X

യാത്രക്കാരുടെ പോക്കറ്റടിച്ച് 22 ശതമാനം വര്‍ധന; ബെംഗളൂരു- മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് കൂട്ടി

ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരു -മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാത അതോറിറ്റി. നിലവിലെ നിരക്കിനേക്കാള്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വര്‍ധന മരവിപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസം പിന്നിടുമ്പോഴാണ് നിരക്ക് വര്‍ധന വീണ്ടും നടപ്പിലാക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ എന്നീ വാഹനങ്ങള്‍ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നല്‍കേണ്ടിയിരുന്നത് ഇപ്പോള്‍ 165 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ നിരക്ക് 205 രൂപയില്‍ നിന്ന് 250 രൂപയാകും.ബസ് ഉള്‍പ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാന്‍ നേരത്തെ നല്‍കി വന്ന 460 രൂപ 565 രൂപയായും മടക്കയാത്രയ്ക്ക് നല്‍കേണ്ടിയിരുന്ന 690 രൂപ 850 രൂപയാക്കിയും ഉയര്‍ത്തിയാണ് ദേശീയ പാത അതോറിറ്റി പുതിയ നിരക്ക് പ്രഖ്യാപിച്ചത്.

ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75-90 മിനിറ്റായി ചുരുങ്ങുമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ നിലവില്‍ അതിവേഗ പാതയെയാണ് ആശ്രയിക്കുന്നത്. പാത ഉദ്ഘാടനം ചെയ്യും മുന്‍പേ ടോള്‍ നിരക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. യാത്രക്കാരുടെ കീശ കീറുന്ന ഉയര്‍ന്ന ടോള്‍ നിരക്ക് ചോദ്യംചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനയാണ് വീണ്ടും 22 ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതിലൂടെ ലഭിക്കുന്നത്.

അനുബന്ധ പാതകളുടെയും അടിപ്പാതകളുടെയും ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളുടെയും പണി പൂര്‍ത്തിയാക്കാതെയാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്. ഇപ്പോഴും പ്രദേശത്തെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമരത്തിലാണ്.

webdesk11: