതിരെ, ഔറംഗസീബ് ചക്രവര്‍ത്തിയായിരിക്കെ, ഷേര്‍ മുഹമ്മദ് ഖാന്‍ കോടതിയെ സമീപിച്ചു സിഖുകാര്‍ക്കനുകൂലമായ വിധി സമ്പാദിച്ചിരുന്നതും ചരിത്രമാണ്. ഇതുകൊണ്ടെല്ലാമാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളജിന് നവാബ് മുഹമ്മദ് ഖാന്റെ പേരിട്ടത്.
2017 ല്‍ കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മലേര്‍കോട്‌ല ആസ്ഥാനമായി ജില്ല രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നു. പുതിയ ജില്ലയുടെ ഭരണപാരമ്യ നടത്തിപ്പിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അമ്പത് കോടി രൂപ അനുവദിക്കുകയുണ്ടായി. കൂടാതെ വനിതാഗവണ്മെന്റ് കോളജ്, വനിതാപൊലീസ് സ്റ്റേഷന്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബസ്സ്റ്റാന്റ് തുടങ്ങിയവയും അനുവദിച്ചു. ചരിത്ര പ്രസിദ്ധമായ മുബാറക് മനസില്‍ പാലസ് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കാന്‍ തയാറാണെന്നു കാണിച്ചു ഇംഗ്ലണ്ടിലെ ആഗാഖാന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് മുഖ്യമന്ത്രി കത്തെഴുതിയിരിക്കുകയാണ്. ഈ കൊട്ടാരം പഞ്ചാബിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കു മുതല്‍കൂട്ടാവുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും അവസാനത്തെ നവാബായിരുന്ന ഇഫ്തിഖാര്‍ അലിഖാന്റെ ഭാര്യ ബീഗം സാഹിബ മുനവ്വറുന്നിസ ആയിരുന്നു മുബാറക് പാലസില്‍ താമസിച്ചിരുന്നത്.