കെ.എന്‍.എ ഖാദര്‍
പശ്ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പി യിലേക്ക്‌പോയ തൃണമൂല്‍ കോണ്‍ഗ്രസ് എം. എല്‍.എമാരും നേതാക്കളും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. മമതാബാനര്‍ജിയുടെ നേതൃപാടവം അഭിനന്ദനാര്‍ഹമാണ്. അവരുടെ രാഷ്ട്രീയ നിലപാടുകളിലെ ഗുണദോഷങ്ങളെ വിസ്മരിച്ചാലും ജനപക്ഷത്തുള്ള അവരുടെ നില്‍പ്പും, നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും ചില്ലറയല്ല. ഇപ്പോള്‍ അവരുടെ മുഖ്യശത്രുവായി അവര്‍ കരുതുന്നത് ബി.ജെ.പിയേയാണ്. പൊരുതുന്നതും അവരോടാണ്. ദേശീയതലത്തില്‍ ശക്തമായ ഒരു പ്രതിപക്ഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മമത വലിയ പ്രത്യാശയാണ് ജനാധിപത്യവാദികള്‍ക്ക് നല്‍കുന്നത്. മൂന്നു പതിറ്റാണ്ടിലേറെ ബംഗാളിനുമേല്‍ സി.പി.എമ്മിനുണ്ടായിരുന്ന മേധാവിത്വം തല്ലി തകര്‍ത്ത് ഭരണം പിടിച്ച മമത കാഠിന്യമേറിയ അനേക രാഷ്ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ചു. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അവരെ ബംഗാളിന്റെ മണ്ണില്‍നിന്നും ചവിട്ടിപുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ മോദിയേയും അമിത്ഷായേയും അവര്‍ നേരിട്ടത് നിസ്സാര കാര്യമല്ല. ആരും തളര്‍ന്നുപോയേക്കാവുന്ന, അല്ലെങ്കില്‍ സര്‍വ ആയുധങ്ങളും അടിയറവെച്ച് കീഴടങ്ങുമായിരുന്ന മഹായുദ്ധ വീരന്മാരെയാണവര്‍ പടിക്ക് പുറത്താക്കിയത്.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതിന്റെ മാളത്തില്‍ കടന്ന് പുറത്തുചാടിച്ച ദീദി ഇപ്പോള്‍ ഇന്ത്യയിലെ വലതുപക്ഷ പ്രസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനക്കാരായ ബി.ജെ.പിയേയും തകര്‍ത്തു. ഇടതുപക്ഷത്തേയും വലതുപക്ഷത്തെയും ഒരേപോലെ തോല്‍പ്പിക്കാന്‍ സാധിച്ച രാഷ്ട്രീയ നേതാവാണ് മമത. കേന്ദ്രവും അനേകം സംസ്ഥാനങ്ങളും ഭരിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത കക്ഷിയോടാണവര്‍ മുട്ടിയത്. സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പണവും പദവികളും അധികാരവും ബ്യൂറോക്രസിയുടെ സഹായവും എല്ലാം ബി.ജെ.പിക്ക് തന്നെയായിരുന്നു. അവരുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പശ്ചിമബംഗാളിലെ ഭരണം പിടിക്കാന്‍ ബി. ജെ.പി പ്രയോഗിച്ചു. എല്ലാം നേരിടാന്‍ കുശാഗാത്രയായ ഒരു സ്ത്രീയുടെ മനക്കരുത്തുമാത്രം. അവരാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ഛസ്ഥായിയില്‍ പരിക്കേറ്റതുകാരണം വീല്‍ചെയറിനെ ആശ്രയിക്കേണ്ടിവന്നു. കൂടെയുണ്ടായിരുന്ന വിശ്വസ്തരില്‍ പലരും കൂടുവിട്ടു പോയി. കഴിഞ്ഞകാല ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിച്ച വന്‍കിട നേതാക്കള്‍വരെ അതിലുണ്ടായിരുന്നു.
മമതയേയും അവരുടെ പ്രതിച്ഛായയേയും ജനപിന്തുണയേയും ഇവര്‍ ലഘൂകരിച്ചുകണ്ട് ബി.ജെ.പിയുടെ അനിയന്ത്രിതമായ പ്രചാരണ കോലാഹലങ്ങളിലും വാഗ്ദാനങ്ങളിലും അവരുടെ മനസ്സിളകി. അക്കാരണത്താല്‍ എതിരാളികളുടെ സകല തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും ദീദി ഒറ്റക്ക് നേരിട്ടു. എന്തിനും അവരോടൊപ്പംനിന്ന ബഹുജനങ്ങളുടെ ശക്തിയെ അവര്‍ ആശ്രയിച്ചു. തെരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി നേരിടാനും വിജയിക്കാനും ആവശ്യമായ പുത്തന്‍ ചേരുവകളും സാങ്കേതികവിദ്യയും ഇത്രമേല്‍ വികസിപ്പിച്ചെടുത്ത മറ്റൊരു പാര്‍ട്ടിയും ബി.ജെ.പിയെ പോലെ ഇന്ന് ഇന്ത്യയിലില്ല. അതില്‍ ധാര്‍മ്മിക മൂല്യങ്ങളോ മാന്യതയോ കണ്ടെത്താനാവില്ല. ആ മികവിനെയാണ് മമത മറികടന്നത്. ഏതെങ്കിലും വിധത്തില്‍ മറ്റൊരു കക്ഷിയോ മുന്നണിയോ ജയിച്ചുകയറിയാല്‍ ആ വിജയത്തെ അട്ടിമറിക്കാനുള്ള തന്ത്രവും ബി.ജെ.പി പയറ്റി വിജയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ അത്തരം നിസ്സഹായതകളെ നോക്കിനില്‍ക്കേണ്ട സ്ഥിതി മറ്റു പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. അത്തരം അടവുകള്‍ പ്രയോഗിക്കാന്‍ ബംഗാളിലും ബി.ജെ.പി ശ്രമിച്ചു. ആജ്ഞാനുവര്‍ത്തികളും അനുസരണശീലമുള്ളവരുമായ ഗവര്‍ണര്‍മാരും മൂല്യശോഷണം സംഭവിച്ച നീതിന്യായ പീഠങ്ങളും അത്തരം ഘട്ടങ്ങളില്‍ അട്ടിമറിക്കാരെ അളവറ്റ് സഹായിച്ചിട്ടുണ്ട്. ബംഗാളില്‍ അതും പരാജയപ്പെട്ടു. മറ്റു പാര്‍ട്ടികളില്‍നിന്നും വിജയം തട്ടിപ്പറിച്ചെടുത്ത് ജനവിധി അട്ടിമറിക്കുന്നതിന്റെ രുചി അറിഞ്ഞവരാണ് ഇന്ത്യ ഭരിക്കുന്നത്. പലപ്പോഴും ജനപ്രതിനിധികളുടെ മൂല്യശോഷണമാണ് അവര്‍ പ്രയോജനപ്പെടുത്തുന്നത്. നമുക്ക് സുപരിചിതമായ പുസ്തകങ്ങളില്‍ അതിനെ മൂല്യ നിരാസമെന്നാണ് വിളിക്കാറുള്ളത്. എങ്കിലും കൂറുമാറ്റക്കാര്‍ക്ക് അത് മൂല്യ വികാസമാണ്.
ജനാധിപത്യത്തിലും മതേതരത്വത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും ബംഗാളിലെ തെരഞ്ഞെടുപ്പ് ആവേശഭരിതമാക്കി കാണണം. ദീദിയെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുകയാണ് ഇനി വേണ്ടത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും അത് ഗുണം ചെയ്യും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ മതേതര കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ശക്തമായ ഒരു പ്രചാരണ പരിപാടി ആവിഷ്‌കരിക്കണം. ജനപക്ഷത്തു നില്‍ക്കുന്ന ശക്തമായ പ്രസ്ഥാനമാണ് വേണ്ടത്. ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും അടിയന്തിരമായി ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യമല്ല അത് മുന്നോട്ടുവെക്കേണ്ടത്. ഇന്ത്യന്‍ ജനതയുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ക്ക്‌വേണ്ടി പൊരുതുന്ന ഒരു പടയണിയാവാന്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന കക്ഷികള്‍ക്ക് കഴിയണം. ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ഭരണ വീഴ്ചകളെയാണ് നേരിടേണ്ടത്. സ്വാഭാവികമായും പ്രക്ഷോഭ സമരങ്ങളിലൂടെ ജനപിന്തുണ നേടുകവഴി അധികാരത്തിലെത്താനും സാധിച്ചുകൊള്ളും. ഏത് വിധത്തിലും അധികാരം പിടിച്ചെടുക്കാനുള്ള കളിയാണ് പ്രധാനമെന്ന് കരുതുന്നത് അബദ്ധമാണ്. ആ കളി മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ ബി.ജെ. പിക്ക് കഴിഞ്ഞേക്കും. മാത്രവുമല്ല അത്തരം കളികള്‍ ഉപരിതലസ്പര്‍ശിയായ ഒരേര്‍പ്പാടായി ചുരുങ്ങും. ജനങ്ങള്‍ അതില്‍ തല്‍പ്പരരല്ല.
ഇന്ത്യയിലെ കര്‍ഷക ലക്ഷങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്ക് കഴിയണം. തൊഴില്‍രഹിതരായ യുവതി യുവാക്കള്‍, അസ്വസ്ഥരായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍, കുട്ടികള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ഇരകള്‍, പൊരുതിനേടിയ അവകാശങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍, ദാരിദ്ര്യത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും പടുകുഴിയിലകപ്പെട്ട ഗ്രാമീണ ജനത, വില വര്‍ധനമൂലം പൊറുതിമുട്ടുന്ന ജനം. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തീവിലയായതിനാല്‍ പ്രക്ഷുബ്ധരായി കഴിയുന്നവര്‍, അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, സാംസ്‌കാരിക മേഖലയിലെ കയ്യേറ്റങ്ങള്‍ കാരണം ശ്വാസംമുട്ടി കഴിയുന്നവര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കരുത്തും നെഞ്ചൂക്കുമുള്ള ഒരു പ്രസ്ഥാനത്തിനുമാത്രമേ ഇന്ത്യയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുകയുള്ളു. കോര്‍പറേറ്റ് ഭീമന്‍മാരുടെ കൈകളില്‍ ഇന്ത്യ അമര്‍ന്നു കഴിഞ്ഞു.
യാതൊരു അധ്വാനവും കൂടാതെ ഇന്ത്യയിലെ വ്യവസായങ്ങളും കൃഷിയും പ്രതിരോധ സംവിധാനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും പൊന്‍താലത്തില്‍വെച്ച് അവരുടെ കൈകളില്‍ ഏല്‍പ്പിച്ച ഈ സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിക്കാന്‍ കഴിയണം. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാമൂഴവും സംസ്ഥാനങ്ങളിലെ ഭരണവും കാരണം നാട്ടിലുള്ള ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത ദുരവസ്ഥ നിലനില്‍ക്കുകയാണ്. വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് ചെവികൊടുക്കാനോ അവയെല്ലാം ഏറ്റെടുത്ത് അവരോടൊപ്പം നില്‍ക്കാനോ ആരുമില്ലെന്ന തോന്നല്‍ രാജ്യവ്യാപകമായി നിലനില്‍ക്കുന്നു. തല്‍ഫലമായി ബി.ജെ.പിയുടെ ഭരണ നടപടികളെ എത്ര ജനവിരുദ്ധമായാലും സഹിച്ച് ഉള്ളിലൊതുക്കി കഴിഞ്ഞുകൂടാന്‍ ജനങ്ങള്‍ ശീലിച്ചുതുടങ്ങിയിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇന്ത്യയും നിലനില്‍ക്കണമെന്ന് കരുതുന്ന പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് എളുപ്പത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനാവില്ല. ആഭ്യന്തര കലഹങ്ങളും അന്തച്ഛിദ്രങ്ങളും പാര്‍ട്ടികള്‍ക്കകത്ത് ശക്തിപ്പെടും. ഭാഗ്യാന്വേഷികള്‍ പലവഴിക്ക് പോയേക്കാം. ഇതൊന്നും ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയുടെ പ്രശ്‌നമല്ല. മിക്ക പാര്‍ട്ടികള്‍ക്കും ഈ ഗതി വന്നേക്കാം.
ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ പ്രായോഗികമായി ജനങ്ങള്‍ക്ക് ബോധ്യപ്പെടാവുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്‌റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. ഇതര രാഷ്ട്രീയ കക്ഷികള്‍ മിക്കതും കോണ്‍ഗ്രസില്‍നിന്നും വിവിധ കൈവഴികളായി മാറിവന്നവയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിനകത്താണ് ഇന്ത്യയില്‍ ജനിച്ചത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നതായിരുന്നു അന്നത്തെ രൂപം. പിന്നീട് അത് പുറത്തുവന്നാണ് വളര്‍ന്നത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും വലുതുമായ ജനാധിപത്യ കക്ഷികള്‍ വേറെയുണ്ട്. ഏറെ അംഗീകാരമുള്ള നേതാക്കളും വിവിധ കക്ഷികളിലായി ഇന്ത്യയിലുണ്ട്. അവരുടെയെല്ലാം കൂട്ടായ നേതൃനിര വളര്‍ന്നുവരണം. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് മുന്‍കൈയെടുക്കാന്‍ ഉത്തമം. ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ ജീവിത സാഹചര്യങ്ങള്‍ മാറ്റാന്‍ ജനങ്ങളെ സംഘടിപ്പിച്ചും അവരോട് ചേര്‍ന്നുനിന്നും മുന്നോട്ടുപോകുകയല്ലാതെ കുറുക്കുവഴികളില്ല. ഒരു ശക്തമായ ജനാധിപത്യ, മതേതര ബദല്‍ ഇപ്പോഴും ആത്മനിഷ്ഠമായ ഒരാഗ്രഹം മാത്രമാണ്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ കണ്‍തുറന്നുകാണാനും കഴിയണം. ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളു. തെരഞ്ഞെടുപ്പ് കാലത്തു പ്രയോഗിക്കാനുള്ള ചെപ്പടി വിദ്യകള്‍ കൊണ്ട് ഫലമില്ല. ശക്തമായ ജനകീയ ബദല്‍, അതായിരിക്കണം ലക്ഷ്യം. ബി.ജെ.പിയിലും എന്‍.ഡി.എ സഖ്യത്തിലുമെല്ലാം നേര്‍വഴിക്കാണെന്ന് കരുതേണ്ടതില്ല. യു.പി, രാജസ്ഥാന്‍, ത്രിപുര തുടങ്ങി അനേക സംസ്ഥാനങ്ങളിലും ആഭ്യന്തര തര്‍ക്കങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതകള്‍ ഇപ്പോള്‍ ഏറി വരുകയാണ്.