ഷിബു മീരാന്‍
അത്യന്തം കൗതുകകരമാണ് ആഗോള തലത്തില്‍ തീവ്രവലതു രാഷ്ട്രീയത്തിന്റെ ഉള്‍പിരിവുകള്‍. ജൂത സമൂഹം ചരിത്രത്തില്‍ ഭീകരമാം വിധം വേട്ടയാടപ്പെട്ടു എന്നാണ് ഇന്ത്യയിലെ സംഘ്പരിവാരങ്ങള്‍ വിലപിക്കുന്നത്. സമീപകാല ലോക ചരിത്രത്തില്‍ ആരാണ് ജൂതസമൂഹത്തെ കുട്ടക്കൊല ചെയ്തത്? ഹിറ്റ്‌ലര്‍, പക്ഷേ ഹിറ്റ്‌ലര്‍ ഇന്ത്യന്‍ സംഘികളുടെ ആരാധ്യ പുരുഷനും ആദി മാതൃകയുമാണ് ഇപ്പോഴും. ക്രിസ്തു ഘാതകര്‍ എന്ന് വിളിച്ചും അവരെ അക്രമിച്ചിരുന്നു. ക്രിസ്തുവിനുശേഷവും കുരിശു യുദ്ധ കാലത്തും ഈ ചിന്ത ശക്തമായിരുന്നു. അങ്ങനെയൊരു ചിന്ത ക്രൈസ്തവ ലോകം അവസാനിപ്പിക്കുന്നത് 1962 മുതല്‍ 1965 വരെ നടന്ന വത്തിക്കാന്‍ കൗണ്‍സിലിലാണ്. ക്രിസ്തുവിനെതിരെ ഗൂഡാലോചന നടത്തി കള്ളസാക്ഷി പറഞ്ഞ് ഇവനെ ക്രൂശിക്കുക എന്നാര്‍ത്ത്‌വിളിച്ചവരെ വഴിതെറ്റിയ ഒരാള്‍ക്കൂട്ടമായിമാത്രം കാണണം. ജൂത സമൂഹമാകെ തെറ്റുകാരല്ല എന്ന് ആ നല്ലിടയന്‍ പറയുന്നത്‌വരെ പകയോടെ തന്നെയാണ് അവരെ സമീപിച്ചത്. ജൂതമതവും അതിന്റെ തുടര്‍ച്ചയായ ക്രിസ്തുമതവും തമ്മില്‍ സംഘര്‍ഷമവസാനിച്ച് സംവാദം സാധ്യമാകുന്നതില്‍ ഈ പ്രഖ്യാപനം വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അക്രമിക്കപ്പെട്ട ജൂത സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിയോടി. ഇന്ത്യയിലടക്കം അവരുടെ സാന്നിധ്യമുണ്ടായത് അങ്ങനെയാണ്.
പക്ഷേ യൂറോപ്പില്‍ ജര്‍മനി കാത്തു വച്ചതുപോലെ ക്രൂരമായ അനുഭവങ്ങള്‍ മറ്റെവിടെയും അവര്‍ക്ക് നേരിടേണ്ടിവന്നില്ല. ലോകം കണ്ട ക്രൂരമായ ജൂതഹത്യക്ക് അരങ്ങൊരുക്കിയ ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലര്‍. 1933 ല്‍ ജര്‍മ്മനിയില്‍ അധികാരം നേടിയ ഹിറ്റ്‌ലര്‍ നടത്തിയ ഹോളോകാസ്റ്റ് ചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരമായ ജൂത വേട്ടയായിരുന്നു. ഏറ്റവും വ്യവസ്ഥാപിതമായിരുന്നു. ഭരണകൂട അജണ്ടയായിരുന്നു. ഇത്തരത്തില്‍ വംശവെറിയുടെ പേരില്‍ ഒരു ന്യൂനപക്ഷത്തെ കൊന്നുതീര്‍ക്കുക എന്നത് സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിച്ച അനുഭവം ചരിത്രത്തില്‍ വേറെ ദുര്‍ലഭമാണ്. തിയഡോര്‍ ഹെര്‍സല്‍ രൂപം കൊടുത്ത സയണിസം എന്ന വംശീയ തത്വശാസ്ത്രം യഹൂദര്‍ക്കൊരു രാഷ്ട്രം എന്ന അജണ്ട മുന്നോട്ട്‌വെക്കുന്നത് ഹിറ്റ്‌ലര്‍ക്കും മുന്നേയാണ്.
ഹിറ്റ്‌ലര്‍ നടത്തിയ ജൂത വേട്ട ആ വാദത്തിന് വൈകാരിക പിന്തുണ നേടിക്കൊടുത്തു. അങ്ങനെയൊരു രാഷ്ട്രം സ്ഥാപിക്കേണ്ടത് ദൈവജനത്തിന്റെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലാണെന്നും ജറുസലേം നഗരമാണ് ആ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ടതെന്നും അവര്‍ സംഘടിതമായി പ്രചരിപ്പിച്ചു. പഴയ വേട്ടക്കാരന്‍ ഹിറ്റ്‌ലറുടെ പ്രചാരകന്‍ ഗീബല്‍സിന്റെ തന്ത്രം തന്നെയാണ് സയണിസവും അതിനായി ഉപയോഗിച്ചത്. ചരിത്രത്തെയും സത്യത്തെയും സമ്പൂര്‍ണമായും നിരാകരിക്കുന്ന കള്ളങ്ങള്‍ സൃഷ്ടിച്ച് ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് സത്യമായി മാറ്റുക. രണ്ടാം ലോകയുദ്ധത്തിനുശേഷം കൊളോണിയലിസം വഴി അറബ് മേഖലയില്‍ സാമ്പത്തിക ചൂഷണം സാധ്യമല്ല എന്ന് ബോധ്യമായ സാമ്രാജ്യത്വശക്തികള്‍ ഈ നീക്കത്തിന് ഒത്താശ ചെയ്തു. മൂലധനാധിനിവേശത്തിലൂടെ അറബ് മേഖലയിലെ എണ്ണ സമ്പത്ത് ലക്ഷ്യംവെച്ച സാമ്രാജ്യത്വശക്തികള്‍ക്ക് അതോടൊപ്പംതന്നെ അവരുടെ സൈനിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു താവളവും വേണമായിരുന്നു. 1916 മെയ് മാസത്തില്‍തന്നെ കുപ്രസിദ്ധമായ സെക്‌സ് പിക്കോട്ട് ധാരണയിലൂടെ അവരത് പ്രഖ്യാപിച്ചു.
1917 ലെ ബാല്‍ഫര്‍ പ്രഖ്യാപനം ഈ ധാരണ അരക്കിട്ടുറപ്പിച്ചു. അങ്ങനെ സാമ്രാജ്യത്വവും സയണിസവും കൈകോര്‍ത്തപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനക്ക് 1948 മെയ് 14 ന് കളമൊരുങ്ങി. ഇസ്രാഈല്‍ പിറന്നുവീണു. ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ പ്രദേശത്തെ രണ്ടായി പകുത്തു. പ്രമേയമനുസരിച്ച് കൂടുതല്‍ ഭൂപ്രദേശത്തിന്റെ അവകാശം ഫലസ്തീനികള്‍ക്കുതന്നെ. പക്ഷേ ഇസ്രാഈല്‍ സ്ഥാപിതമായതുതന്നെ ആ കരാര്‍ പോലും ലംഘിച്ച്‌കൊണ്ടാണ്. 48 ലെ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോഴേക്കും ഫലസ്തീനികള്‍ക്ക് അവശേഷിച്ചത് വെറും 22 ശതമാനം ഭൂമി മാത്രം. 1967ലെ യുദ്ധത്തില്‍ ജറുസലേമും ഗോലാന്‍കുന്നുകളും ഇസ്രാഈല്‍ പിടിച്ചെടുത്തു. 1980 ല്‍ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്രസമൂഹം അതംഗീരിച്ചില്ല. അങ്ങനെ അഭയംതേടി വന്നവര്‍ തദ്ദേശീയ ജനതയെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാക്കിമാറ്റി. പിറന്ന മണ്ണില്‍ ജീവിക്കാനും യാത്ര ചെയ്യാനും കുടിയേറിയവരുടെ അനുവാദം കാത്ത്‌നില്‍ക്കേണ്ടിവന്ന സ്വന്തം ജനതയെ വന്നു കയറിയവര്‍ കൊന്നുകളയുന്നത് നോക്കിനില്‍ക്കേണ്ടിവന്ന ഒരു ജനത പ്രതിരോധിച്ചു. ദര്‍വീഷിന്റെ കവിതയും കുട്ടികളുടെ കയ്യിലെ കല്ലുകളും പോരാളികളുടെ റോക്കറ്റുകളും അധിനിവേശ ശക്തികള്‍ക്കെതിരെ പ്രയോഗിച്ചു. ഫലസ്തീനിലെ ഉമ്മമാര്‍ പോരാളികളെ ഗര്‍ഭത്തിലും സ്വന്തം മക്കള്‍ രക്തസാക്ഷികളായപ്പോള്‍ അവരുടെ ശവമഞ്ചം തോളിലും ചുമന്നു. പിറന്ന മണ്ണിന്റെ മോചനത്തിനുവേണ്ടി പൊരുതിയ ആ ജനതയെ വിളിക്കാന്‍ ലോകം ഒരു തെറിവാക്കും കണ്ട് പിടിച്ചു, തീവ്രവാദികള്‍.
ക്രിസ്തുവിനും 3000 വര്‍ഷങ്ങള്‍ക്ക്മുമ്പ് കാനാന്‍കാരുടെ നഗരമായിരുന്നു ഫലസ്തീന്‍. ദാവീദ് ജൂത ക്ഷേത്രം നിര്‍മ്മിച്ചതു ജൂത സമൂഹം അവരുടെ ചരിത്രത്തെ അവിടവുമായി ബന്ധിപ്പിക്കുന്നു. യഹോവ ദൈവജനത്തിന് വാഗ്ദത്തം ചെയ്ത ഭൂമിയാണ് എന്നതാണ് ഫലസ്തീനെക്കുറിച്ച് സയണിസ്റ്റുകളുടെ അവകാശവാദം. ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദിസ് ജൂത സമൂഹത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായാലേ മിശിഹാഭൂമിയിലേക്ക് മടങ്ങൂ എന്നവര്‍ വിശ്വസിക്കുന്നു. എ.ഡി 70 ല്‍ ജറൂസലേമിലേക്ക് അധിനിവേശം നടത്തി അവിടെനിന്ന് തുരത്തിയോടിച്ചത് റോമാക്കാരാണ് എന്ന് ചരിത്രം പറയുന്നു. അങ്ങനെയാണവര്‍ അറേബ്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് ചിതറിയോടിയത്. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ച പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ കാലം മുതല്‍ സഹിഷ്ണുതാപരമായ സമീപനം സ്വീകരിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഹുദൈബിയ സന്ധി. അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും സാമൂഹിക സ്വത്വത്തെയും പ്രവാചകന്‍ സമ്പൂര്‍ണമായും അംഗീകരിച്ചു. മദീന എന്ന നവജാത രാഷ്ട്രത്തിന്റെ പരമാധികാരത്തെ ഉള്ളില്‍നിന്ന് പലവട്ടം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടില്ല. ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒട്ടും മതപരമായിരുന്നില്ല. മദീനയുടെ പരമാധികാരത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച പ്രവാചകന്റെ സ്വന്തം അനുയായികള്‍തന്നെയും വലിയ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ഖലീഫ ഉമറിന്റെ കാലത്താണ് റോമന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ജറുസലേം വീണ്ടെടുക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ആദ്യത്തെ ഖിബ്‌ല എന്ന പ്രത്യേകതകൂടി ബൈത്തുല്‍ മുഖദ്ദസിന് ഉണ്ടായിരുന്നു.
അതു മാത്രമല്ല മൂസ, ഈസ തുടങ്ങിയ പ്രവാചകര്‍ പ്രചരിപ്പിച്ച ദര്‍ശനത്തിന്റെ സമ്പൂര്‍ണ രൂപമാണ് മുഹമ്മദ് നബി പ്രബോധനം ചെയ്തത് എന്നും ഇസ്‌ലാമിക സമൂഹം വിശ്വാസിച്ചു. വൈകാരികമായ ഇക്കാരണങ്ങള്‍ കൂടാതെ തീര്‍ത്തും രാഷ്ട്രീയ കാരണങ്ങളും അത്തരമൊരു സൈനിക നീക്കത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നും കരുതാന്‍ ന്യായമുണ്ട്. ജറൂസലേം എന്ന വിശുദ്ധ ഭൂമില്‍ ജീവിക്കാനും ആരാധന നടത്താനും ക്രൈസ്തവ ജൂത സമൂഹങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെ അദ്ദേഹം നിഷേധിച്ചില്ല എന്നാണ് ചരിത്രം പറയുന്നത്. ആ വിശുദ്ധ നഗരത്തിന്റെ ചരിത്രത്തില്‍ രണ്ട് വിഭാഗങ്ങളുടെയും പങ്ക് അനുവദിച്ച് കൊടുത്തു. കീഴടക്കിയ പ്രദേശങ്ങള്‍ സമ്പൂര്‍ണമായും കൊള്ളയടിക്കുകയും തദ്ദേശീയരായ മനുഷ്യരെ അടിമകളാക്കുകയും ചെയ്യുന്ന ഗോത്ര യുദ്ധ നീതി നടമാടിയിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. എതിരാളികള്‍ എഴുതിയ ചരിത്രം പോലും ഉമറിനെ നീതിമാന്‍ എന്ന് വിളിച്ചത് അത് കൊണ്ട്കൂടിയാണ്. പിന്നീട് കുരിശു യുദ്ധകാലത്ത് വിശുദ്ധ ഭൂമി സംഘര്‍ഷഭരിതമായിമാറി. കുരിശു യോദ്ധാക്കളുടെ കാലത്തും ജൂത സമൂഹം വേട്ടയാടപ്പെട്ടു.
അന്നും താരതമ്യേന ജൂത സമൂഹം സുരക്ഷിതമായിരുന്നത് അറേബ്യയില്‍തന്നെ. ഇപ്പോഴത്തെ ജൂത വിശ്വാസത്തിലെ മുഖ്യധാരയായ റെബാനിക് ധാരയുടെ സ്ഥാപകനായ റാബെ അഖീവ (തല്‍മുദില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന പ്രമുഖനായ ജൂതമത ആചാര്യന്‍) കൊല്ലപ്പെടുന്നത് റോമന്‍ അധിനിവേശ കാലത്താണ്. സാദിയ ബെന്‍ യോസഫ് അബ്രഹാമിക് ബൈബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്നതും ജൂതമത ദര്‍ശനം വികാസം പ്രാപിച്ചതുമൊക്കെ അറേബ്യയിലെ കാലത്താണ്. മെമോനിഡിസ് എന്ന ജൂത ആചാര്യന്റെ ദൈവശാസ്ത്ര കൃതികളധികവും അറബിയിലായിരുന്നു. അറേബ്യയില്‍ സാമ്പത്തികമായി അവര്‍ മുതലാളി വര്‍ഗമായിരുന്നു. മതപരമായും സാംസ്‌കാരികമായും അവര്‍ അംഗീകരിക്കപ്പെട്ടു. ജീവനും സ്വത്തും സുരക്ഷിതമായിരുന്നു. പിന്നീട് ഒന്നാം കുരിശ് യുദ്ധം ജയിച്ച അലക്‌സിയന്‍ ചക്രവര്‍ത്തി ജറുസലേമില്‍ ക്രിസ്ത്യന്‍ രാജ്യം സ്ഥാപിച്ചു. ജറുസലേമിനോട് ക്രിസ്തുമതത്തിനും വൈകാരികമായ അടുപ്പമുണ്ട്. മൂന്നാം കുരിശ് യുദ്ധത്തോടെ സലാഹുദ്ധീന്‍ അയ്യൂബി 1087 ല്‍ ഫലസ്തീന്‍ വിമോചിപ്പിച്ചു. പിന്നീട് ഫലസ്തീന്‍ തുര്‍ക്കി ഖിലാഫത്തിന്റെ കൈകളിലേക്കും ലോക യുദ്ധാനന്തരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലും വരുന്നു.
1948 ല്‍ ലോകം മുഴുവന്‍ ചിതറിപ്പോയ ജൂത സമൂഹത്തിന്‌വേണ്ടി ഒരു രാഷ്ട്രം അവിടെ സ്ഥാപിക്കപ്പെടുന്നു. ജൂത സമൂഹത്തെ വേട്ടയാടിയതില്‍ ഒരു പങ്കുമില്ലാത്ത ഒരു ജനതയുടെ ചിലവില്‍ മറ്റാര്‍ക്കും ഒരു നഷ്ടവുമില്ലാത്ത ഒട്ടേറെ ഗൂഡ ലക്ഷ്യങ്ങളൊളിപ്പിച്ചുവെച്ച ഒരു പുനരധിവാസം. ഒരു ചരിത്ര ഘട്ടത്തില്‍ ഇരകളായിരുന്ന ഒരു സമൂഹം മറ്റൊരു ഘട്ടത്തില്‍ വേട്ടക്കാരായിമാറുന്നതാണ് പിന്നെ കണ്ടത്. വാഗ്ദത്ത ഭൂമിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറുന്നവര്‍ക്കുവേണ്ടി ഒരു രാഷ്ട്രം സ്ഥാപിച്ചാല്‍ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന തദ്ദേശീയര്‍ എന്തുവേണം? അവരെവിടേക്കു പോകണം? ഇപ്പോള്‍ ഇസ്രാഈലിനെ പിന്തുണക്കുന്ന ആര്‍ക്കെങ്കിലും സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ വേണ്ട സ്വന്തം പേരിലുള്ള ഒരു സെന്റ് ഭൂമിയുടെ കാര്യത്തില്‍ ഇത് സ്വീകാര്യമാകുമോ? അന്ന് കൊടിയ അനീതിയാണ് സംഭവിച്ചത്. ആ അനീതിക്ക് ഇടനില നിന്നവര്‍ ഫലസ്തീനികളുടെ മണ്ണ് അവര്‍ക്കും ഇസ്രാഈലിനുമിടയില്‍ വീതം വച്ചു. ഒത്തുതീര്‍പ്പില്‍ ആ മണ്ണില്‍ കാലുകുത്തിയവര്‍ പിന്നീട് കാലുറച്ചപ്പോള്‍ അധിനിവേശം തുടങ്ങി. ഇഞ്ചിഞ്ചായി ഭൂമി പിടിച്ചെടുത്തു. മുന്നില്‍ കാണുന്ന മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരും അവര്‍ക്ക് ശത്രുക്കളാണ്. അവസാനത്തെ ഫലസ്തീനിയെയും കൊല്ലണം. അവര്‍ക്ക് വേണ്ടത് ഫലസ്തീനികളില്ലാത്ത ഫലസ്തീനാണ്.