X

സംസ്ഥാന കമ്മിറ്റിക്ക് ഓഫീസുണ്ടാക്കാന്‍ 25 കോടി പിരിച്ച് മുക്കി; ഐഎന്‍എല്ലിനെതിരെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്‌

ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ച് മുക്കിയതായി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തതായും ഷമീർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗൾഫ് നാടുകളിൽ നിന്നും പ്രമുഖ വ്യവസായികളിൽ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല. പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല. പാർട്ടി സംസ്ഥാന ട്രഷറർ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്.

2024 ഡിസംബർ പത്തിന് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്. അതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവർത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവർ കോവിൽ യൂത്ത് ലീഗിന്റെ ചുമതല നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം. പല നിയമനങ്ങൾക്കും പാർട്ടി ഫണ്ടിന്റെ പേരിൽ മന്ത്രിയുടെ അഡീഷണൽ പി എസ് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.

webdesk17: