കൊച്ചി: ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന നിബന്ധന റദ്ദാക്കി ഉപഭോക്തൃ കമ്മീഷന്‍. വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലത്ത് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന നിബന്ധന, ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ നല്‍കിയ പരാതിയിലാണ് സുപ്രധാന വിധി.
മില്‍ട്ടന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളം ഗിരിധര്‍ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിന് പരാതിക്കാരന്‍ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. എന്നാല്‍ 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ക്ലെയിം നിഷേധിച്ചു. ഇതിനെതിരെയാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകും. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോററിയുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.