X

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാറിനെ ജനം ശരിയാക്കി തുടങ്ങും: മഞ്ഞളാംകുഴി അലി

 

തിരുവനന്തപുരം: എല്ലാം ശരിയാക്കിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാറിനെ എങ്ങനെ ശരിയാക്കാമെന്നാണ് ജനം ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മഞ്ഞളാംകുഴി അലി. ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ ജനം ഈ സര്‍ക്കാറിനെ ശരിയാക്കാന്‍ തുടങ്ങുമെന്നും അലി പറഞ്ഞു. നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് കേരളത്തെ അഞ്ചുവര്‍ഷം പിന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട ഇപ്പോഴത്തെ മന്ത്രി ജി. സുധാകരന്‍ ഇത്തവണ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് അക്കാര്യം മുഖ്യമന്ത്രിയെ കാണിക്കണം. ഇക്കഴിഞ്ഞ വര്‍ഷവും യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷവും തമ്മില്‍ താരതമ്യപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിഫ്ബിപോലുള്ള പ്രത്യേക ഉദ്ദേശ സംവിധാനത്തിന് 50,000 കോടി രൂപ കടമെടുക്കണമെങ്കിലും ബോണ്ട് നല്‍കണമെങ്കിലും ആര്‍.ബി.ഐയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അനുമതി വേണ്ടിവരും. കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകുന്ന അവിടത്തെ ഏമാന്മാരുടെ കൈയില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങിയെടുക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ തോന്നിയ മാറ്റങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബിക്ക് വേണ്ടിവെച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലത്. വിദേശമലയാളികള്‍ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ ചേരുകവഴി 14,000 കോടി രൂപ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. വിദേശമലയാളികള്‍ പെട്ടിയും കിടക്കയും എടുത്ത് നാട്ടിലേക്ക് ഊഴംകാത്ത് കഴിയുകയാണ്. ഇത്രയും സുരക്ഷിതരല്ലാതെ കഴിഞ്ഞുകൂടുന്ന പ്രവാസികളോട് ചിട്ടിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ എത്രപേരുണ്ടാകുമെന്നത് സംബന്ധിച്ച് സംശയമുണ്ട്. ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പലതും അവര്‍ക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ്. മാലിന്യ പ്ലാന്റുകള്‍, പ്ലാസ്റ്റിക് ശേഖരണം, തെരുവ് നായ പ്രശ്‌നം എന്നിവ ഉദാഹരണമാണ്. ബജറ്റില്‍ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റിയാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിരുവനന്തപുരം നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കില്‍ പകുതിയിലധികം സംഖ്യയും പാഴായി പോയിട്ടുണ്ടെന്ന് കാണാം. ഇപ്പോള്‍ കിട്ടിയ സ്ഥലത്ത് ലാന്‍ഡ് ഫില്ലിംഗ്, കുഴിച്ചുമൂടല്‍ എന്നിവയാണ് നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെഅവസാന കാലത്ത് എറണാകുളത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതേ രീതിയിലുള്ള പദ്ധതികള്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കുകയാണ് കേരളത്തിന് അനുയോജ്യം. മാലിന്യ സംസ്‌കരണ പ്ലാന്റുകളോ സ്വീവറേജ്, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളോ നഗരസഭകള്‍ക്ക് ഒറ്റക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ജല അതോറിറ്റി മാതൃകയില്‍ ഒരു അതോറിറ്റി ആരംഭിക്കണം. 2017-18ല്‍ 1028 കോടി രൂപ പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവ വഴി ലഭിക്കുന്നത് അടുത്ത 13 വര്‍ഷം കൊണ്ട് 94,881 കോടി രൂപയാകുമെന്നാണ് മന്ത്രി പറയുന്നത്. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്ന് മനസിലാകുന്നില്ല. ധനകാര്യവും കയറും കൈകാര്യം ചെയ്യുന്ന മന്ത്രി കേരള ജനതയെ കയര്‍ എടുപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കരുതെ എന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

chandrika: