X

വിശാല പ്രതിപക്ഷ യോഗത്തിലേക്ക് മുസ്‌ലിം ലീഗ് അടക്കം 24 പാര്‍ട്ടികള്‍

ബെംഗളൂരു: 2024 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷ ബദലെന്ന ലക്ഷ്യവുമായി ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുക്കും. യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് സോണിയ അത്താഴ വിരുന്നൊരുക്കും.

24 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാകും ജൂലൈ 17, 18 തീയതികളില്‍ ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗത്തില്‍ പങ്കെടുക്കുക. പറ്റ്‌ന യോഗത്തിലുണ്ടാവാതിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ഉള്‍പ്പെടെ എട്ട് പാര്‍ട്ടികള്‍ കൂടി ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുക്കും. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കു ദേശ മക്കള്‍ കക്ഷി പാര്‍ട്ടി (കെഡിഎംകെ), വിടുതലൈ ചിരുതൈകള്‍ കക്ഷി പാര്‍ട്ടി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി) തുടങ്ങിയ പാര്‍ട്ടി നേതാക്കളും ഇത്തവണത്തെ യോഗത്തില്‍ പങ്കെടുക്കും.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യ കക്ഷികളായിരുന്ന പാര്‍ട്ടികളാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള എം.ഡി.എം.കെയും കെ. ഡി.എം.കെയും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പറ്റ്‌നയില്‍ നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തിന് ശേഷം നടക്കുന്ന നി ര്‍ണായക യോഗമാണ് ബെംഗളൂരുവിലേത്. ജൂണ്‍ 23ന് പറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, ശരത് പവാര്‍ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രധാനപ്പെട്ടവരെല്ലാം പങ്കെടുത്തിരുന്നു.

ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്മാറുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നെങ്കിലും ഇത്തവണത്തെ യോഗത്തിന് ആംആദ്മി പാര്‍ട്ടിയും പങ്കെടുത്തേക്കും. ജൂലൈ 13ന് നടക്കേണ്ടിയിരുന്ന യോഗം മഹാരാഷ്ട്രയിലെ എന്‍സിപി പിളര്‍പ്പിന് പിന്നാലെ ജൂലൈ 17ലേക്ക് മാറ്റുകയായിരുന്നു. പ്രതിപക്ഷത്തെ എല്ലാ പ്രധാന പാര്‍ട്ടി നേതാക്കള്‍ക്കും യോഗത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കത്തയച്ചിട്ടുണ്ട്.

സംസ്ഥാന തലത്തിലെ ഐക്യത്തിനപ്പുറം ദേശീയ തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഓഗസ്റ്റില്‍ സംയുക്ത റാലി നടത്തുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. വോട്ടര്‍മാര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും ഇത് വഴി വ്യക്തമായ സന്ദേശം നല്‍കാനാവും ഐക്യ പ്രതിപക്ഷത്തിന്റെ ശ്രമം. ഇതോടൊപ്പം സംസ്ഥാന തലത്തില്‍ യോജിപ്പിനായി ആവശ്യമായ യോഗങ്ങള്‍ ചേരാനും യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

webdesk11: