കോഴിക്കോട്: ചെറുപ്രായത്തില്‍ തന്നെ തബലയും ഡോലകും വായിച്ച് വിസ്മയം തീര്‍ക്കുകയാണ് നൈനാം വളപ്പ് കോതി ബീച്ചില്‍ അജ്മല്‍. കോഴിക്കോട്ടെ പ്രമുഖ ഗസല്‍ ഖവ്വാലി സംഘങ്ങള്‍ക്കു വേണ്ടി തബല വായനക്കാരനായി പ്രശംസ നേടുകയാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥി. കോഴിക്കോട് പരപ്പില്‍ എം.എം.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയായ അജ്മല്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തബല അഭ്യസിച്ചു തുടങ്ങുന്നത്. മത്സ്യത്തൊഴിലാളിയായ പിതാവ് റഹിം ആയിരുന്നു ആദ്യ ഗുരുനാഥന്‍. ആദ്യ സ്പര്‍ശനത്തില്‍ തന്നെ തബല തന്നെ കീഴടക്കിയതായി അജ്മല്‍ പറയുന്നു.
ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ ചെറു മെഹ്ഫിലുകളിലും ഗാനമേളകളിലും വായിക്കാന്‍ തുടങ്ങി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അജ്മല്‍ ആദ്യമായി സ്‌കൂള്‍ കലമേളയില്‍ പങ്കെടുത്തത്. ആദ്യ തവണ ജില്ലാ തലത്തില്‍ ഒതുങ്ങിയെങ്കിലും പിന്നീടുള്ള എല്ലാ കലോത്സവങ്ങളിലും സംസ്ഥാന തലത്തില്‍ അജ്മല്‍ എ ഗ്രേഡ് കരസ്ഥമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് അജ്മല്‍ ഗായക സംഘങ്ങള്‍ക്കു വേണ്ടി വായിച്ചു തുടങ്ങുന്നത്. തബലയോടൊപ്പം ഡോലകിലും മികവ് തെളിയിക്കുന്നത് ഈ സമയത്താണ്. സംഗീത പരിപാടികളില്‍ മുതിര്‍ന്നവര്‍ക്കിടയിലെ ‘കുട്ടി തബലിസ്റ്റ്’ പെട്ടെന്ന് തന്നെ ആ സ്വാദകരുടെ ശ്രദ്ധ കവരുകയാണ്.
കേരളത്തില്‍ നിരവധി വേദികളില്‍ അജ്മല്‍ ഗായക സംഘങ്ങളോടൊപ്പം വായിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും ലോക് ഡൗണും പരിപാടികള്‍ക്ക് വിലങ്ങായപ്പോഴും പരിശീലനം തുടരുകയാണ് അജ്മല്‍. ബാബുരാജ് അക്കാദമിയിലെ ആനന്ദ് കൃഷ്ണനാണ് അജ്മലിന്റെ ഗുരു. നാട്ടുകാരും സ്‌കൂള്‍ അധികൃതരും നല്‍കുന്ന പ്രോത്സാഹനമാണ് ഊര്‍ജ്ജമെന്നും തബലയിലും ഡോലകിലും രാജ്യമറിയുന്ന കലാകാരന്‍ ആവാനാണ് മോഹമെന്നും അജ്മല്‍ പറയുന്നു.