X

സര്‍ക്കാര്‍ ഇളവുകള്‍ ഒന്നുമില്ല; ബസുടമകള്‍ സമര മുഖത്തേക്ക്‌

കോഴിക്കോട്: തകര്‍ന്നു കൊണ്ടിരിക്കുന്ന ബസ് വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ 27ന് ഉപവസിക്കും. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും ഉപവാസം.  പൊതു ഗതാഗതം സംരക്ഷിക്കുക, കൊവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ജസ്റ്റിസ് രാമ ചന്ദ്രന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, പലിശ രഹിത വായ്പ അനുവദിക്കുക, പൊതുഗതാഗതത്തിന് പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായമില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥാണെന്ന്് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധയിലൂടെ മാത്രം ദിവസേന ശരാശരി 3000 രൂപയോളം ബസ് ഉടമകള്‍ക്ക് അധിക ബാധ്യത വരുന്നുണ്ട്.

ആദ്യത്തെ ലോക്ക്ഡൗണില്‍ നികുതി ഇളവ് അനുവദിച്ചിരുന്നെങ്കിലും 2021ലെ ലേക്ക് ഡൗണില്‍ റോഡ് നികുതി അടയ്ക്കുന്നതിനു സാവകാശം അനുവദിച്ചതല്ലാതെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് കാലത്ത് കട്ടപ്പുറത്തായ ബസ്സുകള്‍ നിറത്തിലിറക്കണമെങ്കില്‍ ഒന്നിന് ഒന്നര ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണി നടത്തണം.

ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസുകള്‍ക്ക് ദിനംപ്രതി മുതലാളിമാര്‍ പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയാണ്. മാസത്തില്‍ പതിനായിരങ്ങളാണ് കൈയ്യില്‍ നിന്ന് എടുത്തു കൊടുക്കുന്നത്. വായ്പ വാങ്ങി മുടഞ്ഞ അവസ്ഥയിലാണ് ഇപ്പോല്‍ മിക്ക ബസുടമകളും.

 

Test User: