ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന 27 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 22 പേരും തീവ്ര വലുതപക്ഷ വാദികള്‍. കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ കുപ്രസിദ്ധമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി, ഫ്രാന്‍സിന്റെ റാസെംബ്ല്‌മെന്റ് നാഷണല്‍ തുടങ്ങിയ പാര്‍ട്ടി പ്രതിധികളാണ് അംഗങ്ങള്‍.
തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ഫ്രാന്‍സിലെ റാസെംബ്ലെമെന്റ് പാര്‍ട്ടിയില്‍ നിന്നും പേര്‍, പോളണ്ടിലെ പ്രാവോ ഐ സ്പ്രാവിഡ്‌ലിവോയില്‍ നിന്നും അഞ്ച് പേര്‍, ബ്രിട്ടണിലെ ബ്രെക്‌സിറ്റ് പാര്‍ട്ടിയില്‍ നിന്നും നാലുപേര്‍, ഇറ്റലിയുടെ ലെഗ പാര്‍ട്ടി-ജര്‍മ്മനിയിലെ ഡച്ച്ഷ്‌ലാന്‍ഡില്‍-ചെക്ക് റിപ്പബ്ലിക്കിന്റെ കെഡിയു ഇഎസ്എല്‍-ബെല്‍ജിയത്തിന്റെ വ്‌ലാംസ് ബെലാങ്-സ്‌പെയിനിന്റെ വോക്‌സ് എന്നീ പാര്‍ട്ടികളില്‍ നിന്നും ഈരണ്ട് പേര്‍ എന്നിവരാണ് അംഗങ്ങള്‍. കുടിയേറ്റ വിരുദ്ധ നിലപാടിനും ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ക്കും പേരുകേട്ട രാഷ്ട്രീയ പാര്‍ട്ടികളാണിവ. യൂറോപ്യന്‍ പാര്‍ലമെന്റില്‍ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ പിന്തുണച്ച രണ്ട് പേര്‍ സന്ദര്‍ശക സംഘത്തിലുണ്ട്.
കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവി നിര്‍ത്തലാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്നു സ്ഥിതിഗതികളെക്കുറിച്ച് വാഷിങ്ടനില്‍ നടന്ന യുഎസ് കോണ്‍ഗ്രസ് യോഗത്തില്‍ ജനപ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം. ഞായറാഴ്ചയാണ് സംഘം ഇന്ത്യയിലെത്തിയത്.സന്ദര്‍ശനം അനൗദ്യോഗികമാണെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത മോദി പ്രദേശത്തിന്റെ വികസന- ഭരണ മുന്‍ഗണനകളെക്കുറിച്ചു വ്യക്തമായ വീക്ഷണം നല്‍കുന്നതിനു പുറമെ ജമ്മു കശ്മീര്‍, ലഡാക്ക് മേഖലയിലെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാന്‍ അവരെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. കശ്മീര്‍ നടപടിക്കു മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതില്‍ യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇന്ത്യന്‍ സര്‍ക്കാരുമായി ആശങ്ക ഉന്നയിച്ചിരുന്നെന്ന് യുഎസ് അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു.
അതേസമയം ജമ്മുകശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തിന് പ്രവേശനം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യന്‍ നേതാക്കള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് പ്രവേശനാനുമതി നല്‍കുകയും ചെയ്യുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനേയും ജനാധിപത്യത്തേയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ദേശീയതയുടെ പേരില്‍ നെഞ്ചിടിക്കുന്ന നേതാവ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ജമ്മുകശ്മിരിലേക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ യൂറോപ്യന്‍ പ്രതിനിധി സംഘത്തെ അനുവദിക്കുക വഴി എന്താണ് ദേശീയതയുടെ പേരില്‍ നെഞ്ചിടിക്കുന്ന നേതാവിന് ലഭിക്കുകയെന്നും ജയറാം രമേശ് ട്വീറ്ററില്‍ ചോദിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിന് ശേഷം മേഖലയിലെ സ്ഥിതിവിവരം അറിയുന്നതിന് വേണ്ടി 25 അംഗ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗ പ്രതിനിധി സംഘം ഇന്നാണ് കശ്മീരില്‍ സന്ദര്‍ശനത്തിനെത്തുന്നത്.
പ്രദേശത്തെ ജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് സംഘം അനുമതി തേടിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ ഇന്ത്യന്‍ നേതാക്കള്‍ സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടുമ്പോള്‍ യൂറോപ്യന്‍ പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി സ്വാഗതമോതുന്നു. എന്തു കൊണ്ടാണ് പലര്‍ക്ക് പല നിയമമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷേര്‍ഗില്‍ ചോദിച്ചു.
കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാനും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും ഇന്ത്യന്‍ അധികാരികളോട് അഭ്യര്‍ഥിച്ചതായും അവര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ സര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യുഎസ് നേരത്തേ സമ്മതിച്ചിരുന്നു. സ്ഥിതി സാധാരണ നിലയിലാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രം രാജ്യാന്തര സമൂഹത്തിന് ഉറപ്പു നല്‍കിയിരുന്നു.
ജനങ്ങളോടും പ്രാദേശിക മാധ്യമങ്ങളോടും ഡോക്ടര്‍മാരോടും സംസാരിക്കാന്‍ യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വീട്ടുതടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രത്യാശ പ്രകടിപ്പിച്ചു. ലോകം കശ്മീരിനുമേലെയുള്ള ഇരുമ്പ് തിരശീല ഉയര്‍ത്തുമെന്നും കശ്മീരിനെ പ്രക്ഷുബ്ധമാക്കിയതിനു കേന്ദ്ര സര്‍ക്കാരിനെ ഉത്തരവാദിയാക്കണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി ആഗസ്റ്റ് 4 രാത്രി മുതല്‍ താഴ്‌വരയില്‍ നിര്‍ത്തലാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഇത് കാര്യക്ഷമമല്ല. സുരക്ഷാ നടപടികളുടെ ഭാഗമായി 400 ലധികം രാഷ്ട്രീയ പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.
മെഹ്ബൂബയെ കൂടാതെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.