X

കേരളത്തിൽ 15 വർഷത്തിനിടെ 260 സ്ത്രീധന മരണം

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ കുറഞ്ഞത് അഞ്ചുവർഷം ജയിൽശിക്ഷയ്ക്ക് നിയമം. പക്ഷേ,​ കേരളത്തിൽ 15 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് 260 പെൺകുട്ടികൾക്ക്. സ്ത്രീധന പീഡനക്കേസുകൾ പ്രതിവർഷം അയ്യായിരം.

സ്ത്രീധന നിരോധന നിയമം 1961 മുതൽ നിലവിലുണ്ട്. വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്ന കേരളത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന അത്യപൂർവ ക്രൂരതയുമുണ്ടായി. കൊട്ടക്കണക്കിന് സ്ത്രീധനം നൽകാനില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കിയ ഡോ.ഷഹനയാണ് ഒടുവിലത്തെ ഇര.

സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ ആളാവാൻ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി. 100 പവനും മൂന്നരയേക്കറും കാറും 10ലക്ഷം രൂപയും വീട്ടുചെലവിന് മാസം 8000 രൂപയും നൽകി. എന്നിട്ടും സ്വത്തുക്കൾ മൊത്തത്തിൽ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നത്. 2 ലക്ഷം സ്ത്രീധനം വൈകിയതിനാണ് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. മരിക്കുമ്പോൾ വെറും 20 കിലോയായിരുന്നു ഭാരം.

കൂടുതൽ പണത്തിനും വാങ്ങിക്കൊടുത്ത 10 ലക്ഷത്തിന്റെ കാറിനു പകരം എസ്.യു.വിക്കുമായി കിരൺ നിരന്തരം മർദ്ദിച്ചപ്പോഴാണ് കൊല്ലത്ത് ഡോ. വിസ്മയ ജീവനൊടുക്കിയത്. 150 പവനും ഒരേക്കർ ഭൂമിയും ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറുമാണ് ഡോ.ഷഹനയുടെ വീട്ടുകാരോട് അവളുടെ കാമുകൻ റുവൈസ് ചോദിച്ചത്.

സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കൂടുന്നു. 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. എന്നാൽ,​ അവരാണ് സ്ത്രീധനകച്ചവടത്തിൽ മുന്നിൽ.

webdesk14: