ഗസ്സ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രാഈല്‍-ഹമാസ് സംഘര്‍ഷത്തില്‍ 21 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. 2001ന് ശേഷം ഈ മേഖലയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാള്‍ അധികമാണ് 13 ദിവസത്തെ കണക്ക്. ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിലാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായത്.
ഒക്ടോബര്‍ 19 വരെയുള്ള കണക്ക് പ്രകാരം ഫലസ്തീന്‍, ഇസ്രാഈല്‍, ലബനന്‍ സ്വദേശികളായ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആഗോള മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് മാധ്യമപ്രവര്‍ത്തകരുടെ മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. സുപ്രധാന ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ഇത്തരത്തില്‍ ലക്ഷ്യംവെക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.