X

ഹൈടെക് എ.ടി.എം തട്ടിപ്പ്:ഒരു പ്രതി കൂടി പിടിയില്‍

 

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചകേസുകളിലെ ഒരു പ്രതി കൂടി പിടിയിലായി. ആറാം പ്രതി റുമേനിയന്‍ സ്വദേശിയായ അലക്‌സാണ്ടര്‍ മാരിയാനോയാണ് കെനിയയില്‍ പിടിയിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ആറ് പ്രതികളുള്ള കേസിലെ രാജ്യാന്തര കൊള്ളസംഘത്തിലെ ഗബ്രിയേല്‍ മരിയന്‍ ഇലിയെ(27) ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരത്തെ പിടികൂടിയിരുന്നു. കേസിലെ മറ്റ് പ്രതികളായ ക്രിസ്റ്റ്യന്‍,വിക്ടര്‍സ,ബോഗ്ദീന്‍,ഫ്‌ളോറിയന്‍ തുടങ്ങി മറ്റ് നാലുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം അന്താരാഷ്ട്രതലത്തില്‍ തുടര്‍ന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി ഇന്റര്‍പോള്‍ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടര്‍ന്നതാണ് മാരിനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കെനിയയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ മാരിനോവിനെ കെനിയന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാനുള്ള പ്രൊഡക്ഷന്‍ വാറണ്ടും മറ്റും ഇന്റര്‍പോള്‍ മുഖാന്തിരം കൈമാറും. അനുമതി ലഭിക്കുന്നതനുസരിച്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കെനിയയില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വിനോദസഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ എ.ടി.എമ്മുകളില്‍ പ്രത്യേകതരം ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മിനകത്ത് സ്ഥാപിച്ച ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ ഇടപാടുകാരുടെ എ.ടി.എം കാര്‍ഡ് വിവരങ്ങളും രഹസ്യപിന്‍കോഡും ശേഖരിച്ച ശേഷം മുംബൈയിലെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.
ആറുമാസം മുന്‍പാണ് തലസ്ഥാനത്ത് എ.ടി.എം തട്ടിപ്പ് അരങ്ങേറിയത്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഇടപാടുകാര്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പരാതികളെ തുടര്‍ന്ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം പരിശോധിച്ച പൊലീസ് സംഘം എ.ടി.എമ്മിന്റെ മുകള്‍ഭാഗത്തായി സ്ഥാപിച്ച ഉപകരണം കണ്ടെത്തി. ഫയര്‍അലാം സിസ്റ്റത്തോട് സമാനതയുള്ള ഉപകരണം വാതിലിന് സമീപത്തായാണ് സ്ഥാപിച്ചിരുന്നത്.സൂക്ഷ്മദൃശ്യങ്ങള്‍ പോലും പകര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള ലെന്‍സും മെമ്മറി കാര്‍ഡും ഈ ഉപകരണത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പരും രഹസ്യവിവരങ്ങളും ചോര്‍ത്തിയെടുത്തശേഷം മുംബൈയിലെത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ തയാറാക്കി ചോര്‍ത്തിയെടുത്ത പിന്‍നമ്പരിന്റെ സഹായത്തോടെ ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ പലയിടങ്ങളില്‍ നിന്നായി പണം കവരുകയായിരുന്നു.

chandrika: