രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ വോളിബോള്‍ ലീഗിന് കളമൊരുങ്ങുന്നു. 2019ല്‍ രാജ്യാന്തര താരങ്ങളെ അണിനിരത്തി വന്‍വിജയമായ പ്രോ വോളിലീഗിന്റെ ചുവടുപിടിച്ചാണ് വീണ്ടും വോളിപൂരമെത്തുന്നത്. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍(വി.എഫ്.ഐ) നടത്തിയ പ്രോ വോളിലീഗില്‍ അണിനിരന്ന മൂന്ന് ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് എന്നീ ടീമുകളാണ് പ്രൈംവോളിയുടെ അമരത്തുള്ളത്. പ്രോവോളിയുടെ സംഘാടകനിരയിലുണ്ടായിരുന്ന ബേസ്‌ലൈന്‍ വെഞ്ചേഴ്‌സും പ്രൈംവോളിയില്‍ ഇവര്‍ക്കൊപ്പം കൈകോര്‍ക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍മാറിയാല്‍ ഈവര്‍ഷം അവസാനം ചാമ്പ്യന്‍ഷിപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. ടീം ഉടമകള്‍തന്നെ സംഘാടകരാകുന്ന അമേരിക്കന്‍ ലീഗുകളുടെ രീതിയാണ് പിന്തുടരുന്നത്. ഇതുവഴി ലീഗിന് സ്ഥിരമായ സാമ്പത്തിക സ്ഥിതിയും സുഗമമായ സംഘാടനവും ഉറപ്പാക്കാനാകും. മത്സരംആവേശകരമാക്കാന്‍ നിയമങ്ങളിലും മാറ്റങ്ങളുണ്ടാകും. തോമസ് മുത്തൂറ്റാണ് കൊച്ചിയുടെ ഉടമ. കാലിക്കറ്റ് ഹീറോസിന്റെ അമരക്കാരന്‍ പി.ടി സഫീറാണ്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഉടമ പ്രവീണ്‍ ചൗദരിയാണ്. മൂന്ന് ടീമുകള്‍കൂടി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും.
ഓരോടീമിലും രണ്ട് വിദേശതാരങ്ങളും അണിനിരക്കും. ദേശീയതലത്തില്‍ മത്സരിക്കുന്ന മുന്‍നിരതാരങ്ങള്‍ക്ക് പുറമെ മികച്ചയുവതാരങ്ങളും ടീമിലുണ്ടാകും. 2019 ഫെബ്രുവരിയില്‍ നടന്ന പ്രോ വോളിലീഗിന് ശേഷം വി.എഫ്.ഐ കരാര്‍ ലംഘിച്ചത് വിവാദമായിരുന്നു. പ്രഥമ വോളിലീഗ് വന്‍വിജയമായിട്ടും തുടര്‍ച്ചയില്ലാതിരുന്നത് വോളിപ്രേമികളില്‍ പ്രതിഷേധത്തിനുമിടയാക്കി. നിരവധിചര്‍ച്ചകള്‍നടത്തിയെങ്കിലും വീണ്ടും വോളിലീഗ് നടത്തുന്നത് നീണ്ടുപോകുകയായിരുന്നു. കായികതാരങ്ങള്‍ക്കും വോളിലീഗ് പുതിയ ഉണര്‍വ്വാകും. കോവിഡ് സാഹചര്യത്തില്‍ മത്സരങ്ങളൊന്നും നടക്കാത്തസാഹചര്യത്തില്‍ പ്രൈംവോളി മികച്ചഅവസരമാകും. ദേശീയതലത്തില്‍ മികച്ചയുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും വോളിലീഗ് സഹായകരമാകും. പ്രഥമ വോളിലീഗില്‍ കോഴിക്കോടും കൊച്ചിയും കേന്ദ്രീകരിച്ച് രണ്ട് ടീമുകളാണ് കേരളത്തില്‍നിന്ന് പങ്കെടുത്തത്. അതേസമയം, വരുംദിവസങ്ങളില്‍ വോളിബോള്‍ ഫെഡറേഷന്റെ സമീപനവും ലീഗിന്റെ ഭാവിയ്ക്ക് നിര്‍ണായകമാകും.