ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന്റെ 25 ഉത്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതായി ഉപഭോക്തൃമന്ത്രാലയം. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് 500ലധികം പരസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അഡൈ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) വ്യക്തമാക്കി. 2015 ഏപ്രിലിനും 2016 ജൂലൈക്കും ഇടയിലുള്ള കണക്കാണിത്. പതഞ്ജലിക്കെതിരെ 33 പരാതികളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം എ.എസ്.സി.ഐ ചട്ടങ്ങള്‍ ലംഘിക്കുന്നവയാണെന്ന് കണ്ടെത്തി.
വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, ഉബര്‍, ലോറിയല്‍, പ്രക്ടര്‍ ആന്‍ഡ് ഗാംബ്ള്‍, ഹിന്ദുസ്ഥാന്‍ യൂണിവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളും ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതിയിലുള്ള ചില പരസ്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് എ.എസ്.സി.ഐ വെളിപ്പെടുത്തി.