പി.വി അൻവർ എംഎൽഎയുടെ എടവണ്ണയിലെ വീടിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.
എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്ത് സുരക്ഷക്കായി പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കണമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവില്‍ പറയുന്നു.
പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. ‘കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു’ മുദ്രാവാക്യം. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.