X

മത, ജീവകാരുണ്യ സ്ഥാപനങ്ങളുടെ ആദായനികുതി രജിസ്ട്രേഷന്‍ 5 വര്‍ഷമായി ചുരുക്കി

മത, ജീവകാരുണ്യ സ്ഥാപനങ്ങളുടെ ആദായനികുതി ഇളവിനുള്ള രജിസ്ട്രേഷന്‍ കാലാവധി അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തി. നിലവില്‍ ഒറ്റത്തവണയായിരുന്ന രജിസ്ട്രേഷന്‍ ഇനി ഒരോ അഞ്ചുവര്‍ഷത്തിലും പുതുക്കണം. രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ നികുതി ഈടാക്കാവുന്ന ഭേദഗതിയടക്കം നിരവധി മാറ്റങ്ങളാണ് 2020ലെ ധനകാര്യ നിയമത്തില്‍ വരുത്തിയത്. ഒന്നിലധികം വകുപ്പുകള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ഇനി ഒരു രജിസ്ട്രേഷനേ അനുവദിക്കുകയുള്ളൂ. മാത്രമല്ല എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. പുതിയ ഭേദഗതി അനുസരിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം. അല്ലാത്തവരെ ആദായനികുതി പരിധിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ആദായനികുതി ഇളവ് ലഭിക്കാന്‍ നിലവില്‍ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ മതിയായിരുന്നു. ഇനി അത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കണം. പുതുക്കിയില്ലെങ്കില്‍ ആദായനികുതി അടക്കേണ്ടി വരും. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തതും മത, ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ നികുതി ഇളവ് ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയ രജിസ്ട്രേഷന്‍ എടുക്കണം. സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് ഒരു മാസം മുമ്പെങ്കിലും ഫോം 10ല്‍ അപേക്ഷിക്കണം. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്.
ആദ്യമായി അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ നമ്പറാണ് ലഭിക്കുക. ഈ നമ്പര്‍ ലഭിച്ച് അതിന്റെ കാലാവധി തീരുന്നതിന് ആറു മാസം മുമ്പോ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച് ആറു മാസത്തിനുള്ളിലോ സ്ഥിര രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രൊവിഷണല്‍ നമ്പര്‍ ലഭിച്ചാല്‍ ആ വര്‍ഷംതന്നെ ആദായനികുതി ഇളവിന് അപേക്ഷിക്കാം.

ട്രസ്റ്റ്, സൊസൈറ്റി, ലാഭം പ്രതീക്ഷിക്കാത്ത കമ്പനി തുടങ്ങിയവക്കും ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. നികുതിനിയമത്തിലെ 12 എ, 12 എഎ, 10(23സി), 80 ജി വകുപ്പ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും പുതിയ വകുപ്പായ 12 എ ബി അനുസരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. 12 എ എ, 10 (23സി) എന്നിവ അനുസരിച്ച് രജിസ്ട്രേഷന്‍ എടുത്തവര്‍ക്ക് ഇനി മുതല്‍ ഏതെങ്കിലും ഒരു രജിസ്ട്രേഷന്‍ മാത്രമേ പുതുക്കാനാവൂ. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ഡിജിറ്റല്‍ ഒപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പും നല്‍കണം. ആദായനികുതി മുഖ്യ കമ്മീഷണര്‍ക്കോ കമ്മീഷണര്‍ക്കോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

 

 

 

 

 

Test User: