X

ഇന്ന് പറയുമോ; ലാലീഗയിലെ ഇന്നത്തെ അവസാന മല്‍സരത്തിന് മെസിയില്ല നായകന്‍ അര്‍ജന്റീനയിലെത്തി, ഇന്ന് ഒലെ പത്രവുമായി അഭിമുഖം

ബ്യുണസ് അയേഴ്‌സ്: ലിയോ മെസി ഇന്ന് മനസ് തുറക്കുന്നുണ്ട്. സ്വന്തം രാജ്യത്തെ ഒലെ എന്ന പത്രവുമായി. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ക്കായാണ്-എന്തായിരിക്കും അദ്ദേഹം പറയാന്‍ പോവുന്നത്..

ബാര്‍സിലോണക്കായി അദ്ദേഹം അവസാന മല്‍സരം കളിച്ചിരിക്കുന്നു എന്നാണ് ചില സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാലീഗയില്‍ ബാര്‍സയുടെ സാധ്യതകള്‍ അവസാനിച്ച സാഹചര്യത്തില്‍ നാളെ ഐബറിനെതിരെ നടക്കുന്ന അവസാന മല്‍സരത്തില്‍ നിന്നും മെസിക്ക് കോച്ച് റൊണാള്‍ഡ് കൂമാന്‍ അവധി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ സീസണില്‍ ഇനി അദ്ദേഹം ബാര്‍സ ജഴ്‌സി അണിയില്ല. അടുത്ത മാസം അദ്ദേഹവും ക്ലബും തമ്മിലുള്ള കരാര്‍ അവസാനിക്കും. അതോടെ മെസി ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന് സ്വയം തീരുമാനമെടുക്കാം. മെസിയുടെ കാര്യത്തില്‍ ക്ലബിന്റെ പുതിയ പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടെക്ക് താല്‍പ്പര്യമുണ്ട്.

പക്ഷേ നിലവിലെ സാമ്പത്തിക പ്രയാസത്തില്‍ വലിയ പ്രതിഫലത്തില്‍ അദ്ദേഹത്തെ എങ്ങനെ നിലനിര്‍ത്തുമെന്ന വലിയ ചോദ്യം മുന്നിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ശേഷം മെസിയെ നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ലപ്പോര്‍ട്ടെ ഇപ്പോള്‍ മൗനത്തിലാണ്. സെല്‍റ്റാ വിഗോക്കെതിരായ മല്‍സരത്തില്‍ ടീം തോറ്റപ്പോള്‍ അദ്ദേഹം രോഷാകുലനായിരുന്നു. ടീം അടിമുടി അഴിച്ച് പണിയുമെന്ന് പറയുകയും ചെയ്തതോടെ പലരും സമ്മര്‍ദ്ദത്തിലാണ്.

മെസിയുടെ കാര്യത്തില്‍ ബാര്‍സക്ക് ഏക പ്രതീക്ഷ സെര്‍ജി അഗ്യൂറോയുടെ വരവ് മാത്രമാണ്. അര്‍ജന്റീനക്കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാര്‍സയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മെസിയെ കണ്ടാണ് അഗ്യൂറോ വരുന്നത്. ഇവര്‍ നല്ല സുഹൃത്തുക്കളുമാണ്. ഇന്ന് നല്‍കുന്ന അഭിമുഖത്തില്‍ മെസി തന്റെ ഭാവി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. നാളെ ഐബറിനെതിരെ അവധി ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം വളരെ നേരത്തെ അര്‍ജന്റീനയിലേക്ക് പോവുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമിനെ നയിക്കുന്നത് മെസിയാണ്. ഇത്തവണ സ്വന്തം രാജ്യത്ത് നടക്കുന്ന ചാമ്പ്യന്‍ഷിപ്പായതിനാല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും നായകനെ തുണക്കില്ല. ഇത്തവണയും തോറ്റാല്‍ ദേശീയ ടീമില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെടാനും സാധ്യതയുണ്ട്.

Test User: